Connect with us

Malappuram

തിരൂര്‍:കണക്കില്‍ പ്രതീക്ഷിച്ച് ഇടത്, വികസനം കാട്ടി ലീഗ്

Published

|

Last Updated

തിരൂര്‍:അറബിക്കടലിന്റെയും ഭാരതപ്പുഴയുടെയും ഓരത്ത് അതിര്‍ത്തി പങ്കിടുന്ന തിരൂര്‍ നിയോജക മണ്ഡലത്തില്‍ കണക്കിലെ പ്രതീക്ഷയും വികസനത്തിലെ ആത്മവിശ്വാസവുമാണ് ഇരു മുന്നണികള്‍ക്കുമുള്ളത്. എന്നാല്‍ ആര്‍ക്കും ആശയും പ്രതീക്ഷയും നല്‍കാതെയാണ് തിരൂര്‍ മണ്ഡലത്തിന്റെ ഗതിവിഗതികള്‍. മുസ്‌ലിം ലീഗിന്റെ നിര്‍ണായക ശക്തി കേന്ദ്രമായ തിരൂരില്‍ ലീഗ് കോട്ടകളില്‍ വിള്ളല്‍ സംഭവിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ കാലങ്ങളിലുണ്ടായത്. മണ്ഡലത്തിലെ ഇടത് വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവ് ഇത് വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ എല്‍ ഡി എഫിന്റെ അട്ടിമറി വിജയവും കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ യു ഡി എഫ് വോട്ടിലുണ്ടായ ഗണ്യമായ കുറവുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും പ്രവചനാതീതമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ആര്‍ക്കും വ്യക്തമായ പിടികൊടുക്കാതെയുള്ള ചിത്രമാണ് തിരൂരിലെ വോട്ടര്‍മാര്‍ നല്‍കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളാണ് സി പി എമ്മിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23,566 ആയിരുന്നു ലീഗ് എം എല്‍ എ സി മമ്മൂട്ടിയുടെ “ഭൂരിപക്ഷം. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇത് 7000 ആയി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 4715 ആയി ലീഗ് “ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2006ല്‍ 8000 വോട്ടിനായിരുന്നു സി പി എം ഏരിയാ സെക്രട്ടറിയായിരുന്ന പരേതനായ പി പി അബ്ദുല്ലക്കുട്ടി മണ്ഡലത്തില്‍ ആദ്യമായി ചെങ്കൊടി പാറിച്ചത്. 2011ലും അദ്ദേഹത്തെ സി പി എം പരീക്ഷിച്ചെങ്കിലും വിജയം ലീഗിനോടൊപ്പമായിരുന്നു. മദ്രാസ് അസംബ്ലിയുടെ “ഭാഗമായിരുന്നത് മുതല്‍ നീണ്ട കാലം മുസ്‌ലിംലീഗിനെ മണ്ഡലം തുണച്ചു. 1952ല്‍ നടന്ന മദ്രാസ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരൂരില്‍ നിന്നും ഉപ്പി സാഹിബിനെ തിരഞ്ഞെടുക്കപ്പെട്ടു.

കല്ലായി മുതല്‍ വെളിയങ്കോട് വരെയായിരുന്നു കേരളപ്പിറവിക്കു മുമ്പുള്ള തിരൂര്‍ മണ്ഡലം. മുന്‍ കേരള നിയമസഭാ സ്പീക്കര്‍ കെ മൊയ്തീന്‍കുട്ടിയെന്ന ബാവ ഹാജിയാണ് കേരളപ്പിറവിക്കു ശേഷമുള്ള തിരൂര്‍ മണ്ഡലത്തിന്റെചരിത്രത്തിലെ ആദ്യ നിയമസഭാഗം. 1957ല്‍ ആദ്യ നിയമസഭയിലേക്ക് ബാവ ഹാജിയെ അയച്ച തിരൂര്‍, ബാവഹാജി അഖിലേന്ത്യാ ലീഗിലേക്ക് ചേക്കേറുന്നത് വരെയും അദ്ദേഹത്തെയാണ് ജയിപ്പിച്ചത്. പി ടി കുഞ്ഞുട്ടി ഹാജിയെന്ന കുഞ്ഞു മുഹമ്മദായിരുന്നു ബാവഹാജിയുടെ പിന്‍മുറക്കാരന്‍. പിന്നീട് യു എ ബീരാന്‍, ഇ ടി മുഹമ്മദ് ബശീര്‍ എന്നിവര്‍ തിരൂരിലെ ജനപ്രതിനിധികളായി. പി ടി കുഞ്ഞുട്ടിഹാജിയും ഇ ടി മുഹമ്മദ് ബശീറും രണ്ട് തവണ വീതം തിരൂരില്‍ നിന്ന് എം എല്‍ എമാരായി.

യു എ ബീരാന് ഒരു തവണയേ പാര്‍ട്ടി ടിക്കറ്റ് നല്‍കിയുള്ളൂ. നിലവിലുളള നിയമസഭാംഗമായ സി മമ്മുട്ടിയെ തന്നെയാണ് ഇത്തവണയും അങ്കത്തിന് ലീഗ് നിയോഗിച്ചിട്ടുള്ളത്.കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ നഗരത്തിന് വികസന മുഖം നല്‍കിയ സി മമ്മൂട്ടിക്ക് അനുകൂലമാകുമെന്നാണ് ലീഗിന്റെ കണക്കു കൂട്ടല്‍. ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയതാണ് അവസാനത്തെ നേട്ടം. രണ്ട് ജനറല്‍ ആശുപത്രികളുള്ള ഒരേയൊരു ജില്ലയും മലപ്പുറമാണ്. മലയാള സര്‍വകലാശാല, മണ്ഡലത്തിലാകെ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതി, പ്രധാന കവലകളില്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകള്‍, ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, സിന്തറ്റിക്ക് ട്രാക്കോടു കൂടിയുള്ള രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയം, സിറ്റി ജംഗ്ഷന്‍, താഴെപ്പാലം, കൂഞ്ഞൂളിക്കടവ് എന്നിവിടങ്ങളില്‍ പുതിയ പാലം, പൊന്നാനിപ്പുഴ ശുദ്ധീകരണം, പുതിയ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ തുടങ്ങി വികസനത്തിന്റെ നീണ്ട നിരയാണ് മുസ്‌ലിംലീഗിന് നിരത്താനുള്ളത്.

എന്നാല്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സി പി എം ആരോപിക്കുന്നു. ആസ്തി വികസന ഫണ്ടുപയോഗിച്ച് കമ്മീഷന്‍ തട്ടുന്ന കുറെ പ്രവൃത്തികള്‍ നടത്തിയതല്ലാതെ മണ്ഡലത്തിനാകെ അഭിമാനിക്കാവുന്ന പദ്ധതികള്‍ ഉണ്ടായില്ലെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ജനറല്‍ ആശുപത്രിയായിട്ടും തിരൂര്‍ ആശുപത്രി പരിമിതികള്‍ക്ക് നടുവിലാണ്.

അഞ്ചു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയായ കേന്ദ്രത്തിലിപ്പോഴും താലൂക്കാശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ ആണ്. മണ്ഡലത്തിലെ വിവിധ “ഭാഗങ്ങളില്‍ ഒട്ടേറെ സര്‍ക്കാര്‍ “ഭൂമി ലഭ്യമായിട്ടും തൊഴില്‍ മേഖലയില്‍ ആധുനിക പദ്ധതികള്‍ തുടങ്ങാനായില്ല. ഉദ്ഘാടനങ്ങള്‍ നടത്തി പേര് വെക്കല്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിനിടെയുണ്ടായതെന്നും സി പി എം കുറ്റപ്പെടുത്തുന്നു. മാറിയും മറിഞ്ഞും ചരിത്രമെഴുതിയ തിരൂരില്‍ പുതിയ നമസഭാ അങ്കം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വോട്ടര്‍മാരും. തിരൂര്‍ നഗരസഭയും വെട്ടം, തലക്കാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരൂര്‍ മണ്ഡലം. 2011ല്‍ പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകള്‍ തവനൂര്‍ മണ്ഡലത്തിന്റെ ഭാഗമായതോടെയാണ് വളവന്നൂര്‍, കല്‍പ്പകഞ്ചേരി, തിരുനാവായ പഞ്ചായത്തുകള്‍ തിരൂരിനോട് ചേര്‍ത്തത്. അന്ന് ലീഗിന് അനുകൂലമായി മണ്ഡലം മുറിച്ചെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു.

തലക്കാട് പഞ്ചായത്തില്‍ മാത്രമാണ് അന്ന് സി പി എം ഭരണമുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ തലക്കാടിന് പുറമെ വളവന്നൂര്‍ പഞ്ചായത്തും തിരൂര്‍ നഗരസഭയും സി പി എം നിയന്ത്രണത്തിലാണ്. മറ്റ് പഞ്ചായത്തുകളില്‍ സി പി എം ശക്തി വര്‍ധിച്ചിട്ടുമുണ്ട്. മൂന്ന് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന തിരുനാവായയില്‍ ഇപ്പോള്‍ എട്ട് പേരുണ്ട്. ലീഗിലെ വലിയൊരു വിഭാഗം ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആതവനാട് പഞ്ചായത്തില്‍ ഒരു സീറ്റിനാണ് ഭരണം നഷ്ടമായത്. വെട്ടത്ത് സി പി ഐ തനിച്ച് മത്സരിച്ചിട്ടും സി പി എം രണ്ട് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. തലക്കാട് പഞ്ചായത്തില്‍ ഏതാനും സിറ്റിംഗ് വാര്‍ഡുകള്‍ നഷ്ടമായെങ്കിലും അംഗബലം വര്‍ധിച്ചു.

തിരൂര്‍ നഗരസഭയില്‍ ഏഴ് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇടതുപക്ഷം ഇത്തവണ ഭരണത്തിലെത്തിയത് നിയമസഭയില്‍ അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്. തിരൂര്‍ നഗരസഭയില്‍ ബി ജെ പിക്ക് നിലവില്‍ ഒരു സീറ്റുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന പി ടി അലിഹാജി അയ്യായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ 22 പേരുടെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തിരൂര്‍ ഇടം പിടിച്ചിട്ടില്ല.
2011ലെ ഫലം

സി മമ്മുട്ടി (മുസ്‌ലിം ലീഗ്)……………………….69,305
പി പി അബ്ദുല്ലക്കുട്ടി (സി പി എം)……………45,739
പി ടി അലി ഹാജി (ബി ജെ പി)…………………5,543
എ കെ മജീദ് മാസ്റ്റര്‍ (എസ് ഡി പി ഐ)….2,696
ബാപ്പു പുത്തനത്താണി (പി ഡി പി)………….1,802
മോഹന്‍ദാസ് (സ്വത.)………………………………….781
ടി അയ്യപ്പന്‍ (ബി എസ് പി)………………… 487
നിയമ സഭയിലെത്തിയവര്‍

1957 കെ ബാവ ഹാജി (15404)
1960 കെ ബാവ ഹാജി (28518)
1965 കെ ബാവ ഹാജി (18360)
1967 കെ ബാവ ഹാജി (28558)
1970 കെ ബാവ ഹാജി (28634)
1977 പി ടി കുഞ്ഞിമുഹമ്മദ് (41675)
1980 പി ടി കുഞ്ഞുമുഹമ്മദ് (38469)
1982 യു എ ബീരാന്‍ (36315)
1987 കെ ബാവ ഹാജി (46674)
1991 ഇ ടി മുഹമ്മദ് ബശീര്‍ (52489)
1996 ഇ ടി മുഹമ്മദ് ബശീര്‍ (52037)
2001 ഇ ടി മുഹമ്മദ് ബശീര്‍ (58270)
2006 പി പി അബ്ദുല്ലക്കുട്ടി (71270)
2011 സി മമ്മൂട്ടി (69305)