പൊളിഞ്ഞു വീഴട്ടെ അഴിമതിയുടെ സമുച്ചയം

Posted on: May 1, 2016 12:54 pm | Last updated: May 1, 2016 at 12:54 pm

ഉന്നതങ്ങളിലെ അഴിമതിക്കെതിരായ ജുഡീഷ്യറിയുടെ ശക്തമായ താക്കീതാണ് മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ഫഌറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ബോംബെ ഹൈക്കോടതി വിധി. പരിസ്ഥിതി അനുമതിയില്ലാത്തെ നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ 2011 നവംബര്‍ ആറിന് പരിസ്ഥിതി മന്ത്രാലയം ഉത്തരവ് ഇറക്കിയതാണ്. ഈ വിധിക്കെതിരെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് മന്ത്രാലയത്തിന്റെ നിലപാട് ശരിവെക്കുകയായിരുന്നു കോടതി. ഫ്‌ളാറ്റിന് തീരദേശ സംരക്ഷണ വിഭാഗത്തിന്റെ അനുമതിയുമുണ്ടായിരുന്നില്ല. കെട്ടിടം അഴിമതിയുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ട കോടതി. ആദര്‍ശ് അഴിമതിയില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വീകരിക്കാനും സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാറിന് ഹൈക്കോടതി 12 ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്ക് ആറ് നിലകളുള്ള ഫഌറ്റ് നിര്‍മിക്കാനാവശ്യമായി മാറ്റി വെച്ച സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്നാണ് 31 നില ആദര്‍ശ് ഫഌറ്റ് സമുച്ചയം നിര്‍മിച്ചത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിയമ ലംഘനം നടന്ന വിവരം 2010ല്‍ ചില മാധ്യമങ്ങളാണ് ആദ്യമായി പുറത്ത് കൊണ്ട് വന്നത്. ഭരണ രംഗത്തെയും സൈനിക, ഉദ്യോഗസ്ഥ മേഖലയിലെയും ചില ഉന്നതരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് ഫഌറ്റ് നിര്‍മാണത്തിന് പിന്നിലെന്ന് പിന്നീട് ബോധ്യപ്പെട്ടു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, വിലാസ്‌റാവു ദേശ്മുഖ്, ശിവാജി റാവു നിലേങ്കക്കര്‍, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെയും അമേരിക്കയില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയടക്കം പല ഉദ്യോഗസ്ഥ പ്രമുഖരുടെയും പേരുകള്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. സമുച്ചയത്തിലെ ഫഌറ്റുകളില്‍ പലതും ഇവര്‍ കൈപ്പറ്റിയ വിവരവും പുറത്തു വന്നു. 103 ഫഌറ്റുകളില്‍ 30 എണ്ണം ബിനാമി പേരുകളിലാണ് ഇവരില്‍ പലരും കൈവശപ്പെടുത്തിയത്. ബന്ധുക്കളുടെ പേരില്‍ ഫഌറ്റുകള്‍ സ്വന്തമാക്കിയതായി തെളിഞ്ഞതോടെ അശോക് ചവാന് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി. ചവാന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് കെട്ടിട നിര്‍മാണത്തിന്റെ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് അനധികൃതമായി ഫഌറ്റുകള്‍ അനുവദിച്ചിരുന്നതായും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2012 ജൂലൈയിലാണ് സി ബി ഐ കുറ്റപത്രം നല്‍കിയത്.
സൗത്ത് മുംബൈയിലെ കൊളാബയിലെ നാവിക കേന്ദ്രത്തിന് 200 മീറ്റര്‍ ദൂരപരിധിയിലാണ് ആദര്‍ശ് ഫഌറ്റ്. കെട്ടിടത്തിന്റ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് നാവിക കേന്ദ്രം വ്യക്തമായി കാണാമെന്നതിനാല്‍, കെട്ടിട സമുച്ചയം സൈനിക കേന്ദ്രത്തിന് നേരെയുള്ള തീവ്രവാദി ആക്രമണത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പല തവണ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് അവഗണിച്ചാണ് 30 മീറ്റര്‍ മാത്രം ഉയരമുള്ള കെട്ടിടത്തിന് അനുമതിയുള്ള സ്ഥലത്ത് 100 മീറ്റര്‍ ഉയരത്തില്‍ ഫഌറ്റ് സമുച്ചയം പണിതത്. 600 മുതല്‍ 100വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള 104 ഫഌറ്റുകളാണ് കെട്ടിടത്തിലുള്ളത്.
സംഭവം ദേശീയതലത്തില്‍ വന്‍ വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിലെയുും എന്‍ സി പിയിലെയും പ്രമുഖരുടെ പേരുകള്‍ സ്ഥലം പിടിച്ചതിനാല്‍ മഹാരാഷ്ട്ര നിയമസഭ റിപ്പോര്‍ട്ട് തുടക്കത്തില്‍ പൂര്‍ണമായും തള്ളുകയാണുണ്ടായത്. റിപ്പോര്‍ട്ടില്‍ പേര്‍ പരാമര്‍ശിക്കപ്പെട്ട ഉന്നതരെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐ, ഗവര്‍ണറുടെ അനുമതി തേടിയപ്പോഴും അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അനുമതി നല്‍കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്ത് വന്നതോടെയാണ് റിപ്പോര്‍ട്ട് പിന്നീട് നിയമസഭ ഭാഗികമായി അംഗീകരിച്ചത്.
ആദര്‍ശ് അഴിമതി മാത്രമല്ല, ടെലികോം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം വീതംവെക്കല്‍ തുടങ്ങി നിരവധി അഴിമതിക്കഥകളും ഇക്കാലയളവില്‍ പുറത്ത് വരികയുണ്ടായി. വിദേശ ബേങ്കുകളിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടതും ഈ ഘട്ടത്തിലായിരുന്നു. അഴിമതിയിലൂടെ സമ്പാദിക്കുന്ന കോടികള്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും അധികൃതരുടെ കണ്ണ് വെട്ടിച്ചോ അവരുടെ ഒത്താശയോടെ തന്നെയോ സ്വിസ് ബേങ്കുകളിലേക്ക് കടത്തുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും നിയമ നടപടികളെടുക്കാതെയും അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ചു കുറ്റപത്രങ്ങള്‍ തിരുത്തിയെഴുതിച്ചും പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു ഭരണ നേതൃത്വങ്ങള്‍. രാജ്യത്ത് അഴിമതി തഴച്ചു വളരാനുള്ള പ്രധാന കാരണവുമിതാണ്. നീതിപീഠങ്ങള്‍ സ്വീകരിച്ച കര്‍ശന നിലപാടുകളാണ് ചില കേസുകളിലെങ്കിലും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങിയിരുന്ന നേതാക്കളെ താഴെയിറക്കാനും സഹായകമായത്. ഈ ഗണത്തില്‍ ശ്രദ്ധേയമാണ് ഇന്നലത്തെ ബോംബെ ഹൈക്കോടതി വിധിയും.