ശുദ്ധികലശം നടത്താന്‍ സുധാകരനെത്തുന്നു

Posted on: May 23, 2016 11:56 am | Last updated: May 23, 2016 at 11:56 am

g sudhakaranആലപ്പുഴ: മികച്ച സംഘാടകനും ട്രേഡ് യൂനിയന്‍ നേതാവുമായ ജി സുധാകരന്‍ 2011ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. കയര്‍, സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇടക്കാലത്ത് ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. കണ്‍സ്യൂമര്‍ഫെഡിനെ ജനകീയമാക്കുകയും കയര്‍മേഖലക്ക് ഉണര്‍വ് പകര്‍ന്ന കയര്‍മേളക്ക് തുടക്കം കുറിക്കുകയും ചെയ്ത സുധാകരന്‍ തന്റെ വകുപ്പുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ മന്ത്രിയെന്ന നിലയിലും അഴിമതിരഹിതനെന്ന നിലയിലും രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ അംഗീകാരം നേടിയയാളാണ്.

1967ല്‍ പഠനകാലത്ത് തന്നെ സി പി എം അംഗമായി. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു. 1971ല്‍ എസ് എഫ് ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണ്. അടിയന്തരാവസ്ഥക്കെതിരെ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മര്‍ദനവും അറസ്റ്റും, തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി മൂന്ന് മാസത്തെ ജയില്‍ വാസവും ഏറ്റുവാങ്ങി.
1984 മുതല്‍ ’95 വരെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. അഞ്ച് തവണ കേരള സര്‍വകലാശാലയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു.കായംകുളത്തുനിന്ന് 1996ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും സാധിച്ചു. ഒരേ മണ്ഡലത്തില്‍ ഹാട്രിക് വിജയം കരസ്ഥമാക്കിയാണ് സുധാകരന്‍ ഇത്തവണ നിയമസഭയിലെത്തുന്നത്. സി ഐ ടി യു ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
താമരക്കുളം പഞ്ചായത്ത് വേടരപ്ലാവ് വാര്‍ഡില്‍ നല്ലവീട്ടില്‍ പി ഗോപാലക്കുറുപ്പിന്റേയും എല്‍ പങ്കജാക്ഷിയുടേയും അഞ്ചു മക്കളില്‍ രണ്ടാമനായി 1946 നവംബര്‍ ഒന്നിന് ജനനം. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ് ഡി കോളജ് അധ്യാപികയാണ്. മകന്‍ നവനീത്.നിയമ ബിരുദധാരിയും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുള്ള ജി സുധാകരന്‍ അറിയപ്പെട്ട കവി കൂടിയാണ്.അദ്ദേഹത്തിന്റെ നിരവധി കവിതാ സമാഹരങ്ങളും പുസ്തകങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.സഹകരണ പുസ്തകപ്രസാധകരായ എന്‍ ബി എസിനെ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുത്തത് ജി സുധാകരനാണ്.
പിണറായി മന്ത്രിസഭയില്‍ സുധാകരന് പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിക്കുകയെന്നറിയുന്നു. അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ കടുത്ത നിലപാട് തിരിച്ചറിഞ്ഞിട്ടുള്ള പിണറായി തന്റെ വിശ്വസ്തരുടെ ഗണത്തിലാണ് സുധാകരനെ പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് അഴിമതിക്ക് പേരു കേട്ട വകുപ്പില്‍ ശുദ്ധികലശം നടത്താന്‍ സുധാകരനെ തന്നെ പിണറായി നിയോഗിച്ചിരിക്കുന്നതെന്ന് വേണം കരുതാന്‍.

ALSO READ  വിശ്രമ കേന്ദ്രത്തിന് ഭൂമി: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്‍