Connect with us

Articles

ഉദുമ ചര്‍ച്ചയാകുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍

Published

|

Last Updated

തിരഞ്ഞെടുപ്പായാല്‍ പിന്നെ എന്തുമാകാം എന്നാണ് പൊതുവെ രാഷ്ട്രീയ നേതാക്കളുടെ ഒരു രീതി. എതിര്‍പക്ഷത്തിനെതിരെ അസത്യങ്ങളും അര്‍ഥ സത്യങ്ങളും എയ്തുവിടാം. ഇത്തവണയും കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയാണ്.
ഉദുമയില്‍ ബി ജെ പി നേതാവായിരുന്ന കെ ജി മാരാഷെ സി പി എം പിന്തുണച്ചത് യു ഡി എഫ് ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചുവരികയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ആരോപണത്തിന് തുടക്കമിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം 1977ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ജി മാരാര്‍ സി പി എം പിന്തുണയോടെ കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ മത്സരിച്ചിരുന്നു എന്നത് ശരിയാണ്. സി പി എം മാത്രമല്ല, മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതിനിധാനം ചെയ്തിരുന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും അന്ന് മാരാര്‍ക്കും മാരാരുടെ പാര്‍ട്ടിക്കും പിന്തുണ നല്‍കിയിരുന്നു. അതുപോലെ പിന്തുണ തിരിച്ചും ലഭിച്ചിരുന്നു.
കെ ജി മാരാര്‍ ബി ജെ പിയുടെയും അതിന്റെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും സംസ്ഥാന അധ്യക്ഷനും കാര്യദര്‍ശിയുമായിരുന്നു എന്നത് ശരിയാണ്. എന്നാല്‍, 1977ലെ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സംഘടനകളും രംഗത്തുണ്ടായിരുന്നില്ല. ബി ജെ പി രൂപവത്കരിക്കപ്പെട്ടത് 1977ന് ശേഷമാണ്. മാരാര്‍ മത്സരിച്ചിരുന്നത് ബി എല്‍ ഡി രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലുമായിരുന്നു. സി പി എമ്മും അഖിലേന്ത്യാ മുസ്‌ലിം ലീഗും ഉള്‍പ്പെട്ട കേരളത്തിലെ അന്നത്തെ പ്രതിപക്ഷ മുന്നണി ബി എല്‍ ഡിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.
1975ല്‍ രാജ്യത്ത് നടപ്പിലാക്കിയ അടിയന്തിരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബദല്‍ രാഷ്ട്രീയ പ്രസ്ഥാനമായ ജനതാ പാര്‍ട്ടി 1977ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത് ബി എല്‍ ഡി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലുമായിരുന്നു.
ജനസംഘം, സംഘടനാ കോണ്‍ഗ്രസ് തുടങ്ങിയ ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിച്ചുവിട്ട് ഒന്നായി ചേര്‍ന്ന പാര്‍ട്ടിയാണ് ജനതാ പാര്‍ട്ടി. പൊതുചിഹ്നത്തിന്റെ സൗകര്യാര്‍ഥം ജനതാ പാര്‍ട്ടിക്ക് പകരം ലയിച്ച പാര്‍ട്ടികളില്‍ ഒന്നായ ചരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബി എല്‍ ഡി(ഭാരതീയ ലോക്ദള്‍)യുടെ പേരിലാണ് ജനതാ പാര്‍ട്ടി അന്ന് മത്സരിച്ചത്.
ഉദുമ ഉള്‍പ്പെടെ 25 ഓളം നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് അന്ന് കേരളത്തില്‍ ജനതാപാര്‍ട്ടി മത്സരിച്ചിരുന്നത്. കെ ജി മാരാര്‍ക്ക് പുറമെ എം പി വീരേന്ദ്ര കുമാര്‍, കെ ചന്ദ്രശേഖരന്‍, അലക്‌സാണ്ടര്‍ പറമ്പിത്തറ, എസ് എം നൂഹ് , പി എ ഹാരിസ് തുടങ്ങിയവരും ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥികളായിരുന്നു. ഉദുമയിലെ ഇന്നത്തെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ അന്ന് ജനതാ പാര്‍ട്ടിയുടെ യുവ നേതാവായിരുന്നു. വടകര(അരങ്ങില്‍ ശ്രീധരന്‍) കോഴിക്കോട്(എം കമലം), തിരുവനന്തപരം (പി വിശ്വംഭരന്‍) എന്നീ ലേക്‌സഭാ മണ്ഡലങ്ങളിലാണ് ജനതാ പാര്‍ട്ടി മത്സരിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജനതാ പാര്‍ട്ടിയുടെ വി സി ചെറിയാനാണ്.
ഇടതു മുന്നണി സഖ്യകക്ഷിയായ അഖിലേന്ത്യാ മുസ്‌ലിം ലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍ തിരുവമ്പാടിയില്‍ നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ സിറിയക് ജോണിനെയാണ് അദ്ദേഹം നേരിട്ടത്. ബി എം അബ്ദുര്‍റഹ്മാന്‍ (കാസര്‍കോട്), പി വി സി മൂസ (എടക്കാട്), എ വി അബ്ദുര്‍റഹ്മാന്‍ ഹാജി (മേപ്പയ്യൂര്‍), പി എം അബൂബക്കര്‍ (കോഴിക്കോട്-2), കെ മൊയ്തീന്‍ കുട്ടി എന്ന ബാവഹാജി(തിരൂര്‍) തുടങ്ങിയവര്‍ അഖിലേന്ത്യാ ലീഗിന് വേണ്ടി മത്സരിച്ചു. ഇതില്‍ പി പി വി മൂസയും പി എം അബൂബക്കറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരാമര്‍ശിക്കപ്പെട്ടെ കെ ജി മാരാര്‍ ഉദുമയില്‍ എതിര്‍സ്ഥാനാര്‍ഥി എന്‍ കെ ബാലകൃഷ്ണനോട് 3545 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
അഖിലേന്ത്യാ ലീഗിന്റെ ഇടതുപക്ഷ കൂട്ടുകെട്ടിനെ മുസ്‌ലിം ലീഗടക്കമുള്ള ഭരണപക്ഷ പാര്‍ട്ടികള്‍ ഹിന്ദു വര്‍ഗീയ പാര്‍ട്ടികളുമായുള്ള കൂട്ടുകെട്ടായി അന്ന് തന്നെ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധമായി വിവാദമായ ഒരു കാര്‍ട്ടൂണ്‍ അന്ന് ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. “വിശക്കുമ്പോള്‍ പന്നിയിറച്ചി ഹലാല്‍” എന്ന അടിക്കുറിപ്പോടെ ഉമര്‍ ബാഫഖി തങ്ങളെക്കൊണ്ട് ഇ എം എസ് പന്നിയിറച്ചി തീറ്റിക്കുന്ന രീതിയിലായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍. ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് ആ കാര്‍ട്ടൂണിനെതിരെ രംഗത്ത് വരികയുണ്ടായി.