Connect with us

Kannur

രാഷ്ട്രീയ കരുത്തോടെ അമരത്തേക്ക്...

Published

|

Last Updated

കണ്ണൂര്‍: കാല്‍ നൂറ്റാണ്ടിന് ശേഷം പാര്‍ലിമെന്റെറി രംഗത്തേക്ക് മടങ്ങിയെത്തിയ പിണറായി വിജയന്‍ ശക്തമായ രാഷ്ട്രീയ കരുത്ത് നേടിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. പാര്‍ട്ടിയില്‍ വ്യക്തമായ ആധിപത്യം നേടിയും മത്സരിച്ച മണ്ഡലത്തില്‍ വ്യക്തമായ ജനസമ്മതി കരസ്ഥമാക്കിയുമാണ് പിണറായി സംസ്ഥാനഭരണത്തിന്റെ അമരത്തെത്തുന്നത്. ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങവേ തന്നെ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന കണ്ണൂരിലെ പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങള്‍ നല്‍കാമെന്ന പാര്‍ട്ടിയുടെ നിര്‍ദേശത്തിന്‌വഴങ്ങാതെ ജന്മനാട് തന്നെ തിരഞ്ഞെടുക്കാന്‍ പിണറായി തീരുമാനിക്കുകയായിരുന്നു.
ചരിത്രത്തിലിതുവരെയില്ലാത്ത വന്‍ ഭൂരിപക്ഷമാണ് ജന്മനാട് പിണറായിക്ക് നല്‍കിയത്. കോണ്‍ഗ്രസ്സിലെ മമ്പറം ദിവാകരനെ 36905 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി 87329വോട്ടു നേടിയാണ് പിണറായി ഒരിക്കല്‍ക്കൂടി തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ കല്യാശേരി മണ്ഡലങ്ങള്‍പോലെ സി പി എമ്മിനു മൃഗീയാധിപത്യമുള്ള മണ്ഡലമല്ലായിരുന്നിട്ടു കൂടി പിണറായി ജയിച്ചു കയറിയത് നല്ല ജനപിന്തുണയോടെയാണെന്ന് ധര്‍മടത്തെ വോട്ടിംഗ് നില വ്യക്തമാക്കുന്നു.
ധര്‍മടത്തെ കന്നിയങ്കത്തില്‍ ജയിച്ച സി പി എമ്മിലെ കെ കെ നാരായണന്‍ 15,162 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരുന്നതെങ്കില്‍ അതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് മണ്ഡലം പിണറായിക്ക് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി പി കെ ശ്രീമതിക്കും ധര്‍മടത്ത് 14,961 വോട്ടിന്റെ മാത്രമാണ് ലീഡുണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ലീഡ് 30,337 വോട്ടായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഈ വോട്ടിനെക്കാളും കൂടുതലാണ് പിണറായിക്ക് ഭൂരിപക്ഷം കിട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആകെ 1,62,161 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇക്കുറി 1,79,416 ആയി വര്‍ധിച്ചിരുന്നു. പുതിയ വോട്ടുകളേറെയും പിണറായിക്ക് ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൂത്തുപറമ്പില്‍ നിന്ന് മൂന്ന് തവണയും പയ്യന്നൂരില്‍ നിന്ന് ഒരു തവണയും നിയമസഭയിലെത്തിയ പിണറായിയുടെ അഞ്ചാം മത്സരമായിരുന്നു ഇത്. ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പിണറായി വിജയന്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഇടതുനേതാക്കളും ഇവിടെ പ്രചരണം നടത്താനെത്തി.കേരളത്തിലേറ്റവും കൂടുതല്‍ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമക്കാരുമെല്ലാം ഈ മണ്ഡലത്തില്‍ തന്നെയാണ് പ്രചാരണത്തിനെത്തിയിരുന്നത്.