ഇനിയും മരിക്കാത്ത ഭൂമി

Posted on: March 22, 2016 6:00 am | Last updated: March 22, 2016 at 12:18 am

A Pakistani child drinks water from a ha>>ഇന്ന് ലോക ജലദിനം

ജൈ വ വൈവിധ്യവും പ്രകൃതിയിലെ ജലമടക്കമുള്ള അനുബന്ധ ഘടകങ്ങളും ചേര്‍ന്നതതാണ് നമ്മുടെ പരിസ്ഥിതി. അതിന്റെ സുസ്ഥിരവും സുന്ദരവുമായ നിലനില്‍പ്പിന് മനുഷ്യ ജീവനോളം പ്രാധാന്യമുണ്ട്. വ്യവസായിക വിപ്ലവം അതിന്റെ ഉച്ചിയിലെത്തുകയും അതുകാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതില്‍ മനുഷ്യര്‍ ബഹുദൂരം മുന്നോട്ടു പോകുകയും ചെയ്തപ്പോഴാണ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ഉടലെടുക്കുന്നത്.
ഭൂമിയില്‍ വൈവിധ്യങ്ങളായ കാലാവസ്ഥകള്‍ക്കനുസൃതമായി വ്യത്യസ്തങ്ങളായ പരിസ്ഥിതി ഘടനയാണുള്ളത്. മനുഷ്യ ഇടപെടലുകള്‍ അധികമില്ലാത്ത സ്ഥലങ്ങളില്‍ പരിസ്ഥിതി ഘടകങ്ങള്‍ക്ക് വലിയ വ്യത്യാസമില്ലാതെ പരസ്പരം പൂരകങ്ങളായി അവ വര്‍ത്തിക്കുന്നു. ഇതിനെ പരിസ്ഥിതി വ്യൂഹം ( ഋി്ശൃീിാലിമേഹ ട്യേെലാ) എന്ന് വിളിക്കുന്നു. എന്നാല്‍ ഇന്ന് മനുഷ്യന്റെ ക്രമാതീതമായ ഉപയോഗവും പരിസ്ഥിതിയോടുള്ള അവഗണനയും പരിസ്ഥിതി വ്യൂഹത്തെ തകര്‍ത്ത് അപകടകരമായ ഒരു പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഈ പ്രതിസന്ധികളെ മറികടക്കാന്‍ ദിനംപ്രതി പുതിയ പഠനങ്ങള്‍ പുറത്ത് വരുന്നുവെന്നല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നിടത്തു നിന്നാണ് ലോക ജലദിനാചരണത്തെ നാം ചര്‍ച്ചക്കെടുക്കേണ്ടത്.
1972ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ലോക പരിസ്ഥിതി സമ്മേളനത്തിന്റെ അലയൊലികള്‍ ഇന്ത്യയിലും പ്രതിധ്വനിച്ചു എന്നതിന്റെ തെളിവായിരുന്നു 1974 ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ജല മലിനീകരണം തടയല്‍ നിയമം. എന്നാല്‍ നാല് സംവത്സരങ്ങള്‍ക്കിപ്പുറവും നിയമം നോക്കുകുത്തിയായി നില്‍ക്കുന്നു. പ്രധാന പ്രകൃതി ഘടകങ്ങളായ ജലം, വായു, മണ്ണ് എന്നിവ സംരക്ഷിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അനുവദിച്ചിട്ടുള്ളതില്‍ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ പോലുമില്ല എന്നതാണ് ഖേദകരം.
ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്ന ജൈവേതര സംയുക്തമാണ് ജലം. മറ്റു പല പദാര്‍ഥങ്ങളെയും ലയിപ്പിക്കാനുള്ള കഴിവ് അടിസ്ഥാന ഗുണമായുള്ളതിനാല്‍ ജീവല്‍ പ്രക്രിയകള്‍ ജലത്തെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണം കഴിക്കാതെ നമുക്കെത്ര കാലം വേണമെങ്കിലും ജീവിക്കാനാകും. എന്നാല്‍ ജലമില്ലാതെയുള്ള ആയുസ്സ് ദീര്‍ഘം പോകില്ല. മനുഷ്യന്റെ മാത്രം അവസ്ഥയല്ല ഇത്. ജീവികളുടെ നിലനില്‍പ്പിന് ജലം അത്യാവശ്യമായത് പോലെ നനയ്ക്കാനും കുളിക്കാനും ജലം വേണം. വ്യവസായികാവശ്യങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കും ജലം കൂടിയേ തീരൂ.
ജലം പുനഃസൃഷ്ടിക്കപ്പടുന്ന പ്രകൃതി വിഭവമാണ്. (ഞലിലംമയഹല ഞലീൌൃരല). ജലത്തിന്റെ ബാഷ്പീകരണ, ഘനീഭവിക്കല്‍ പ്രക്രിയകളിലൂടെ മഴയായും മഞ്ഞ് വീഴ്ചയായും ശുദ്ധജലത്തിന്റെ പുനഃസൃഷ്ടിപ്പ് ഭൂമിയില്‍ നടന്നു കൊണ്ടിരിക്കുന്നു. മലിനീകരണം കൂടിയിട്ടും ഇപ്പോഴും ശുദ്ധജലം ലഭ്യമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഉപയോഗം അമിതമാകുകയും മലിനീകരണം പൂര്‍വാധികം ശക്തിപ്രാപിക്കുകയും ചെയ്യുമ്പോള്‍ പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജലചംക്രമണം നടക്കാതിരിക്കുകയും ജലത്തിന്റെ പുനഃസൃഷ്ടിപ്പ് അസാധ്യമാകുകയും ചെയ്യുന്നു.
ഭൗമോപരിതലത്തിന്റെ 70 ശതമാനവും ജലമാണ്. എന്നാല്‍ അതില്‍ 97 ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലമായിട്ടുള്ളത്. അതില്‍ തന്നെ 77 ശതമാനം ധ്രുവപ്രദേശങ്ങളില്‍ തണുത്തുറഞ്ഞും 22 ശതമാനം ഭൂഗര്‍ഭജലമായും കാണപ്പെടുന്നു. അവസാനം നമുക്കൊത്തുകിട്ടുന്നത് കേവലം ഒരു ശതമാനം ശുദ്ധജലമാണ്. ഭൂമിയില്‍ നമുക്ക് ലഭ്യമായ ശുദ്ധജലത്തില്‍ തന്നെ 70 ശതമാനവും കാര്‍ഷിക മേഖലകളിലാണ് ഉപയോഗിക്കുന്നത് (ഇന്ത്യയിലിത് 90 ശതമാനം വരും). 25 ശതമാനം വ്യവസായങ്ങള്‍ക്കായി നീക്കി വെക്കുമ്പോള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് കുടിവെളളമായി ലഭ്യമാകുന്നത്. ഇനിയൊന്ന് ചിന്തിക്കൂ. നാം ഉപയോഗിക്കുന്ന വെള്ളമെത്ര? പാഴാക്കുന്ന വെള്ളമെത്ര?
കേരളത്തിലേക്ക് വരാം. 2016 ന്റെ പ്രാരംഭത്തില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച, വരണ്ട നദിയില്‍ ഫുട്‌ബോള്‍ തട്ടുന്ന ബാലന്റെ ചിത്രം വരാനിരിക്കുന്ന വേനല്‍ വറുതിയുടെ ബീഭത്സ മുഖമാണ്. ജലസമ്പുഷ്ടതയില്‍ മറ്റു നാടുകളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് നമ്മുടെ കേരളം. മഴയിലൂടെത്തന്നെ കേരളത്തിന് ലഭിക്കുന്ന ശുദ്ധജലം ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടി കൂടുതലാണ്. 70 ശതമാനം ഇടവപ്പാതിയായും 16 ശതമാനം തുലാവര്‍ഷമായും 14 ശതമാനം വേനല്‍ മഴയായും പ്രതിവര്‍ഷം 3,000 മി മീറ്റര്‍ മഴവെള്ളം നമുക്ക് ലഭിക്കുന്നുണ്ട്. മാത്രവുമല്ല 45 ലക്ഷത്തോളം കിണറുകളും 44 നദികളും തോടുകളും കായലുകളും തടാകങ്ങളും കുളങ്ങളുമായി നമ്മുടെ ജലാശയങ്ങള്‍ സജീവമാണ്. 70,323 ദശലക്ഷം ഘനമീറ്റര്‍ ജലം ഉപരിതലത്തിലും 6229.55 ദശലക്ഷം ഘനമീറ്റര്‍ ജലം ഭൂഗര്‍ഭത്തിലും സുലഭമാണ്. എന്നിട്ടുമെന്തേ വേനലാകുമ്പോഴേക്ക് കുടിവെള്ളം അപ്രത്യക്ഷമാകുന്നു? യഥാവിധി പ്രകൃതിയില്‍ നിന്നും ചംക്രമണ പ്രക്രിയയിലൂടെ ലഭിക്കേണ്ട ജലത്തിന്റെ താളപ്പിഴവുകള്‍, ലഭിച്ച വെള്ളത്തിന്റെ ക്രമാതീതവും അശാസ്ത്രീയവുമായ കൈകാര്യം, അതിനേല്‍ക്കേണ്ടി വരുന്ന മലിനീകരണപ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ജലവറുതിയുടെ കാരണങ്ങള്‍.
പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചെറുതും വലുതുമായ എല്ലാം പരസ്പര ബന്ധിതമാണ്. വികസനത്തിന്റെ പേരില്‍ ബന്ധങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ വെള്ളം സൃഷ്ടിക്കപ്പെടുന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. ഇന്ന് വയലുകളടക്കം മിക്ക ജലസ്രോതസ്സുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അവിടങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഓരോ നീര്‍ത്തടം നികത്തുമ്പോഴും തങ്ങള്‍ പ്രകൃതിയുടെ സുസ്ഥിരതയെ തകിടം മറിച്ചു കൊണ്ടിരിക്കുകയാണ്. നഗരവത്കരണം കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ മലകളും കുന്നുകളും കാടുകളും ചിത്രങ്ങളില്‍ മാത്രം അവശേഷിക്കും. മണ്ണുമാന്തി യന്ത്രങ്ങളും മണല്‍ ലോറികളും പ്രകൃതിയുടെ മാറ് പിളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ മരിക്കുന്ന ഭൂമിക്ക് ചരമഗീതമെഴുതിയ മഹാകവിക്ക് പ്രണാമം.
ആഗോളതാപനത്തിന്റെ പരിണിതഫലമായി 2002, 2003 വര്‍ഷങ്ങളില്‍ ലോകം അനുഭവിച്ച വരള്‍ച്ച ഭയാനകരമായിരുന്നു. 19 ശതമാനത്തോളം മഴ കുറഞ്ഞു. 2002- 2008 കാലയളവില്‍ സിന്ധുനദീതല സമതല ഭൂമിക്കടിയില്‍ മാത്രം 109 ഘനകിലോ മീറ്റര്‍ ജലനഷ്ടം രേഖപ്പെടുത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചകള്‍ ഇന്നും ലോകം അനുഭവിക്കുന്നു. നേപ്പാളില്‍ 27 ഹിമതടാകങ്ങള്‍ അപ്രത്യക്ഷമായത് പുതിയ വാര്‍ത്തയാണ്. ഈയൊരവസ്ഥ തുടരുന്നുവെങ്കില്‍ 2025 ല്‍ ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനും ജലദൗര്‍ലഭ്യം അനുഭവപ്പെടും. ലോകം ചങ്ക് പൊട്ടി ചാകും.
ഇവിടെ പരിഹാരം ഒന്നേയുള്ളൂ. ‘സുസ്ഥിര വികസനം’. പ്രകൃതി തന്റേതു മാത്രമല്ലെന്നും വരാനിരിക്കുന്ന തലമുറക്ക് കൂടി അവകാശപ്പെട്ടതാണെന്നുമുള്ള പൊതുബോധം വളര്‍ത്തിയെടുക്കണം. ഒരു മരം നശിപ്പിക്കപ്പെടുമ്പോള്‍ നൂറു തൈകള്‍ ഭൂമിയില്‍ ജന്മം കൊള്ളണം. പ്രകൃതിയുടെ ഘാതകരെ തുരത്തി അവശേഷിക്കുന്ന ജീവനെങ്കിലും നിലനിര്‍ത്താന്‍ നമുക്കായാല്‍ ശുഭം. ജനങ്ങളുടെ അമിതവ്യയം സുസ്ഥിര വിഭവ വിനിയോഗത്തിന് വിലങ്ങ് തടിയാകുന്നു. മാത്രവുമല്ല, ചില കുത്തകക്കമ്പനികള്‍ അതിര് വിട്ട് ജലചൂഷണം നടത്തുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ ജലത്തിന്റെ തോത് കുറഞ്ഞു കൊണ്ടിരിക്കുന്നു.
കേരളത്തില്‍ വേനലാകുമ്പോഴേക്ക് ജലക്ഷാമം അനുഭവപ്പെടാന്‍ കാരണം ശാസ്ത്രീയ ജലസംരക്ഷണ മാര്‍ഗങ്ങളുടെ അഭാവമാണ്. കേരളത്തിന്റെ കുത്തനെയുള്ള ഭൂപ്രകൃതി കാരണം അധിക ജലവും ഒഴുകി കടലിലെത്തുന്നു. നദികളുടെ ഈ ഒഴുക്കിനെ നിയന്ത്രിച്ച് തടയണകള്‍ നിര്‍മിക്കാനായാല്‍ ഒരു പരിധി വരെ ജലം സംരക്ഷിക്കാനാകും. കനാലുകളിലേക്ക് നദികള്‍ തിരിച്ചുവിടുക, ബണ്ടുകള്‍ നിര്‍മിക്കുക, മഴക്കുഴികളും മഴവെള്ള സംഭരണികളും സജീവമാക്കുക തുടങ്ങിയവയും പ്രാവര്‍ത്തികമാക്കാകുന്നതാണ്.
ലഭ്യമായ ജലം മലിനമാക്കപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. ഒരു ജല സമുച്ചയത്തിലേക്ക് വിടുന്ന പദാര്‍ഥങ്ങള്‍ ജലത്തിലലിയുകയോ, അലിയാതെ പൊങ്ങിക്കിടക്കുകയോ, കീഴ്ത്തട്ടിലടിയുകയോ ചെയ്ത് ജലത്തിന് അവയെ ആഗിരണം ചെയ്യാനോ, വിഘടിക്കാനോ, പുനഃചംക്രമണം ചെയ്യാനോ കഴിയുന്നതിലപ്പുറമാകും വിധം കുമിഞ്ഞ് കൂടുകയും അങ്ങിനെ ജലപരിസ്ഥിതി പ്രക്രിയകളെ ബാധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ജലമലിനീകരണം. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന സള്‍ഫഡയോക്‌സൈഡും നൈട്രിക് ഓക്‌സൈഡും ഘനീഭവിച്ച് സള്‍ഫ്യൂറിക് ആസിഡും നൈട്രിക് ആസിഡുമായി ഭൂമിയില്‍ അമ്ലമഴയായി പെയ്തിറങ്ങി ജലാശയങ്ങളെ മലീമസമാക്കുന്നത് മറ്റൊരു കാഴ്ചയാണ്. ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ തിളക്കം നഷ്ടപ്പെടാന്‍ കാരണം അമ്ലമഴയാണെന്ന് പഠനങ്ങള്‍ പറയുമ്പോള്‍ ഊഹിക്കാകുന്നതാണ് അതിന്റെ ഭീകരത.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കാനും പൊതുസമ്പത്ത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കാനും മലീമസപ്പെടുത്താനും ആരാണ് നമുക്കവകാശം തന്നത്? ലോകത്തെ മുഴുവന്‍ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രകൃതി സൗഹൃദ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഒഴുകി ക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ നിന്നു പോലും അമിതവ്യയം പാടില്ലെന്ന പ്രവാചക പാഠം ജലമടക്കമുള്ള വിഭവങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഉപയോഗത്തിന്റെ പ്രാധാന്യം നമ്മെ ഓര്‍മപ്പെടുത്തുന്നു.