Connect with us

Kozhikode

കൊടുവള്ളിയില്‍ 'റസാഖു'മാര്‍ പ്രചാരണ ചൂടിലേക്ക്

Published

|

Last Updated

കൊടുവള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ദിവസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും കൊടുവള്ളി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്ററുടെയും ലീഗില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്ന കാരാട്ട് റസാഖിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുക്കുന്നു. സാമൂഹിക മാധ്യമങ്ങളായ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലുമാണ് വീറും വാശിയുള്ള പോസ്റ്റുകളും ചര്‍ച്ചകളും നടക്കുന്നത്. വോട്ടഭ്യര്‍ഥിച്ചും സ്വാഗതം ചെയ്തുകൊണ്ടുമുള്ള പോസ്റ്റുകളും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന വിവിധ കണ്‍വെന്‍ഷനുകളുടെയും പ്രകടനങ്ങളുടെയും പ്രസംഗങ്ങളുടെയും പടങ്ങളുമാണ് ഏറെയും.

സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖിന് വോട്ടു തേടുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കപ്പെടുന്നതുമായ ഇമ്പമാര്‍ന്ന മാപ്പിള ഇശല്‍ പാരടി ഗാനങ്ങളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രംഗം ചൂടുപിടിപ്പിക്കുന്നു.
മാത്രമല്ല സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കണ്‍വെന്‍ഷനുകളിലും കുടുംബ യോഗങ്ങളിലും എത്തി പരമാവധി പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനുള്ള തീവ്രശ്രമത്തിലുമാണ്.
മുസ്‌ലിം ലീഗ് ഇതിനകം കൊടുവള്ളിയില്‍ മൂന്ന് കണ്‍വെന്‍ഷനുകളും രണ്ട് തവണ ശക്തിപ്രകടനവും നടത്തി കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് കാരാട്ട് റസാഖ് ജനകീയ കണ്‍വന്‍ഷനും നൂറുകണക്കിനാളുകളെ അണിനിരത്തി പ്രകടനവും നടത്തി സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കാരാട്ട് റസാഖ് പരമാവധി പ്രവര്‍ത്തകരെ സ്വാധീനിക്കാനും പിന്തുണ ഉറപ്പാക്കാനും ശ്രമം നടത്തുമ്പോള്‍ അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള കഠിന പരിശ്രമത്തിലാണ് മുസ്‌ലിം ലീഗ്.
ഇടത് മുന്നണിയുടെയും സി പി എമ്മിന്റെയും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ രംഗം കൂടുതല്‍ ഉഷാറാകും. കാരാട്ട് റസാഖ് എല്‍ ഡി എഫിന്റെ പിന്തുണ തേടിയിട്ടുണ്ടെങ്കിലും സി പി എം ലിസ്റ്റ് പുറത്തിറക്കിയാലേ എല്‍ ഡി എഫ് പ്രാദേശിക നേതാക്കള്‍ കാരാട്ട് റസാഖിനൊടൊന്നിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.