മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു; പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചു

Posted on: March 9, 2016 6:08 pm | Last updated: March 10, 2016 at 3:37 pm

mathrubhumi

കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പ് പറയാന്‍ തയ്യാറായ സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചതായി കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കളായ എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദനുമായും മാതൃഭൂമിയിലെ മറ്റു മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മാതൃഭൂമി ചാനലിലും മാതൃഭൂമി ഓണ്‍ലൈനിലും പത്രാധിപര്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. ‘മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് പംക്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു പത്രാധിപരുടെ കുറിപ്പ്. നാളെ മാതൃഭൂമി പത്രത്തിലും ഖേദപ്രകടനം നടത്താമെന്ന് സുന്നി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസും പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളും തത്കാലത്തേക്ക് മാറ്റിവെച്ചതായി നേതാക്കള്‍ അറിയിച്ചു.

മാതൃഭൂമി മാപ്പ് പറയുക: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ) യെയും അവഹേളിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ വന്നകുറിപ്പ് പിന്‍വലിച്ച് മാപ്പ്പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീത്വ വാദിയായി നല്ല പിള്ളചമയാന്‍ കമാല്‍ പാഷനടത്തിയ അബദ്ധ ജഡിലമായ പ്രസംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരൊ എഴുതിവിട്ട കുറിപ്പ് സനാതന പത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ വിലാസംപോലുമില്ലാതെ പ്രസിദ്ധീകരിച്ചത് ആരുടെ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാണ് എന്നറിയാന്‍ സമൂഹത്തിന് താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് വിരുദ്ധമായി സോഷ്യല്‍ മീഡിയകളില്‍ വന്ന ഒരു വരിപോലും മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടില്ല.

ഒരുമൈതാന കയ്യടി പ്രസംഗികന്റെ തലത്തിലേക്ക് തരംതാണുപോയ ന്യായാധിപന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച്, മാതൃഭൂമിപത്രം മെനഞ്ഞുണ്ടാക്കിയ പ്രവാചക നിന്ദ തീര്‍ത്തും അപകടകരമാണ്. മാതൃഭൂമിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പ്രവാചകന്റെ ഔന്നിത്യത്തെയൊ ഇസ്‌ലാമിന്റെ ശോഭയേയോ കെടുത്താനാകില്ല. അടുത്തകാലത്തായി മാതൃഭൂമി പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഇത്തരം കുറിപ്പുകള്‍ ആരുടെ ഇംഗിതത്തിനനുസരിച്ചാണ് എന്ന് വ്യക്തമാവേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന പ്രസ്തുത കുറിപ്പിന് പരസ്യമായി മാപ്പ് അപേക്ഷിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ.പി അബ്ദുല്‍ കരീം ഹാജി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെകെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, കെ,എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം.എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ്, കെ.അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പ്രൊഫ: കെ.എം.എ റഹീം, എന്‍.അലിഅബ്ദുല്ല, അഡ്വ:എ.കെ ഇസ്മാഈല്‍ വഫ, അപ്പോളോ മൂസ ഹാജി പ്രൊഫ:എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് എന്നിവര്‍ പങ്കെടുത്തു.

മാതൃഭൂമി തനിനിറം കാട്ടുന്നു; അവജ്ഞയോടെ തള്ളുക: എസ് എസ് എഫ്

കോഴിക്കോട്: പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തിയും ഇസ്‌ലാമിക സംസ്‌കാരത്തെ അവഹേളിച്ചും മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അഭിപ്രായപ്പെട്ടു. മാതൃഭൂമി കുറച്ചു കാലങ്ങളായി തുടരുന്ന സാമ്രാജ്യത്വ, സയണിസ്റ്റ്, ഫാഷിസ്റ്റ് ദാസ്യത്തിന്റെ തുടര്‍ച്ചയാണീ നടപടിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ജസ്റ്റിസ് കമാല്‍ പാഷയുടെ അബദ്ധജടിലമായ പ്രസ്താവനയുടെ ചുവടുപിടിച്ച് പ്രവാചകരെ അവഹേളിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. മാതൃഭൂമി പത്രത്തിന്റെ പോളിസിയുടെ ഭാഗമാണോ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം.

ഫേസ്ബുക്കില്‍ നിന്നുള്ള പോസ്റ്റ് പ്രസിദ്ധീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി. എഫ് ബി പോസ്റ്റ് ആരുടേതെന്ന് പത്രത്തില്‍ കൊടുത്തിട്ടുമില്ല. ആ നിലക്ക് മാതൃഭൂമി ഡസ്‌കിലുള്ള ആരുടെയോ മനോവൈകൃതമാണ് വെളിച്ചം കണ്ടത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

കമാല്‍ പാഷയുടെ പ്രസ്താവനക്കെതിരെ ഇസ്ലാമിക പക്ഷത്ത് നിന്ന് ഒട്ടേറെ പേര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്ന് പോലും പ്രസിദ്ധീകരിക്കാതെ ഇസ്ലാമിനെയും പ്രവാചകരെയും അവഹേളിക്കുന്ന കുറിപ്പുകള്‍ മാത്രം തിരഞ്ഞെടുത്തത് എന്തിനെന്ന ചോദ്യത്തിന് മാതൃഭൂമിയില്‍ നിന്ന് മറുപടിയുണ്ടായില്ല. ഇത്തരം വിമര്‍ശങ്ങള്‍ക്ക് ഇസ്ലാമിന്റെയോ പ്രവാചകരുടെയോ ശോഭ കെടുത്താനാകില്ല. കേരളത്തില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആരുടെയെങ്കിലും ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്. പത്രത്തിന്റെ പോളിസിയുടെ ഭാഗമല്ല ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതെങ്കില്‍ തിരുത്താന്‍ മാതൃഭൂമി മാന്യത കാട്ടുമെന്നാണ് എസ് എസ് എഫ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.