ജഡ്ജിമാരുടെ ദുരൂഹ പിന്മാറ്റങ്ങള്‍

Posted on: March 13, 2016 5:10 am | Last updated: March 12, 2016 at 11:35 pm

അതീവ ദുരൂഹമാണ് രണ്ട് പ്രമുഖ കേസുകളുടെ സുപ്രീംകോടതി ബഞ്ചുകളില്‍നിന്നുള്ള ന്യായാധിപ തലവന്മാരുടെ പിന്മാറ്റം. ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസ് കൈകാര്യം ചെയ്യുന്ന ബഞ്ചിന്റെ തലവന്‍ ജസ്റ്റിസ് ഗോപാല ഗൗഡയും അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെട്ട ബെംഗുളൂരു സ്‌ഫോടനക്കേസ് പരിഗണിക്കുന്ന ബഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ചെലമേശ്വറുമാണ് തത്സ്ഥാനങ്ങളില്‍ നിന്ന് പിന്മാറിയത്. ബാബ്‌രി മസ്ജിദ് കേസില്‍ ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി, വി എച്ച് പി നേതാക്കളായ ഗിരിരാജ് കിഷോര്‍, വിനയ് കത്യാര്‍, വിഷ്ണു ഹരിഡാല്‍മിയ, സാധ്വി ഋതംഭര, മഹന്ത് വൈദ്യനാഥ്, അശോക് സിംഗാള്‍ തുടങ്ങിയവര്‍ക്കെതിരായ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്നാണ് ജസ്റ്റിസ് ഗോപാല ഗൗഡ പിന്മാറിയത്. മഅ്ദനി കേസില്‍ നിന്നുള്ള ജസ്റ്റിസ് ചെലമേശ്വറിന്റെ പിന്മാറ്റം നാടകീയമായിരുന്നു. കേസില്‍ നിന്നൊഴിവാകുന്ന കാര്യം അത് പരിഗണിക്കുന്ന വേളയില്‍ പ്രസ്തുത ജഡ്ജി തന്നെ പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ പിന്മാറ്റവാര്‍ത്ത കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇറക്കിയ ഒരു ഉത്തരവിലൂടെയാണ് പുറത്തു വന്നത്. ഈ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് മഅ്ദനിക്ക് ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ചെലമേശ്വറായിരുന്നു.
കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തിട്ട് 24 വര്‍ഷം പിന്നിട്ടു. നീണ്ട പതിനേഴ് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കുറ്റവാളികള്‍ ആരെല്ലാമെന്ന് ലിബര്‍ഹാന്‍ കമ്മീഷണ്‍ കണ്ടെത്തുകയും ചെയ്തു. ഏഴ് വര്‍ഷത്തോളമായി ഈ റിപ്പോര്‍ട്ടിന്മേലുള്ള കേസ് പരമോന്നത കോടതിയില്‍ നടന്നുവരികയുമാണ്. പ്രതികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടില്ലെന്ന് മാത്രമല്ല അവരില്‍ പലരും അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങളില്‍ വിരാജിക്കുകയുമാണ്. ഈ കൊടുംകുറ്റവാളികളെ തൊടാനാകാതെ ഭരണകൂടവും നിയമ വ്യവസ്ഥയും പഞ്ചപുഛമടക്കി നില്‍ക്കുന്നു. അതിനിടെ പ്രതികളില്‍ ചിലര്‍ മരണപ്പെട്ടപ്പോള്‍, അവരുടെ മൃതശരീരങ്ങള്‍ക്കുമേല്‍ ദേശീയ പതാക പുതപ്പിച്ചും ദേശീയ ബഹുമതികളോടെ സംസ്‌കാരം നടത്തിയും നിയമവ്യവസ്ഥയെ ഭരണകൂടങ്ങള്‍ പരിഹസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസ് കൈകാര്യം ചെയ്യുന്ന മുഖ്യന്യായാധിപന്റെ പിന്മാറ്റം പല സന്ദേഹങ്ങള്‍ക്കും ഇടം നല്‍കുന്നു. കേസ് ഇനി കോടതി പരിഗണിക്കണമെങ്കില്‍ ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിനെ നിയോഗിക്കണം. അതിന് കാലതാമസമെടുക്കും. അങ്ങനെ നിലവില്‍ വരുന്ന ബഞ്ച് കേസ് പഠിച്ചു നടപടികളിലേക്ക് കടക്കാന്‍ പിന്നെയും വൈകും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നുണ്ടെന്ന വസ്തുത ഇതിനകം വ്യക്തമായതാണ്. ജഡ്ജിമാരുടെ പിന്മാറ്റത്തിന് പിന്നിലെ താത്പര്യം ഇത് തന്നെയാണോ? അതോ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ?
പ്രമുഖര്‍ ഉള്‍പ്പെട്ട കേസുകളില്‍ ന്യായാധിപന്മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇതേതുടര്‍ന്നുള്ള സമ്മര്‍ദങ്ങള്‍ കാരണം ന്യായാധിപന്മാര്‍ കേസില്‍ നിന്ന് പിന്മാറിയ സംഭവങ്ങളും ധാരാളം. നരോദാപാട്യാ കേസില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് കെ എസ് ഝവേരിയും പിന്മാറിയത് പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നുവല്ലോ. സഹാറാ കേസ് കൈകാര്യം ചെയ്യുന്ന വേളയില്‍ ജസ്റ്റിസ് കെ എസ് രാധാകൃഷണന് നേരിടേണ്ടി വന്ന കടുത്ത സമ്മര്‍ദങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയതാണ്. സ്‌പെക്ട്രം കേസില്‍ മുന്‍ കേന്ദ്ര മന്ത്രി കെ എം രാജയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയും അനധികൃതമായി അനുദിച്ച 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദ് ചെയ്തുമുള്ള നിര്‍ണായക വിധി ഒരു വര്‍ഷത്തിലേറെ വൈകിയിരുന്നു. ബാഹ്യ സമ്മര്‍ദങ്ങളാണ് കാലതാമസത്തിനിടയാക്കിയതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി എ കെ ഗാംഗുലി ഒരു ചാനലിനോട് വെളിപ്പെടുത്തുകയുണ്ടായി.
ബാബ്‌രി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളികളിലേറെയും പ്രമുഖരും ഭരണ, രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ്.ഇവരുടെ ഭാഗത്ത് നിന്ന് നീതിപീഠത്തിന് സമ്മര്‍ദങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന പ്രത്യേക കോടതി ഇവര്‍ക്കെതിരായ കേസ് റദ്ദാക്കിയിരുന്നു. പിന്നീട് സി ബി ഐ ആവശ്യപ്പെട്ടതനുസരിച്ച് സുപ്രീംകോടതിയാണ് ഇവരെ ഗൂഢാലോചനാ കേസില്‍ പ്രതികളാക്കിയത്. ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ അപ്പീല്‍ പോകാന്‍ വൈകിയതിന് സി ബി ഐയെ അന്ന് സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എട്ട് കോടി ചെലവഴിച്ച് ഒന്നര വ്യാഴവട്ടക്കാലത്തെ അന്വേഷണത്തിന് ശേഷം ജസ്റ്റിസ് ലിബര്‍ഹാന്‍ 2009 ജൂണ്‍ 30ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കാനും അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വിമുഖത കാണിക്കുകയുണ്ടായി. മാധ്യമങ്ങള്‍ വഴി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ റിപ്പോര്‍ട്ട് പിന്നീട് സഭയില്‍ വെച്ചത്. വര്‍ഗീയ ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഫലമായി വിവിധ കേസുകളില്‍ അകപ്പെട്ട് ദശാബ്ദങ്ങളായി നിയമക്കുരുക്കിലും തടവറയിലുമാണ് മഅ്ദനി. കേസുകള്‍ അനിശ്ചിതായി നീണ്ടു പോയിട്ടും പുതിയ ആരോപണങ്ങള്‍ ചുമത്തിയും തടസ്സവാദങ്ങള്‍ ഉന്നയിച്ചും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത് പോലും തടസ്സപ്പെടുത്തി വരികയാണ് ഭരണകൂടങ്ങള്‍. ഇത് നീതിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചെലമേശ്വര്‍ ഇതിനിടെ ഉപാധികളോടെയെങ്കിലും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് ഗോപാല ഗൗഡയും കാരണങ്ങള്‍ തുറന്നു പറയാതെ കേസുകളില്‍ നിന്ന് പിന്മാറുമ്പോള്‍ തകരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ്. ഇതുവഴി മതേതരത്വവും നിയമവാഴ്ചയും ജനാധിപത്യ സമൂഹത്തിലെ നീതി സങ്കല്‍പ്പവും അപഹസിക്കപ്പെടുകയാണ്.