പ്രസംഗം വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കമാല്‍പാഷ

Posted on: March 12, 2016 11:56 pm | Last updated: March 12, 2016 at 11:56 pm

kamal pashaതൃശൂര്‍: തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തു തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍പാഷ. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാനൊരു ചടങ്ങില്‍ പറഞ്ഞ വാചകങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചാണ് സാമൂഹ്യവിരുദ്ധന്‍ പോസ്റ്റിട്ടത്. അത് കണ്ട മലയാളത്തിലെ പ്രമുഖ ദിനപത്രം യാതൊന്നും നോക്കാതെ ആ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിച്ചു. എന്നാല്‍ അത് ശരിയാണോയെന്ന് അന്വേഷിക്കാതെ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നുണ്ടായ ബഹളത്തിനൊടുവില്‍ ഖേദം പ്രകടിപ്പിച്ചപ്പോഴും അതില്‍ ഉള്‍ക്കൊള്ളിച്ച വരികളില്‍ എന്റെ പേരാണ് ഉപയോഗിച്ചത്. അങ്ങിനെയൊരു മാധ്യമ പ്രവര്‍ത്തനം ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മതവിശ്വാസിയാണ്. പ്രവാചകനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഖുര്‍ആനില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളുമാണ്. പ്രവാചകനെ നിന്ദിച്ചു സംസാരിച്ചെന്ന് നവ സാമൂഹ്യ മാധ്യമങ്ങളിലും പത്രത്തിലും ദുഷ്പ്രചാരണം നടത്തിയവര്‍ ഖേദം പ്രകടിപ്പിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.