സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മെത്രാന്‍ താത്പര്യങ്ങള്‍

മെത്രാന്‍ കായല്‍ വിവാദത്തിനു മെത്രാന്മാരുമായി യാതൊരു ബന്ധവും ഇല്ലെന്നാരും സമ്മതിക്കും. എന്നാല്‍ തൊട്ടു പിന്നാലെ മറ്റൊരു മെത്രാന്‍വിവാദം കത്തിക്കയറി. താമരശ്ശേരി രൂപതയുടെ മെത്രാസന കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വെടി പൊട്ടിയത്.1957ലെ വിമോചനസമരത്തോടെയാണ് മതമേലധ്യക്ഷന്മാര്‍ പ്രത്യേകിച്ചും ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ വിശ്വാസികളുടെ രാഷ്ട്രീയാഭിപ്രായങ്ങളെ സ്വാധീനിക്കാനുള്ള പരിശ്രമങ്ങളില്‍ വ്യാപൃതരായത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്രം എഴുതിയ ജോസഫ് പുലിക്കുന്നേലിന്റെ അഭിപ്രായത്തില്‍ വിമോചനസമരാനന്തര കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അവരുദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്.
Posted on: March 31, 2016 6:00 am | Last updated: March 30, 2016 at 11:19 pm

സൂര്യന്‍ എന്നര്‍ഥമുള്ള മിത്ര എന്ന ഇന്തോ യൂറോപ്യന്‍ പദത്തിന്റെ രൂപാന്തരമായ മിത്രാന്‍ എന്ന വാക്കില്‍ നിന്നു മലയാളത്തില്‍ രൂപമാറ്റം വന്ന വാക്കാണ് മെത്രാന്‍. മിത്രക്ക് പില്‍ക്കാലത്ത് ശിരോവസ്ത്രമെന്നും അര്‍ഥമുണ്ടായി. മിത്ര ധരിക്കുന്നവനെ പിന്നീട് മിത്രാന്‍ എന്നു വിളിച്ചു. അത് ലോപിച്ച് മെത്രാനായി. മെത്രാന്‍ എന്നാല്‍ ക്രൈസ്തവ സഭയുടെ മേലധ്യക്ഷന്‍ എന്ന അര്‍ഥം പിന്നീട് കൈവന്നു. മെത്രാന്‍, മെത്രാപ്പോലീത്ത, മെത്രാന്‍ കായല്‍, മെത്രാന്‍ കക്ഷി തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടിയ ഒട്ടേറെ വാക്കുകളും സംഭവങ്ങളും മെത്രാനെയും മെത്രാന്റെ വാസസ്ഥലമായി അറിയപ്പെട്ട മെത്രാസന അരമനകളെയും ചുറ്റിപ്പറ്റി ഉരുത്തിരിഞ്ഞുവന്നു. സംഘത്തലവന്‍ എന്ന അര്‍ഥത്തില്‍ ആദിമ ക്രിസ്ത്യാനികള്‍ അവരുടെ ആധ്യാത്മിക അധ്യക്ഷനെ എപ്പിസ്‌ക്കോപ്പാ എന്നു വിളിച്ചുപോന്നു. ഗ്രീക്ക്, ലാറ്റിന്‍ പാരമ്പര്യങ്ങളില്‍ പ്രധാന പട്ടണത്തിലെ മേലധ്യക്ഷന്‍ എന്ന അര്‍ഥത്തില്‍ മെത്രപ്പോലീത്താ എന്ന അധികാരസ്ഥാപനം ആവിര്‍ഭവിച്ചു. അതൊരു സമാന്തര രാജകീയസ്ഥാപനം തന്നെ ആയിരുന്നു. രാജാവിനെന്നപോലെ ചെങ്കോലും കിരീടവും മാലയും മോതിരവും മെത്രാന്റെ സ്ഥാനചിഹ്നങ്ങളില്‍ സ്ഥാനം പിടിച്ചു. മെത്രാനോടുള്ള കീഴടങ്ങലിന്റെ സൂചനയായി അദ്ദേഹത്തിന്റെ വലതുകൈയിലെ മോതിരം വിശ്വാസികളെക്കൊണ്ട് ചുംബിപ്പിക്കുന്ന പതിവും നടപ്പായി. ക്രമേണ ഒരു പ്രദേശത്തിലെ വിശ്വാസികളുടെ ആകെ മനഃസാക്ഷിസൂക്ഷിപ്പുകാരന്റെ സ്ഥാനത്തേക്കു ആ പ്രദേശത്തെ മെത്രാന്‍ അവരോധിക്കപ്പെട്ടു. രാജകീയചിഹ്നങ്ങളും രാജകീയ സംബോധനകളും മാത്രമല്ല രാജഖജനാവില്‍ നിന്നുള്ള ഒട്ടനവധി സൗജന്യങ്ങള്‍ക്കും മെത്രാനും അനുചരസംഘവും അര്‍ഹരായി ഭവിച്ചു.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യധികാരികളുടെ തിരുവിതാംകൂറിലെ സ്ഥാപനപതി (റസിഡന്റ്) ആയിരുന്ന കേണല്‍ ജോണ്‍ മണ്‍റോ. കൂനന്‍കുരിശു സത്യത്തെ തുടര്‍ന്ന് റോമന്‍ കത്തോലിക്കാ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ച് സുറിയാനി ക്രിസ്ത്യാനികളോട് അദ്ദേഹം അളവറ്റ അനുഭാവം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളുടെ ഊട്ടുപുരയോട് ബന്ധപ്പെട്ട് ക്രിസ്ത്യാനികള്‍ ചെയ്യേണ്ടിയിരുന്ന ഊഴിയവേലയും ഞായറാഴ്ച പണിയും തമ്പുരാട്ടിയുടെ 1816ലെ വിളംബരത്തില്‍ക്കൂടി നിര്‍ത്തലാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മണ്‍റോ സായിപ്പായിരുന്നു. സര്‍ക്കാര്‍ പബ്ലിക്ക് സര്‍വീസില്‍ ക്രിസ്ത്യാനികള്‍ക്കു ജോലി നല്‍കി. എല്ലാ ജില്ലാ കോടതികളിലും സുറിയാനി ക്രിസ്ത്യാനികളെ ജഡ്ജിമാരായി നിയമിച്ചു. 1813ല്‍ കോട്ടയത്ത് വൈദിക സെമിനാരി പണിയുന്നതിനു റാണിയെക്കൊണ്ട് 16 ഏക്കര്‍ സൗജന്യമായികൊടുപ്പിച്ചു. അതിനു പുറമെ കെട്ടിടം പണിയുന്നതിനുള്ള തടിയും 2000 രൂപയും ലഭ്യമാക്കി. ഇതിനൊക്കെ പുറമെ, സഭയുടെ അന്നത്തെ മെത്രാന്റെ പേരില്‍ 1819ല്‍ 2000 ഏക്കര്‍ വിസ്തൃതി വരുന്ന, മണ്‍റോ തുരുത്ത് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ദ്വീപ് പതിച്ചു കൊടുത്തു. കൃഷിയെന്ന നിലയില്‍ നെല്‍കൃഷി മാത്രം പരിചയമുണ്ടായിരുന്ന കേരളത്തില്‍ കായല്‍ നികത്തി വിത്തുവിതച്ച് വിളവെടുക്കാന്‍ അത്രയൊന്നും പ്രയാസമുള്ള കാര്യമായിരുന്നില്ല. ഈ പ്രദേശത്തിനു മെത്രാന്‍ കായല്‍ എന്ന മറ്റൊരു പേരും ലഭിച്ചു. ക്രമേണ മെത്രാന്‍ കായലിന്റെ പല ഭാഗങ്ങളും കുട്ടനാട്ടിലെ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തി. ക്രമേണ നെല്‍കൃഷി തിരോഭവിച്ചു. കുമരകം പ്രദേശത്ത് അവശേഷിച്ചിരുന്ന മെത്രാന്‍കായല്‍ പ്രദേശം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ധൃതിപിടിച്ച് അനുമതി നല്‍കി ഉത്തരവിറക്കിയത്. ഉത്തരവ് വിവാദമായപ്പോള്‍ ആരുടെയൊ കണ്ണില്‍ പൊടിയിടാന്‍ റദ്ദു ചെയ്യുകയുമുണ്ടായി. വിവാദ ഉത്തരവിന്റെ പിതൃത്വം മുന്‍ സര്‍ക്കാറില്‍ ആരോപിക്കുകകൂടി ചെയ്തിട്ടാണ് ഉമ്മന്‍ചാണ്ടി നാവടക്കിയത്. കേരളീയരാകെ തന്റെ സ്വകാര്യ സ്റ്റാഫിലെ വിശ്വസ്ത സേവകരുടെ നിലവാരത്തില്‍ ബുദ്ധിയുള്ളവരായിരിക്കും എന്നാണ് അദ്ദേഹം കരുതുന്നത്. പാവം ഉമ്മന്‍ചാണ്ടി! മെത്രാനെയെന്നപോലെ മെത്രാന്‍ കായലിനെയും ദൈവം രക്ഷിക്കട്ടെ.
മെത്രാന്‍ കായല്‍ വിവാദത്തിനു മെത്രാന്മാരുമായി യാതൊരു ബന്ധവും ഇല്ലെന്നാരും സമ്മതിക്കും. എന്നാല്‍ തൊട്ടു പിന്നാലെ മറ്റൊരു മെത്രാന്‍വിവാദം കത്തിക്കയറി. താമരശ്ശേരി രൂപതയുടെ മെത്രാസന കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വെടി പൊട്ടിയത്. മലയോര കര്‍ഷക വികസനമുന്നണി എന്ന സാങ്കല്‍പിക കുതിരയുടെ പുറത്ത് ചാടിക്കയറിക്കൊണ്ടായിരുന്നു വിവാദ പടക്കത്തിനു തീ കൊളുത്തിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനു കൈമാറിക്കൊള്ളാമെന്നു കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്കെഴുതിക്കൊടുത്ത കത്താണ് പുറത്തുവന്നത്. ലീഗ് ഏകപക്ഷീയമായി തിരുവമ്പാടിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഇഷ്ടപ്പെടാത്ത മലയോര വികസനസമിതി എന്ന പരമ്പരാഗത കോണ്‍ഗ്രസുകാരാണീ കത്ത് പത്രങ്ങള്‍ക്കു നല്‍കിയത്. അതവരുടെ കൈവശം എത്തിയത് കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ നിന്നാകാനിടയില്ല. അപ്പോള്‍പ്പിന്നെ ആരാണീ കടുംകൈ ചെയ്തത്? മറ്റാരും ആയിരിക്കില്ല. കത്തിന്റെ യഥാര്‍ഥ കൈവശാവകാശി കുഞ്ഞൂഞ്ഞ് സാറു തന്നെ. അദ്ദേഹം ഇപ്പോഴെന്തിനിതു ചെയ്തു? താമരശ്ശേരി മെത്രാനെ തൃപ്തിപ്പെടുത്താന്‍ മറ്റെന്തു വഴിയാണ് അദ്ദേഹത്തിനും കോണ്‍ഗ്രസിനും മുന്നിലുള്ളത്? ലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ള സഖ്യകക്ഷികളെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണ് കോണ്‍ഗ്രസ് കൂടെ കൊണ്ടു നടക്കുന്നത്. അതിനിടയിലാണ് തിരുവമ്പാടി മുതല്‍ ഇടുക്കിവരെയുള്ള മലയോര മേഖലകളാകെ സ്വന്തം കുഞ്ഞാടുകളുടെ മേച്ചില്‍ സ്ഥലം ആക്കിയ ഇടയന്മാരുടെ വടിയും കോലും ഇപ്പോള്‍ കോണ്‍ഗ്രസിന് എതിരെ ഉയരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു കെ പി സി സിയുടെയും അതിനു മുകളിലുള്ള ഹൈക്കമാന്‍ഡിന്റെയും ഒന്നും അംഗീകാരം മത്രം നേടിയാല്‍ പോരാ. തങ്ങള്‍ക്കു കൂടി സ്വീകാര്യരായ സ്ഥാനാര്‍ഥികളെ നിയമസഭയിലേക്കയക്കണം എന്നാണ് മെത്രാന്മാരുടെ ഉള്ളിരുപ്പ്. വെറുതെയാണൊ ലീഗ് നേതാക്കള്‍ ചോദിച്ചത് ഇതെന്താ കേരളത്തിലെ കത്തോലിക്കാസഭ ഇവിടുത്തെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയാണൊ എന്ന്. ഉമ്മര്‍ മാസ്റ്റര്‍ മുസ്‌ലിം ആയത് ഭാഗ്യം. വല്ല ക്രിസ്ത്യാനികളും ആണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നതെങ്കില്‍ പഴയ ഇന്‍ക്വസിഷന്‍ കോടതിയുടെ വിചാരണക്കു തന്നെ അവര്‍ വിധേയരാകേണ്ടി വരുമായിരുന്നു. പണ്ട് പി ടി തോമസ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഇടുക്കി മെത്രാന്‍ പി ടിയെ പിന്നീട് ദല്‍ഹിക്കു പോകാനേ അനുവദിച്ചില്ലെന്നതോ പോകട്ടെ, ജീവിച്ചിരിക്കുന്ന പി ടി തോമസിന്റെ ശവംഅടക്ക് നാടകം കൂടെ കളിപ്പിച്ചിട്ടേ കലി അടക്കിയുള്ളൂ.
1957ലെ വിമോചനസമരത്തോടെയാണ് മതമേലധ്യക്ഷന്മാര്‍ പ്രത്യേകിച്ചും ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ വിശ്വാസികളുടെ രാഷ്ട്രീയാഭിപ്രായങ്ങളെ സ്വാധീനിക്കാനുള്ള പരിശ്രമങ്ങളില്‍ വ്യാപൃതരായത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്രം എഴുതിയ ജോസഫ് പുലിക്കുന്നേലിന്റെ അഭിപ്രായത്തില്‍ വിമോചനസമരാനന്തര കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അവരുദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്. ഇടവകപ്പള്ളികളിലെ ഇടയലേഖനങ്ങളും കുമ്പസാരക്കൂട്ടിലെ രാഷട്രീയ ഉപദേശങ്ങളും ഉദ്ദേശിച്ച ഫലമൊന്നും ചെയ്തില്ല. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്വാധീനം ഉറപ്പിച്ച ആധുനിക ദര്‍ശനങ്ങളിലേക്കു വിശ്വാസികള്‍ ആകര്‍ഷിക്കപ്പെട്ടതോടെ സ്വന്തം ഇടവകപ്പള്ളികളിലെ പുരോഹിതന്മാര്‍ പോലും സിനിമകളിലും ടി വി സീരിയലുകളിലും ഒക്കെ ഹാസ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതുപോലും വിശ്വാസികള്‍ ആസ്വദിച്ചു.
കമ്യൂണിസ്റ്റ് വിരോധത്തില്‍ തുടങ്ങിയ മെത്രാന്മാരുടെ രാഷട്രീയ ഇടപെടലുകള്‍ ക്രമേണ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പോലുള്ള കാര്യങ്ങളിലേക്കു സങ്കോചിച്ചു. 1970കളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ പ്രൈവറ്റ്‌കോളജ് സമരം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്നു. പൊതുഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം പി എസ് സിക്കു വിട്ടുകൊടുക്കും എന്നൊക്കെ വീരവാദം മുഴക്കിയത് കമ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നില്ല. ഭാഷാമതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ അവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനയിലെ 30(1) വകുപ്പ് ഭേദഗതി ചെയ്യണമെന്ന് കേരള യൂനിവേഴ്‌സിറ്റി സെനറ്റില്‍ വിദ്യാര്‍ഥിപ്രതിനിധിയായിരുന്ന എം എം ഹസന്‍ പ്രമേയം അവതരിപ്പിക്കുകയും പാസാകുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷാവകാശങ്ങളില്‍ ഭേദഗതി വരുത്തണമെന്നതിനെ പിന്താങ്ങി. അതോടെ കേരളാ കോണ്‍ഗ്രസ് ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ലീഗാകട്ടെ സ്വന്തം അധികാരക്കസേരകളുടെ ഭദ്രതയല്ലാതെ ന്യൂനപക്ഷാവകാശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ മൗനം പാലിച്ചു. ഈ ഘട്ടത്തിലാണ് പഴയ വിമോചന സമരകൂട്ടുകാര്‍ വീണ്ടും ഒരുമിക്കുന്നത്. അധ്യാപകര്‍ക്കുള്ള ശമ്പളം നേരിട്ടു കൊടുക്കുന്നതിനും സ്വകാര്യ കോളജധ്യാപകരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഉള്ള നീക്കത്തെയും ക്രൈസ്തവ സഭാവിഭാഗങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിയും പരസ്പരം കൈകോര്‍ത്ത് എതിര്‍ത്തു.
അന്നത്തെ മാനേജ്‌മെന്റ് വിരുദ്ധസമരങ്ങള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടാണ് എ കെ ആന്റണി യുവജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. ബിഷപ്പിനെ നികൃഷ്ടജീവിയെന്നു പിണറായി വിളിച്ചു എന്നു പറഞ്ഞ് കണ്ണുനീര്‍ തൂകുന്നവര്‍ അക്കാലത്ത് മെത്രാന്മാരെ അടച്ചാക്ഷേപിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ വയലാര്‍രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ നടത്തിയ പരസ്യപ്രസ്താവനകള്‍ ഒന്നു മറിച്ചു നോക്കുന്നത് നന്നാകും. മാനേജ്‌മെന്റ് അനുകൂലികള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ റാലിയില്‍ തൃശൂര്‍ മെത്രാന്‍ ജോസഫ് കുണ്ടുകുളം പറഞ്ഞു- ന്യൂനപക്ഷവകാശങ്ങള്‍ ആരെങ്കിലും അറബിക്കടലില്‍ താഴ്ത്താനാണ് ഭാവമെങ്കില്‍ കുറുവടികൊണ്ടല്ല മഴുത്തായ കൊണ്ടായിരിക്കും മറുപടി. മെത്രാന്മാര്‍ ജാഥ നയിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു രണ്ടാം വിമോചനസമരത്തിന്റെ പ്രതീതിയാണുളവായത്. കുണ്ടകുളം മെത്രാന്റെ കുറുവടി മഴുത്തായ പ്രയോഗത്തെ വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കും എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി നേരിട്ടു.
കെ എസ് സി മാത്രമല്ല കേരളാ കോണ്‍ഗ്രസ് ഒന്നാകെ ഒരു പള്ളിപ്പാര്‍ട്ടിയായി മാറിയത് ഇക്കാലത്തായിരുന്നു. ഫീസ് ഏകീകരണത്തിലൂടെ സ്വകാര്യ കോളജ് മാനേജുമെന്റുകള്‍ക്കു നഷ്ടം വരുത്തുകയും ഗ്രാന്‍ഡ് വര്‍ധിപ്പിക്കാതെ അവരെ വിഷമിപ്പിക്കുകയും വഴി കോണ്‍ഗ്രസ് കാണിച്ചത് ഭരതനു കിരീടം ലഭിച്ചാലും പോരാ ശ്രീരാമന്‍ വനവാസത്തിനു പോകുകയും വേണം എന്ന മനഃസ്ഥിതിയാണ് എന്ന് പ്രസംഗിച്ചത് സാക്ഷാല്‍ കെ എം മാണിയായിരുന്നു. കേരളാ കോണ്‍ഗ്രസ് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നു എന്ന് കോണ്‍ഗ്രസ് ആക്ഷേപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാകട്ടെ ശ്രദ്ധ കേന്ദ്രീകരിച്ചത് മിച്ചഭൂമി സമരത്തിലായിരുന്നു. കോണ്‍ഗ്രസ് പിള്ളേര്‍ നടത്തിയ മെത്രാന്‍വിരുദ്ധ കോളജ് സമരത്തിന്റെ അലയൊലിയില്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം ശ്രദ്ധിക്കപ്പെടാതെ പോയി. ഒരുവശത്ത് കോണ്‍ഗ്രസും മറുവശത്ത് കേരളാ കോണ്‍ഗ്രസും അണിനിരന്നുകൊണ്ട് രണ്ടു കൂട്ടരുടെയും തലതൊട്ടപ്പന്മാരായ മെത്രാന്മാര്‍ക്കെതിരെ നടത്തുന്ന സമരം വെറും ഒരു കടലാസ് വിപ്ലവമായി കലാശിക്കുകയേ ഉള്ളൂവെന്നു ക്രാന്തദര്‍ശിയായ ഇ എം എസ് ദീര്‍ഘദര്‍ശനം നടത്തി. അങ്ങനെ തന്നെ സംഭവിച്ചു. ദീര്‍ഘനാളത്തെ തെരുവുപ്രകടനങ്ങള്‍ക്കും പുലഭ്യം പറച്ചിലുകള്‍ക്കും ശേഷം സര്‍ക്കാര്‍ മാനേജുമെന്റിനു മുമ്പില്‍ ആയുധം വെച്ചു കീഴടങ്ങി. അതോടെ വായാടി വിപ്ലവം നേതൃത്വത്തിലേക്കു ചവുട്ടിക്കയറാനുള്ള ഏണിപ്പടികളാണെന്നു അന്നത്തെ യുവകോണ്‍ഗ്രസുകാര്‍ തെളിയിച്ചു. അന്ന് നേതൃത്വത്തിലേക്കുയര്‍ന്നു വന്ന ആന്റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി തുടങ്ങി ആര്‍ക്കും പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവര്‍ സമരഭൂമിയില്‍ പറഞ്ഞതൊക്കെ അധികാരത്തില്‍ വന്നപ്പോള്‍ തൊണ്ടതൊടാതെ വിഴുങ്ങി. മെത്രാന്മാരും അനുചരസംഘവും എന്താണോ ലക്ഷ്യമാക്കിയത് അവയത്രയും പൂര്‍ണ അളവില്‍ നിറവേറ്റിക്കൊടുക്കാന്‍പില്‍ക്കാലത്ത് അവര്‍ക്കു കഴിഞ്ഞു.
കേരള രാഷട്രീയത്തില്‍ മെത്രാന്‍ബുദ്ധിയില്‍ വിരിഞ്ഞ രണ്ടാമത്തെ സമരമായിരുന്നു എഴുപതുകളിലെ കോളജ് സമരം. ആദ്യത്തേത് അമ്പതുകളിലെ വിമോചനസമരം. വിമോചന സമരകാലത്ത് മെത്രാന്മാര്‍ തന്നെ പാലുകൊടുത്തു വളര്‍ത്തിയ സര്‍പ്പക്കുഞ്ഞുങ്ങള്‍എഴുപതുകളില്‍ ഫണം ഉയര്‍ത്തി. അതോടെ മെത്രാന്‍ അരമനകളില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച വിടവ് കേരളാകോണ്‍ഗ്രസുകാര്‍ നികത്തി. ഒരിക്കല്‍ ഭരണത്തിന്റെ ചക്രകുടത്തില്‍ കുടുങ്ങിയ തല ഊരിയെടുക്കാന്‍ കേരളാ കോണ്‍ഗ്രസിനു പിന്നീടൊരിക്കലുംകഴിഞ്ഞില്ല. തങ്ങള്‍ വരച്ച വരയില്‍ കോണ്‍ഗ്രസും കേരാളാ കോണ്‍ഗ്രസും നില്‍ക്കുന്നില്ല എന്ന് മനസിലാക്കിയ മെത്രാന്മാമാര്‍ മലയോര വികസന സമിതി എന്ന പുതിയ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കി. അതിന് പശ്ചാത്തലം ഒരുക്കിയത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആയിരുന്നു. കുടിയേറ്റ ക്രിസ്ത്യാനികളെ മറയാക്കി കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഒരു ഇടപെടലിന് ഉള്ള സാധ്യതയാണ് കേരളത്തിലെ മെത്രാന്‍ അരമനകള്‍ കേന്ദ്രീകരിച്ച് നടത്തുന്നത്.