Connect with us

Articles

വികസനത്തില്‍ മൂത്രശങ്കയുടെ ഇടം എവിടെയാണ്?

Published

|

Last Updated

പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന ഹരിയാന സര്‍ക്കാറിന്റെ പുതിയ നിയമം ഒരു പക്ഷേ കേരളത്തിലധികമാരും അറിഞ്ഞിരിക്കാനിടയില്ല. സര്‍ക്കാര്‍ ജോലിക്കുള്ള അപേക്ഷകളില്‍ താന്‍ പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യില്ലെന്നും പൊതു ശൗചാലയങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും സത്യവാങ്മൂലം എഴുതി വാങ്ങിച്ച ശേഷമേ ഇവിടെ ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിക്കുകയുള്ളൂ. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതി പ്രകാരമാണ് ഹരിയാന സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം അടുത്ത കാലത്തായി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവ് പുറത്തിറക്കുന്നതിനു മുമ്പായി പൊതു ശൗചാലയങ്ങളുടെ നിര്‍മാണം പരമാവധി ഏറ്റെടുത്തു നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ജില്ലാ ഗ്രാമീണ വികസന ഏജന്‍സിയെയാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് നിയോഗിച്ചത്.
പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുതെന്ന് ഇവര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമെത്തി ജനങ്ങളെ ബോധവത്കരിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൊണ്ട് എല്ലായിടത്തും പൊതു ശുചിമുറികള്‍ നിര്‍മിക്കാന്‍ തുടക്കമിടുകയും ചെയ്തു തുടങ്ങി. സാക്ഷരതയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന, ഇപ്പോഴും കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗങ്ങളേറെയുള്ള, കേരളത്തിനേക്കാള്‍ എത്രയോ ഇരട്ടി വലുപ്പമുള്ള ഒരു സംസ്ഥാനത്താണ് ഇത്തരത്തില്‍ പൊതു ഇടങ്ങളിലെ ശൗചാലയങ്ങളുടെ കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഇത്ര ഗൗരവം കാട്ടുന്നത്. ഹരിയാനയില്‍ നടപ്പാക്കിയ നിയമം നമ്മുടെ നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കുമെന്ന് വെറുതേയൊന്നാലോചിച്ചാല്‍ തന്നെ നമുക്ക് ചിരിവരും. നിയമം നടപ്പിലാക്കുന്നതിന് മുന്‍ കൈയെടുക്കുന്ന ഭരണകൂടം അതിനുള്ള പശ്ചാത്തലമൊരുക്കാന്‍ ലക്ഷങ്ങളും കോടികളും ചെലവിടും. ഒരു വൃത്തിയുള്ള കക്കൂസു പോലും നിര്‍മിക്കാനാകാതെ നിര്‍മാണത്തിലെ അഴിമതിയും കള്ളത്തരവും കൊണ്ട് പദ്ധതി തന്നെ പാതിവഴിയിലുപേക്ഷിക്കും. ഒടുവില്‍ സമരങ്ങളുടെയും ബഹളങ്ങളുടെയും മറവില്‍ പുറത്തിറക്കിയ നിയമം ഒറ്റയടിക്ക് പിന്‍വലിക്കുകയോ അല്ലെങ്കില്‍ നടപ്പാകാത്ത നിയമവും പാതിവഴിയിലായ പദ്ധതികളും പാവം ജനത്തെ നോക്കി പല്ലു കാട്ടി ചിരിക്കുകയോ ചെയ്യും.
കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട് അകാല ചരമമടയുന്ന പലവിധ പദ്ധതികള്‍ കണ്‍മുന്നിലുള്ളതു കൊണ്ട് മാത്രമാണ് ഇങ്ങനെ വിലയിരുത്തേണ്ടി വരുന്നത്. വലിയ വലിയ വികസനങ്ങളെക്കുറിച്ച് ഓരോ തിരഞ്ഞെടുപ്പു കാലത്തും ചര്‍ച്ച ചെയ്യുമ്പോള്‍ ഇതിനിടയില്‍ നാം കാണാതെ പോകുന്ന ചെറിയ വലിയ കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം പൊതു ഇടങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. പലപ്പോഴായി പലരും പറഞ്ഞും പഠനം നടത്തിയും എത്രയോ തവണ നടപ്പാക്കാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തീകരിക്കാനാകാതെ പോയതാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള നല്ല ശുചിമുറികളുടെ നിര്‍മാണം. എത്രയോ എളുപ്പത്തിലും വേഗത്തിലും ചെയ്തു തീര്‍ക്കാനാകുന്ന പദ്ധതിയായിട്ടു പോലും ശുചിമുറികളുടെ നിര്‍മാണ- പരിപാലന കാര്യത്തില്‍ വലിയ അലംഭാവമാണ് നമ്മുടെ സര്‍ക്കാറുകള്‍ കാണിച്ചിട്ടുള്ളതും കാണിക്കുന്നതും. എന്തോ നിസ്സാര കാര്യം എന്ന നിലക്കാണ് ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹം തന്നെ കൈകാര്യം ചെയ്യുന്നതെന്ന ആശങ്കയും അസ്ഥാനത്തല്ല.
ഇപ്പോള്‍ ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് ചൂടിനിടെ ആരൊക്കെയോ ഇക്കാര്യങ്ങളുടെ ഗൗരവം വീണ്ടും ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഭരണം പിടിക്കാന്‍ ഒരുങ്ങിയിറങ്ങിയവര്‍ക്കു മുന്നിലാണ് നവമാധ്യമങ്ങളിലൂടെ ഒരു കൂട്ടം സ്ത്രീകള്‍ പൊതു ഇടങ്ങളിലെ ശൗചാലയങ്ങളെക്കുറിച്ച് പ്രതികരിച്ച് വീണ്ടുമൊരു ചര്‍ച്ചക്ക് വഴി തുറന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്? എന്ന ചോദ്യവുമായി നവമാധ്യമങ്ങളില്‍ സ്ത്രീകളുടെ കൂട്ടായ്മ രംഗത്തെത്തിയപ്പോള്‍ ആ വിളിക്ക് പരിഹാരവുമായി ഇടതു മുന്നണിയുടെ ഭാവി മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയെന്നത് ഇതിന്റെ ഗൗരവം കൂട്ടിയിട്ടുണ്ട്. നവമാധ്യമങ്ങളിലെ ചര്‍ച്ച ശ്രദ്ധിച്ച പിണറായി, വിഷയത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ ഉടനടി നടപടിയുണ്ടാകുമെന്ന ഉറപ്പ് നല്‍കിയത് ആരും ശ്രദ്ധിക്കപ്പെടാത്ത ഗൗരവമേറിയ കാര്യങ്ങള്‍ക്കും നമ്മുടെ വികസന കാഴ്ചപ്പാടിലിടമുണ്ട് എന്ന നല്ല സൂചനയാണ് നല്‍കുന്നത്. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ ശൗചാലയ നിര്‍മാണം പ്രധാനപദ്ധതിയായി ഉള്‍പ്പെടുത്തുമെന്ന ഉറപ്പു നല്‍കിയ പിണറായി, കേരളത്തിലെ മിക്ക കോളജുകളിലും സ്‌കൂളുകളിലും ഇതൊരു പ്രധാന പ്രശ്‌നമായി ഉണ്ടെന്ന വിലയിരുത്തലുകള്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് വെക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് വനിതാ ദിനത്തില്‍ പുതിയ പ്രതിഷേധ രീതി നാഗ്പൂരിലെ ഒരു കൂട്ടം വനിതകള്‍ പരീക്ഷിച്ചിരുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. നഗരത്തില്‍ സ്ത്രീകള്‍ക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പുരുഷന്മാരുടെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരമാണ് അന്നവിടെ സ്തീകള്‍ നടത്തിയത്. റയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനമാണ് ഒരു എന്‍ ജി ഒയുടെ ആഭിമുഖ്യത്തിലുള്ള സ്ത്രീ സംഘം തടസ്സപ്പെടുത്തിയത്. ലിംഗവിവേചനത്തിനെതിരെയുള്ള നീക്കമാണിതെന്ന് അന്ന് അവര്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് നഗരത്തില്‍ ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ സ്ത്രീകള്‍ക്കും ആവശ്യത്തിന് പൊതു ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതേ പോക്ക് പോയാല്‍ കേരളത്തിലും അടുത്ത കാലത്ത് ഇത്തരമൊരു സമരത്തിന് സ്ത്രീകള്‍ ഒരുങ്ങിപ്പുറപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴിക്കോട്ട് ഈ രീതിയിലല്ലെങ്കിലും മറ്റൊരു പ്രതിഷേധ സമരത്തിന് ഒരു കൂട്ടം വനിതകള്‍ നേരത്തെ തുടക്കമിട്ടിരുന്നു.
അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയാണ് കോഴിക്കാട്ട് അന്ന് മൂത്രപ്പുരസമരം നടത്തിയത്. മിഠായിത്തെരുവിലെ കടകളില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടികളുടെ ദുരവസ്ഥ പരിഹരിക്കാനായിരുന്നു ആ പ്രതിഷേധം. ഇവിടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പലരും രാവിലെ എട്ടിന് വീട്ടില്‍ നിന്നും ഇറങ്ങിയാലാണ് രാവിലെ ഒമ്പതിനകം ഷോപ്പുകളിലെത്തുന്നത്. മിക്കവരും സെയില്‍സ് ഗേള്‍സാണ്. ഒന്‍പതിന് തുടങ്ങുന്ന അഭ്യാസം തീരുന്നത് രാത്രി ഏഴരയോടെ. പിന്നെ വീട്ടിലെത്തുന്നത് രാത്രിയില്‍. ഇതിനിടയില്‍ കടന്നുപോകുന്ന ജീവിതം വളരെ ദുരിത വീഥിയിലൂടയാണെന്ന് ചൂണ്ടിക്കാട്ടി വനിതകള്‍ പലതവണ മന്ത്രിമാര്‍ക്കും മറ്റും കത്തയച്ചിരുന്നു. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മൂത്രശങ്ക ഭയന്ന് വെള്ളം പോലും കുടിക്കില്ല പലരും. ഇത് ഇവരെ കൊണ്ടെത്തിക്കുന്നത് വിവിധതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ്. പിന്നീട് പലര്‍ക്കും ജോലി തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. ഇവരുടെയൊക്കെ വീട്ടില്‍ ഈ തുച്ഛമായ തുക വലിയതാണ് എന്നു കൂടിയോര്‍ക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം നൂറിരട്ടി വര്‍ധിക്കുന്നത്.
ഇത് ഏതെങ്കിലുമൊരു നഗരത്തിലെ മാത്രം അവസ്ഥയല്ല. ഇതില്‍ നിന്ന് വളരെ വ്യത്യസ്തമല്ല ഉയര്‍ന്ന ജോലി ചെയ്യുന്നവരുടെ അവസ്ഥയും. രാജ്യത്തെ പോലീസ് സേനയില്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് സാഹചര്യങ്ങള്‍ തിരിച്ചടി നല്‍കുന്നതായി അടുത്ത ദിവസം വന്ന പുതിയ സര്‍വേയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. നിലവില്‍ സേനയിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടെ ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും സ്വകാര്യത നഷ്ടപ്പെടുന്നതുമായാണ് സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വേയിലെ പ്രധാന പരാമര്‍ശം. ജോലി സമയങ്ങളില്‍ ശൗചാലയം ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മണിക്കൂറുകളോളം വെള്ളം കുടിക്കാതെ കഴിച്ചുകൂട്ടാന്‍ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്നു. നിലവില്‍ ലഭ്യമായ ബുള്ളറ്റ് പ്രൂഫ് കവചം അടക്കമുള്ള സംരക്ഷണ വസ്തുക്കള്‍മൂലം വനിതാ ഉദ്യോഗസ്ഥര്‍ക്ക് ശ്വാസം മുട്ടല്‍വരെ അനുഭവിക്കേണ്ടിവരുന്നു. പുരുഷന്റെ ശരീര പ്രകൃതി കണക്കിലെടുത്ത് നിര്‍മിച്ചിട്ടുള്ള ഇത്തരം വസ്ത്രങ്ങള്‍ സ്ത്രീ ശരീരത്തിന് ഇണങ്ങുന്നതല്ലെന്നതാണ് ഇതിന് കാരണം. ഗുഡ്ഗാവില്‍ നടന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഏഴാമത് നാഷനല്‍ കോണ്‍ഫറന്‍സിലാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. നല്ല സമയമെടുത്ത് നടത്തിയ സര്‍വേയില്‍ കോണ്‍സ്റ്റബിള്‍ മുതല്‍ വനിതാ ഡി ജി പി വരെയുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അടങ്ങിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് യോഗത്തില്‍ വലിയ ചര്‍ച്ചയായി. പ്രത്യേക സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ജോലിയില്‍ തുടരവേയാണ് വനിതാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്ന് സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യങ്ങളില്‍ മൂത്രശങ്ക ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഭയത്തില്‍ മണിക്കൂറുകളോളം ദാഹം സഹിച്ച് കഴിച്ചുകൂട്ടാന്‍ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്നു.
പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് വേണമെന്ന ആവശ്യവുമായി സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ അതിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പലയിടങ്ങളിലും ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന മാര്‍ഗ നിര്‍ദേശമില്ലാത്തതിനാലാണ് ടോയ്‌ലറ്റുകള്‍ ഉപയോഗ ശൂന്യമായതെന്നാണ് പ്രധാന വാദം. സ്ത്രീകളെ ഉദ്ദേശിച്ചാണ് ഇ ടോയ്‌ലറ്റ് പ്രധാനമായും ആവിഷ്‌കരിച്ചത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തിലുള്ള ആശങ്കയാണ് സ്ത്രീകളെ ഇതുപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതെന്നാണ് മറ്റൊരു നിഗമനം. പണം പിരിക്കാന്‍ ആളെ ആവശ്യമില്ല എന്നതായിരുന്നു ഇ ടോയ്‌ലറ്റിന്റെ പ്രത്യേകത. ടോയ്‌ലറ്റിന് മുന്നിലെ ഓട്ടോമാറ്റിക് പേയ്‌മെന്റ് കളക്ഷന്‍ പോയിന്റില്‍ ഒരു രൂപാ നാണയം നിക്ഷേപിക്കുമ്പോള്‍ വാതിലുകള്‍ തുറക്കും. ഒപ്പം ടോയ്‌ലറ്റിനുള്ളിലെ ലൈറ്റും എക്‌സ്‌ഹോസ്റ്ററും പ്രവര്‍ത്തനം തുടങ്ങും. പച്ചലൈറ്റ് തെളിഞ്ഞാല്‍ അകത്തുകയറി ഉപയോഗിക്കാം. ആള്‍ അകത്തുണ്ടെങ്കില്‍ ചുവന്നലൈറ്റ് കത്തും.
എന്നാല്‍ ഇപ്പോള്‍ പല ടോയ്‌ലറ്റുകളിലും സദാസമയവും പച്ചലൈറ്റ് കത്തിനില്‍ക്കുന്നു. അകത്താളുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതാണ് ഇത്തരം സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് സ്ത്രീകളെ പലയിടത്തും വിലക്കിയതെന്നാണ് പറയപ്പെടുന്നത്. ആവശ്യത്തിന് വെള്ളമില്ലാത്തതാണ് യന്ത്രം പണിമുടക്കാനുള്ള മറ്റൊരു കാരണം. പുരുഷന്മാരുടെ ടോയ്‌ലറ്റിന്റെ അവസ്ഥയും മറിച്ചല്ല. പലരും ടോയ്‌ലറ്റില്‍ കുടുങ്ങിയ അനുഭവങ്ങളുമുണ്ട്. അതുകൊണ്ടു ധൈര്യപ്പെട്ട് ആരും ഇതില്‍ കയറില്ല. മുടക്കുമുതലിന്റെ ഒരു ശതമാനംപോലും ഇതുവരെ ഇ ടോയ്‌ലറ്റില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
മൂക്കുപൊത്തി മാത്രം വായിക്കേണ്ട ചില കണക്കുകളുണ്ട്: തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനത്തിന്റെ കാര്യത്തില്‍ ആഫ്രിക്കയടക്കമുള്ള എല്ലാ രാജ്യങ്ങളെയും പിന്‍തള്ളി ബഹുദൂരം മുന്നിലാണ് ഇന്ത്യ. ലോകത്തു സ്വന്തമായി ശുചിമുറി ഇല്ലാത്തവരില്‍ 64 ശതമാനവും ഇന്ത്യക്കാരാണ്- ആറുകോടി ജനങ്ങള്‍. തൊട്ടുപിറകിലുള്ള ഇന്തോനേഷ്യയിലുള്ളതു 63 ലക്ഷം പേര്‍ മാത്രം. മാലിന്യക്കൂമ്പാരങ്ങളാണ് നമ്മുടെ രാജ്യത്തെ പല നഗരങ്ങളുടെയും മുഖമുദ്ര. വൃത്തിയില്ലാത്ത പൊതു ശുചിമുറികളും മലീമസ വഴിയോരങ്ങളും ഇന്ത്യയിലെ പൊതുകാഴ്ചയായി തീര്‍ന്നിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൈപിടിച്ച് നാം ചൊവ്വ വരെ എത്തുമ്പോഴും ശുചിത്വപാലനരംഗത്ത് ഏറ്റവും പിന്നില്‍ നില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? നവംബര്‍ 19 ലോക ശൗചാലയ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നുണ്ട്. ഈ ദിനത്തില്‍ ശുചിത്വത്തെക്കുറിച്ചും പൊതു സ്ഥലത്ത് വിസര്‍ജിക്കുന്നതിനെതിരെയും ബോധവത്കരണവും കക്കൂസ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലും പൊതു സ്ഥലത്തും കൊണ്ടു തള്ളുന്നതിനെതിരെയും മറ്റും സന്നദ്ധ സംഘടനകളും സര്‍ക്കാറും പ്രചാരണം നടത്തുന്നുണ്ട്. ഇതിനായി ലക്ഷങ്ങളാണ് ഭരണകൂടങ്ങള്‍ ഓരോയിടത്തും ചെലവിടുന്നത്. ആ ആചരണത്തിനെല്ലാമപ്പുറം ശൗചാലയങ്ങളുണ്ടാക്കാനും പരിപാലിക്കാനുമുള്ള മിടുക്ക് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടിയിരുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest