യുവേഫ ചാമ്പ്യന്‍സ് ലീഗ്:റയല്‍ ക്വാര്‍ട്ടറില്‍

Posted on: March 10, 2016 9:58 am | Last updated: March 10, 2016 at 9:58 am

ufefaമാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീസണിലെ നാല്‍പതാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ റയല്‍മാഡ്രിഡ് എ എസ് റോമയെ കീഴടക്കി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇറ്റലിയില്‍ റോമയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 2-0ന് ജയിച്ച റയല്‍ സ്വന്തം തട്ടകത്തിലെ രണ്ടാം പാദവും അതേ മാര്‍ജിനില്‍ ജയിച്ചതോടെ 4-0 എന്ന വലിയ മാര്‍ജിനിലാണ് ക്വാര്‍ട്ടര്‍ പ്രവേശം.

ജര്‍മന്‍ ക്ലബ്ബ് വിഎഫ്എല്‍ വോള്‍സ്ബര്‍ഗും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ബെല്‍ജിയം ക്ലബ്ബ് ജെന്റിനെ ഇരുപാദത്തിലുമായി 4-2ന് പരാജയപ്പെടുത്തിയാണ് മുന്നേറ്റം.
ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദം വോള്‍സ്ബര്‍ഗ് 1-0ന് ജയിച്ചു.
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും പിറകിലായ റയല്‍മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം അഭിമാനവിഷയമാണ്.
ലാ ലിഗയില്‍ പന്ത്രണ്ട് പോയിന്റ് പിറകിലായതോടെ റയല്‍ മാഡ്രിഡ് കളിക്കാരും കോച്ച് സിദാനുമെല്ലാം സമ്മര്‍ദത്തിലാണ്.

റോമക്കെതിരെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ വിഷമിച്ചതോടെ സ്വന്തം കാണിക്കൂട്ടം തന്നെ റയലിനെ കൂക്കിവിളിച്ചു. പ്രധാനമായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലക്ഷ്യമിട്ടു. ഇത് പക്ഷേ, പ്രതിസന്ധിഘട്ടത്തില്‍ ടീം വിടുമെന്ന സൂചന നല്‍കിയതിനായിരുന്നു.പത്ത് തവണ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി റെക്കോര്‍ഡിട്ട റയല്‍ ഇറ്റാലിയന്‍ എതിരാളിക്കെതിരെ സമ്പൂര്‍ അറ്റാക്കിംഗ് ഗെയിം കാഴ്ചവെച്ചു. 64താം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 68താം മിനുട്ടില്‍ ഹാമിഷ് റോഡ്രിഗസും സ്‌കോര്‍ ചെയ്തു. റോമയുടെ ഗോള്‍മുഖത്തേക്ക് മുപ്പത്തേഴ് ഷോട്ടുകളാണ് റയല്‍ ഉതിര്‍ത്തത്.
സ്‌കോര്‍ഷീറ്റില്‍ രണ്ടാമതും പേര് ചേര്‍ത്താനുള്ള സുവര്‍ണാവസരം ക്രിസ്റ്റ്യാനോ പാഴാക്കി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പതിമൂന്ന് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോയാണ് ഹാമിഷ് റോഡ്രിഗസിന് ഗോളൊരുക്കിയത്. അതിവേഗ കൗണ്ടര്‍ അറ്റാക്കിംഗിലായിരുന്നു ഗോള്‍ പിറന്നത്.

എ എസ് റോമക്കും സുവര്‍ണാവസരങ്ങളുണ്ടായിരുന്നു. സെക്കോയും മുഹമ്മദ് സാലയും ഫിനിഷിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തി. റയല്‍ ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കത്തോടെ കളിച്ചത് മത്സരഫലത്തില്‍ പ്രതിഫലിച്ചുവെന്ന് റോമ കോച്ച് ലൂസിയാനോ സ്പലെറ്റി പറഞ്ഞു. റയല്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍ ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ ലെഹ്മാന്റെ ഒമ്പത് മത്സരങ്ങളുടെ റെക്കോര്‍ഡിനരികെയാണ് നവാസ്.
ചാമ്പ്യന്‍സ് ലീഗില്‍ 61 മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്ത് ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് പുതുക്കി. റൗളും (56) മെസി(51)യുമാണ് പിറകില്‍.