സൂപ്പര്‍ ബിസിനസ് ക്ലാസുമായി ഖത്വര്‍ എയര്‍വേയ്‌സ്

Posted on: March 4, 2016 8:49 pm | Last updated: March 4, 2016 at 8:49 pm

QUATAR AIRWAYSദോഹ: ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളില്‍നിന്നും വ്യത്യസ്തമായി സൂപ്പര്‍ ബിസിനസ് ക്ലാസ് സൗകര്യമവുമായി ഖത്വര്‍ എയര്‍വേയ്‌സ്. കമ്പനിയുടെ ബോയിംഗ് 777 വിമാനത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് തയാറെയുപ്പു നടന്നു വരുന്നതെന്ന് അറേബ്യന്‍ ബിസിനസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ലൈഡിംഗ് ഡോറുകളുള്ള സൂപ്പര്‍ ബിസിനസ് ക്ലാസ് സീറ്റുകള്‍ കാബിനുകള്‍ക്ക് സമാനമായ സ്യൂട്ടുകളാക്കി മാറ്റാന്‍ കഴിയും. സിംഗപ്പൂര്‍ എയര്‍ലൈനു വേണ്ടി ബൃട്ടീഷ് കമ്പനിയായ ഡി സി എ ഇന്റര്‍നാഷനല്‍ രൂപകല്‍പ്പന ചെയ്തതിനു സമാനമായ രീതി തന്നെയാണ് ഖത്വര്‍ എയര്‍വേയ്‌സും സ്വീകരിക്കുന്നത്. എന്നാല്‍ ഖത്വര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി തയാറാക്കുന്ന ഡിസൈന്‍ കമ്പനി പേറ്റന്റ് എടുക്കും. ഈ സ്റ്റൈല്‍ മറ്റൊരു വിമാന കമ്പനിയും ഉപയോഗിക്കാതിരിക്കുന്നതിനാണിത്.

വിമാനത്തില്‍ പുതിയ സീറ്റുകള്‍ നിലവില്‍ വരുന്നതു സംബന്ധിച്ച് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ നേരത്ത പ്രതികരിച്ചിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ ഫസ്റ്റ് ക്ലാസ് എന്നു പറഞ്ഞ അദ്ദേഹം ഇടുങ്ങിയ രീതിയിലുള്ള സീറ്റ് സംവിധാനം ഒരിക്കലും ഖത്വര്‍ എയര്‍വേയ്‌സ് കൊണ്ടു വരില്ലെന്ന് അറിയിച്ചിരുന്നു. പ്രൈവറ്റ് സ്യൂട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെമി പ്രൈവസിയാണ് തങ്ങള്‍ ചിന്തിക്കുന്നത്. കാബിന്‍ രീതിയില്‍ യാത്രക്കാര്‍ സ്ലൈഡ് ഡോറുകള്‍ അടച്ചാല്‍ അത് സ്വകാര്യതയുള്ള കാബിനായി മാറും. അര്‍ധ സ്വകാര്യതയുള്ള കാബിനുകളില്‍ യാത്രക്കാര്‍ ഉറങ്ങുമ്പോള്‍ തികഞ്ഞ സ്വകാര്യത വേണ്ടതുണ്ടെങ്കില്‍ ഈ രീതി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ ബിസിനസ് ക്ലാസിന്റെ മീഡിയ ലോഞ്ച് നവംബറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് ഡിസംബര്‍ മുതലാണ് യാത്രാ സൗകര്യം ലഭ്യമാകുക. ലോഗ് റേഞ്ച് എയര്‍ ബസ് എ 350-1000 വിമാനത്തിലും സൗകര്യം ഏര്‍പ്പെടുത്തും. 2017 മാര്‍ച്ചിലാണ് വിമാനത്തിന്റെ ഡെലിവറി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനിടെ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ നവീകരണം നടന്നു വരികയാണ്. ഓരോ മാസവും മൂന്നു വിമാനങ്ങള്‍ വീതം നവീകരിക്കുന്നുണ്ടെന്ന് സി ഇ ഒ വ്യക്തമാക്കി. എയര്‍ബസ് എ 380 എസ് വിമാനം ഫസ്റ്റ്ക്ലാസ് ഓണ്‍ലിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.