കെ ടി ജലീലും ജെ മേഴ്‌സികുട്ടിയമ്മയും മന്ത്രിസഭയില്‍; പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും

Posted on: May 22, 2016 2:11 pm | Last updated: May 23, 2016 at 11:26 am

ministers

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ 19 അംഗങ്ങള്‍ മതിയെന്ന തീരുമാനം ഞായറാഴ്ച ചേര്‍ന്ന എല്‍ ഡി എഫ് യോഗം അംഗീകരിച്ചു. 12 പേര്‍ സി പി എമ്മില്‍ നിന്നും നാല് പേര്‍ സി പി ഐയില്‍ നിന്നും മന്ത്രിമാരാകും. ജനതാദള്‍ എസ്, എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രി പദവി നല്‍കും. സ്പീക്കര്‍ പദവി സി പി എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവി സി പി ഐക്കുമായിരിക്കും. മന്ത്രിമാര്‍ ആരെല്ലാം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന ഇരുപാര്‍ട്ടികളുടെയും യോഗം അന്തിമമായി തീരുമാനിക്കും. തുടര്‍ന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മൂന്ന് മുന്‍മന്ത്രിമാരും എട്ട് പുതുമുഖങ്ങളും അടങ്ങുന്നതാണ് സി പി എം മന്ത്രിമാര്‍. രണ്ടു മന്ത്രി പദവികള്‍ വനിതകള്‍ക്ക് നല്‍കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഡോ. ടി എം തോമസ് ഐസക്ക് (ആലപ്പുഴ), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), എ കെ ബാലന്‍ ( തരൂര്‍) ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), കെ കെ ശൈലജ (കൂത്തുപറമ്പ്) എന്നിവരാണ് മന്ത്രിമാരാകുന്നത്. ജി സുധാകരന്‍ (അമ്പലപ്പുഴ), എ സി മൊയ്തീന്‍ (കുന്നംകുളം), കടകംപള്ളിസുരേന്ദ്രന്‍ (കഴക്കൂട്ടം), പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്) ജെ മെഴ്‌സികുട്ടിയമ്മ (കുണ്ടറ) സി പി എം സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ (തവനൂര്‍) എന്നിവരാണ് സി പി എമ്മില്‍ നിന്ന് മന്ത്രിമാരാകുക. പൊന്നാനിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണനാകും സ്പീക്കര്‍. കെ സുരേഷ്‌കുറുപ്പിന്റെ പേരും ഈ പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നു.

സാധ്യത പട്ടികയില്‍ ഉണ്ടായിരുന്ന സെക്രട്ടേറിയറ്റ് അംഗമായ എം എം മണിയെയും സംസ്ഥാന കമ്മറ്റിയംഗവും മുന്‍മന്ത്രിയുമായ എസ് ശര്‍മയെയും ഒഴിവാക്കിയതാണ് ശ്രദ്ധേയം. വി എസ് പക്ഷക്കാരനായ ശര്‍മ്മയെ ഒഴിവാക്കിയപ്പോള്‍ വി എസിനോട് അടുപ്പം പുലര്‍ത്തുന്ന ജെ മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഡോ. ടി എം തോമസ് ഐസക്ക്, എ കെ ബാലന്‍, ജി സുധാകരന്‍ എന്നിവര്‍ കഴിഞ്ഞ വി എസ് മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.

സി പി ഐമന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും അവര്‍ ഇന്ന് തിരഞ്ഞെടുക്കും. നാല് പുതുമുഖങ്ങളെ മന്ത്രിയാക്കുകയെന്ന നിര്‍ദേശമാണ് സി പി ഐ സജീവമായി പരിഗണിക്കുന്നത്. അങ്ങിനെ വന്നാല്‍ വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു അല്ലെങ്കില്‍ ഇ എസ് ബിജിമോള്‍ എന്നിവര്‍ മന്ത്രിസഭയിലെത്തും. ഇവരില്‍ ഒരാള്‍ തന്നെയാകും ഡെപ്യൂട്ടി സ്പീക്കര്‍.

എന്‍ സി പിയുടെ മന്ത്രിയെ ചൊല്ലി പാര്‍ട്ടിക്കുള്ളിലെ വടംവലി രൂക്ഷമായി. തോമസ്ചാണ്ടിയും എ കെ ശശീന്ദ്രനും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ തീരുമാനം ദേശീയ പ്രസിഡന്റ് ശരത്പവാറിന് വിട്ടു.

ജനതാദള്‍ എസില്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും മന്ത്രിമാരാകാന്‍ രംഗത്തുണ്ട്. ദേശീയനേതാക്കളുടെ നിലപാട് കൂടി പരിഗണിച്ചാകും അവരുടെയും തീരുമാനം. കോണ്‍ഗ്രസില്‍ എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ മാത്രമായതിനാല്‍ അദ്ദേഹം മന്ത്രിസഭയിലെത്തും.