സിറിയയില്‍ 4,86,700 പേര്‍ മരണാസന്നര്‍; ജീവന്‍ നിലനിര്‍ത്തുന്നത് കാലിത്തീറ്റ ഭക്ഷിച്ച്‌

Posted on: March 10, 2016 6:00 am | Last updated: March 10, 2016 at 12:39 am

imagesദമസ്‌കസ്: വന്‍ ശക്തികള്‍ ഇടപെട്ടതോടെ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് തകര്‍ന്നടിഞ്ഞ സിറിയയില്‍ കുട്ടികളടക്കമുള്ളവര്‍ ജീവന്‍ നിലനിര്‍ത്തുന്നത് കാലിത്തീറ്റ ഭക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. തുറന്ന ജയിലിലായിക്കഴിഞ്ഞ സിറിയയിലെ 18 ഇടങ്ങളിലായി 4,86,700 പേര്‍ മരണാസന്നമായ നിലയിലാണെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളിലേക്ക് ഭക്ഷണമോ മരുന്നോ ഇന്ധനമോ എത്തിക്കാനാകുന്നില്ല. ഒന്നുകില്‍ സര്‍ക്കാര്‍ സൈന്യം വളഞ്ഞ നിലയിലാണ് ഈ പ്രദേശങ്ങള്‍. അല്ലെങ്കില്‍ വിമതവിഭാഗം. അതുമല്ലെങ്കില്‍ ഇസില്‍ അന്നുസ്‌റ ഫ്രണ്ട്. ഈ സാഹചര്യത്തില്‍ ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ എന്തെങ്കിലും ധാരണയിലെത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 27ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ വലിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഒന്നര ലക്ഷത്തോളം പേരില്‍ ദുരിതാശ്വാസ സഹായമെത്തിക്കാനേ ഈ താത്കാലിക സമാധാനം ഉപകരിച്ചിട്ടുള്ളൂവെന്ന് സേവ് ദി ചില്‍ഡ്രന്‍ സി ഇ ഒ തന്യാ സ്റ്റീലേ പറഞ്ഞു. എന്നാല്‍ ഈ ദുരിതാശ്വാസം തികച്ചും പരിമിതമാണ്. ജീവന്‍ നിലനിര്‍ത്താന്‍ ഇത് അപര്യാപ്തമാണ്. ദീര്‍ഘകാല സമാധാനം മാത്രമാണ് പോംവഴിയെന്ന് തന്യാ പറഞ്ഞു.
സേവ് ദി ചില്‍ഡ്രന്‍ കൂടിക്കാഴ്ച നടത്തിയ മൂന്നില്‍ ഒന്ന് പേരും പറഞ്ഞത് ഒരു നേരം പോലും ആഹാരം കഴിക്കുന്നില്ലെന്നാണ്. ഭക്ഷണമില്ലാതെ കുട്ടികള്‍ മരിക്കുന്നത് നിത്യസംഭവമായിരിക്കുന്നുവെന്നാണ് നാലില്‍ ഒന്ന് ആളുകള്‍ പറഞ്ഞത്. സൈന്യം വളഞ്ഞ മുഹമ്മദിയ്യ പട്ടണത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. നവജാത ശിശുക്കളുടെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സാധിക്കുന്നില്ല. വരും ദിവസങ്ങളില്‍ നവജാത ശിശുക്കള്‍ മരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് ഏതാനും മൈല്‍ അകലെയാണ് മുഹമ്മദിയ്യ പട്ടണം.