വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തിയ ആളെ വെടിവെച്ചിട്ടു

Posted on: May 21, 2016 9:21 am | Last updated: May 21, 2016 at 9:21 am

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം തോക്കുമായെത്തിയ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു. തോക്ക് താഴെയിടാനുള്ള നിര്‍ദേശം ഇയാള്‍ അനുസരിക്കാതെ വന്നതോടെയാണ് വെടിവെച്ചു കീഴ്‌പ്പെടുത്തിയത്. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഇയാളുടെ ആരോഗ്യനിലയെ കുറിച്ച് അറിവായിട്ടില്ല.

വൈറ്റ് ഹൗസിന് സമീപമുള്ള ഇ സ്ട്രീറ്റ് ചെക്ക് പോസ്റ്റിലാണ് ഇയാള്‍ എത്തിയത്. സംഭവസമയം പ്രസിഡന്റ് ബരാക് ഒബാമ ഗോള്‍ഫ് കളിക്കാനായി ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ആസ്ഥാനത്ത് പോയിരിക്കുകയായിരുന്നു. എന്നാല്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.