ജെ എന്‍ യു: ഉന്നത സമിതി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍

Posted on: March 18, 2016 5:57 am | Last updated: March 17, 2016 at 11:58 pm

jnuന്യൂഡല്‍ഹി: ജെ എന്‍ യു ക്യാമ്പസില്‍ കഴിഞ്ഞ മാസം ഒമ്പതിന് നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണ സംഗമവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥികള്‍.
കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ ചേര്‍ന്ന ജെ എന്‍ യു വിദ്യാര്‍ഥി കൗണ്‍സില്‍ മീറ്റിംഗിലാണ് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ തീരുമാനിച്ചത്. 21 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കാണിച്ച് കഴിഞ്ഞ 14ന് ജെ എന്‍ യു വിസിക്ക് ഉന്നാതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഉമര്‍ ഖാലിദ്, അനിര്‍ബാ ഭട്ടാചാര്യ എന്നിവരെ പുറത്താക്കണമെന്നും പാരിപാടിയില്‍ പ്രസംഗിച്ച ജെ എന്‍ യു എസ് യു പ്രസിഡന്റ് കന്‍ഹയ്യകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു.
പ്രകോപനപരമായ മുദ്രാവാക്ക്യം ഉയര്‍ത്തിയത് ജെ എന്‍ യു വിദ്യാര്‍ഥികളല്ല, ക്യാമ്പസിന്പുറത്തു നിന്നുവന്ന ചിലരാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും സര്‍വകലാശാല സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇവയെന്നും പരിഗണിക്കാതെയാണ് വിദ്യാര്‍ഥികളെ കരുവാക്കി സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അതേസമയം, റിപ്പോര്‍ട്ട് നീതിയുക്തമായ രീതിയിലല്ല നടന്നിരിക്കുന്നതെന്ന് കാണിച്ചാണ് വിദ്യാര്‍ഥി കൗണ്‍സില്‍ റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്. നീതിയുക്തമായ രീതിയിലല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ ആര്‍ക്കോവേണ്ടി കുറ്റക്കാരാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളികളയുന്നുവെന്ന് സ്റ്റുഡന്‍സ് കൗണ്‍സില്‍ മെമ്പര്‍മാര്‍ പറഞ്ഞു.