ശമ്പള പ്രശ്‌നം പരിഹരിക്കുമെന്ന് ബിന്‍ലാദന്‍ ഗ്രൂപ്പ് ഉറപ്പ് നല്‍കി: സഊദി തൊഴില്‍ മന്ത്രി

Posted on: May 5, 2016 12:05 pm | Last updated: May 5, 2016 at 12:05 pm

laboursറിയാദ്: ശമ്പളപ്രശ്‌നം പരിഹരിക്കുമെന്ന് ബില്‍ലാദന്‍ ഗ്രൂപ്പ് ഉറപ്പുനല്‍കിയതായി സഊദി തൊഴില്‍ മന്ത്രി മുഫര്‍റിജ് അല്‍ ഹഖ്ബാനി വ്യക്തമാക്കി. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയതായി റിയാദില്‍ നടന്ന സമ്മേളനത്തിനിടെ മന്ത്രി അറിയിച്ചു.
വിദേശ തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. ശമ്പള വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്ക് കിട്ടാനുള്ള കൂലി ലഭ്യമാക്കുന്നതില്‍ ഭരണകൂടം മുന്തിയ പരിഗണന നല്‍കും. ഇത്തരത്തില്‍ ഏതെങ്കിലും കമ്പനികള്‍ അനാസ്ഥ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധകര്‍ നോട്ടീസയക്കുമെന്നും മന്ത്രി മുഫര്‍റിജ് അല്‍ ഹഖ്ബാനി പറഞ്ഞു. തൊഴിലാളികള്‍ രാജ്യം വിട്ടുപോയാലും അവര്‍ക്ക് കിട്ടേണ്ട കൂലി നഷ്ടപ്പെട്ടുപോകില്ല. അവരുടെ കൂലി കിട്ടിയെന്ന് ഉറപ്പാക്കുന്നതുവരെ തൊഴില്‍ മന്ത്രാലയം ശ്രമം തുടരും.
അതേസമയം, ഇത്തരം പ്രശ്‌നങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്ര തൊഴിലാളികളാണ് പ്രയാസം നേരിടുന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.