താനൂര്‍ പിടിച്ചെടുക്കാന്‍ വി അബ്ദുര്‍റഹ്മാന്‍

Posted on: May 14, 2016 11:38 am | Last updated: May 14, 2016 at 11:38 am
SHARE

13100791_1740562692857217_1786427479135446710_nതാനൂര്‍: മണ്ഡലത്തില്‍ യു ഡി എഫിന്റെ 60 വര്‍ഷത്തെ കുത്തക തകര്‍ക്കാനാവുമെന്ന വര്‍ധിത പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനും ഇടതുമുന്നണിയും. എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ സ്വതന്ത്രരും അപരന്‍മാരും ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം കൊഴുപ്പു കൂട്ടി കൊണ്ടിരിക്കയാണ്. 10 വര്‍ഷം തുടര്‍ച്ചയായി സഭയില്‍ താനൂരിനെ പ്രതിനിധാനം ചെയ്ത അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. മലപ്പുറം ജില്ലയില്‍ ഇടതിന് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലം എന്ന നിലയില്‍ താനൂരിലെ പോരാട്ടത്തിന് പ്രാധാന്യമേറെയാണ്. ഇടതു മുന്‍തൂക്കം മറികടക്കാന്‍ യു ഡി എഫ് ബി ജെ പി വോട്ടുകള്‍ പതിച്ചു വാങ്ങാന്‍ അണിയറയില്‍ ധാരണയാക്കിയിട്ടുണ്ടെന്ന് വരെ മണ്ഡലത്തില്‍ സംസാരമുണ്ട്. ഇതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും ആര്‍ എസ് എസിനേയും ബി ജെ പി യെയും എതിര്‍ക്കാന്‍ യു ഡി എഫ് വൈമനസ്യം കാണിക്കുന്നതായാണ് ആരോപണം. താനൂര്‍ നിയോജക മണ്ഡലത്തില്‍ ബി ജെ പിക്ക് പതിനയ്യായിരത്തോളം വോട്ടുകളാണുള്ളത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ട് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ബി ജെപിയുടെ അവകാശവാദം. രണ്ട് മാസം മുമ്പ് കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയില്‍ ഒരു ആര്‍ എസ് എസ് നേതാവിനെ ഷാളണിയിച്ചു ആദരിച്ചത്് ബി ജെ പി- മുസ്‌ലിം ലീഗ് ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എല്‍ ഡി എഫ് ആരോപിക്കുന്നു.
വര്‍ഗീയ ഫാസിസ്റ്റുകളോട് കൂട്ടുകൂടുകയില്ലെന്ന് പറയുകയും എന്നാല്‍ രഹസ്യവും പരസ്യവുമായ ധാരണകളുണ്ടാക്കി വോട്ടു നേടുകയുമാണ് മുസ്‌ലിം ലീഗ് ചെയ്യുന്നതെന്നും എല്‍ ഡി എഫ് ആരോപിക്കുന്നു. യു ഡി എഫിലെ പടലപ്പിണക്കത്തിലും ഇടതുപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പിണക്കം മണ്ഡലത്തിലും പ്രകടമാണ്. പൊന്‍മുണ്ടം, ചെറിയമുണ്ടം, താനാളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ഒരു വലിയ വിഭാഗം കോണ്‍ഗ്രസുകാരും വി അബ്ദുര്‍റഹ്മാന് വേണ്ടി പരസ്യമായി തന്നെ പ്രചാരണത്തിലിറങ്ങിക്കഴിഞ്ഞു. വി അബ്ദുര്‍റഹിമാന് താനൂരില്‍ മാത്രം ലഭിച്ച വര്‍ധിത പിന്തുണ അദ്ദേഹത്തിന് നിയമസഭയിലേക്കുള്ള കവാടം തുറക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍.