Connect with us

Editorial

കേന്ദ്ര പദ്ധതി: മാനദണ്ഡമാറ്റവും കേരളവും

Published

|

Last Updated

പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡമായി സാമ്പത്തിക, സാമൂഹിക, ജാതി സെന്‍സസ് (എസ് ഇ സി സി ഡാറ്റ) അംഗീകരിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ച ദാരിദ്ര്യ രേഖയായിരുന്നു മാനദണ്ഡം. പ്രധാനമന്ത്രിയുടെ ആവാസ് യോജനക്കാണ് (പി എം എ വൈ) ആദ്യമായി എസ് ഇ സി സി ഡാറ്റ മാനദണ്ഡമാക്കുന്നത്. 2022-ാടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് കോടി വീടുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. നേരത്തെ ഒരു വീടിന് 70,000 രൂപ ധനസഹായമാണ് നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം മുതല്‍ 1,20,000 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ്, ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ്, രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍ എസ് ബി വൈ) വാര്‍ധക്യ കാല പെന്‍ഷന്‍, വിവിധ ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങി ക്രമേണ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന എല്ലാ പദ്ധതികള്‍ക്കും എസ് ഇ സി സി ഡാറ്റ മാനദണ്ഡമാക്കുമെന്നാണ് സൂചന.
മാനദണ്ഡമാറ്റം ഉത്തര്‍ പ്രദേശ്, ബീഹാര്‍, പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിശിഷ്യാ കൈവരിച്ച നേട്ടമാണ് കാരണം. ഇതുവരെ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ച ടെന്‍ഡുക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇതനുസരിച്ചു കേരളത്തില്‍ 30 ശതമാനത്തോളം പേര്‍ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യത്തിന് അര്‍ഹരായിരുന്നു. എസ് ഇ സി സി ഡാറ്റ മാനദണ്ഡമാക്കിയാല്‍ കേരളത്തില്‍ അര്‍ഹരായ കുടുംബങ്ങളുടെ എണ്ണം നിലവിലുള്ളതിന്റെ മൂന്നിലൊന്നായി ചുരുങ്ങും. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതവും ഇതനുസരിച്ചു കുറയും.
അതേസമയം സാമ്പത്തിക, സാമൂഹിക മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ആധാരമായ ഘടകങ്ങള്‍ ഒന്നൊന്നായി അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ മികവോ കേന്ദ്ര പദ്ധതികളോ സഹായങ്ങളോ അല്ല, പ്രവാസമാണ് മുഖ്യമായും കേരളത്തിന്റെ പുരോഗതിക്ക് ഊര്‍ജം പകര്‍ന്നിരുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 31. 23 ശതമാനമാണ് പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നത്. സ്വദേശിവത്കരണം ശക്തിപ്പെട്ടതോടെ ഗള്‍ഫ് നാടുകളില്‍ വിദേശിയരുടെ തൊഴില്‍ സാധ്യത ഗണ്യമായി കുറയുകയും നിലവില്‍ ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്നവര്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയുമാണ്. അടുത്ത ഏതാനും വര്‍ഷത്തിനകം കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ വളര്‍ച്ചാ നിരക്ക് പൂജ്യം ശതമാനമാകുമെന്നും ഇനി വരാനിരിക്കുന്നത് പ്രവാസി കേരളീയരുടെ തിരിച്ചു വരവിന്റെ ദിനങ്ങളായിരിക്കുമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റിന്റെ കേരള മൈഗ്രേഷന്‍ സര്‍വേ- 2011 വിലയിരുത്തിയിരുന്നു. ഇതിന്റെ പുലര്‍ച്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2003 മുതല്‍ 2008 വരെ വിദേശ കുടിയേറ്റത്തില്‍ 73 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ 2008 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ വര്‍ധന 25 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടിയേറ്റം നാമമാത്രമാണ്. എണ്ണയുടെ വിലയിടിവിനെയും ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണത്തെയും തുടര്‍ന്ന് അത് ഏറെക്കുറെ നിലച്ച മട്ടാണ്. ചില വിദഗ്ധ മേഖലകളിലേക്ക് ചുരുക്കം പേര്‍ മാത്രമാണ് ഇപ്പോള്‍ കയറിപ്പോകുന്നത്.
ഇത് സംസ്ഥാനത്തേക്ക് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുത്തനെ ഇടിയുമെന്ന് മാത്രമല്ല, തൊഴില്‍രഹിതരുടെ എണ്ണം കുത്തനെ ഉയരാന്‍ ഇടയാക്കുകയും ചെയ്യും. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് മലയാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളില്‍ വന്‍ പുരോഗതി സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും അത് പ്രത്യുത്പാദന രംഗത്തേക്ക് തിരിച്ചു വിടുന്നതിന് പ്രവാസികളോ സര്‍ക്കാറോ ശ്രദ്ധിച്ചതുമില്ല. പ്രവാസികളുടെ പണം ഒരേ സമയം അവര്‍ക്കും നാടിനും ഉപകാരപ്പെടുന്ന വിധം വിനിയോഗിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രം മാറ്റം വരുത്തുന്നത് കേരളത്തെ തളര്‍ത്തും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതി, സാക്ഷരതയിലെ ഉയര്‍ന്ന നേട്ടം ജീവിത നിലവാരത്തിലെ ഔന്നത്യം തുടങ്ങിയവ കേരളത്തെ ദേശീയ നിലവാരത്തില്‍ ശ്രദ്ധേയമാക്കുകയും കേരള മോഡല്‍ വികസനം എന്ന ഒരു പ്രയോഗം തന്നെ ഉയര്‍ന്നു വരാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളില്‍ നല്ലൊരു വിഭാഗത്തിന്റെയും ഗതി ഇപ്പോഴും പരമദയനീയമാണ്. സര്‍ക്കാര്‍ ധനസഹായം, സാമൂഹിക മുന്നേറ്റം, ശരാശരി ആളോഹരി വരുമാനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകുമ്പോള്‍ ഇവരില്‍ നല്ലൊരു വിഭാഗം പുറത്തു പോകും. സര്‍ക്കാറേതരവും താത്കാലികവുമായ ചില ഘടകങ്ങളെ ആധാരമാക്കിയുള്ള മുന്നേറ്റം സ്ഥായിയായ വളര്‍ച്ചയായി പരിഗണിക്കാവതല്ല.

Latest