എണ്ണ വിലയിടിവ്; ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു

Posted on: March 3, 2016 3:15 pm | Last updated: March 8, 2016 at 9:29 pm

ethihadഅബുദാബി:എണ്ണ വില കുത്തനെ കുറഞ്ഞതോടെ ഗള്‍ഫ് സെക്ടറുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു. ഗള്‍ഫ് വിമാന കമ്പനികളാണ് ഇന്ത്യയിലേക്കുള്ള നിരക്ക് കുത്തനെ കുറച്ചത്. ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് 14.5 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയില്‍ 20 ശതമാനത്തിലേറെ നിരക്ക് കുറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയ വിമാന കമ്പനികളായ ഇത്തിഹാദ്, ഗള്‍ഫ് എയര്‍, എമിറേറ്റ്‌സ്, സഊദി എയര്‍ലൈന്‍ എന്നിവയുടെ നിരക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ യാത്രക്ക് കമ്പനികള്‍ പരസ്പരം മത്സരിച്ച് പ്രമോഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണ വിലയാണ് പരസ്പരമുള്ള മത്സരത്തിന് വിമാന കമ്പനികളെ പ്രേരിപ്പിച്ചത്. പ്രമുഖ ട്രാവല്‍ പോര്‍ട്ടായ ക്ലിയര്‍ ട്രിപ്പിന്റെ കണക്ക് പ്രകാരം എമിറേറ്റ്‌സിന്റെ മിഡില്‍ ഈസ്റ്റ് സര്‍വീസുകളുടെ നിരക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 17.6 ശതമാനത്തിലേറെ കുറഞ്ഞു.

ഇന്ത്യയിലേക്കുള്ള നിരക്ക് 8.5 ശതമാനം കുറഞ്ഞപ്പോള്‍ യൂറോപ്പിലേക്കുള്ള എമിറേറ്റ്‌സിന്റെ നിരക്ക് രണ്ടര ശതമാനം വര്‍ധിച്ചു. എന്നാല്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ യൂറോപ്പിലേക്കുള്ള നിരക്ക് 18.5 ശതമാനം കുറഞ്ഞു.
ഇന്ത്യയിലേക്കുള്ള നിരക്ക് 14.5 ശതമാനവും മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ 20.8 ശതമാനവും ഖത്വര്‍ എയര്‍വേയ്‌സ് കുറച്ചു. ഇത്തിഹാദിന്റെ യൂറോപ്യന്‍ റൂട്ടുകളിലെ നിരക്ക് 20.7 ശതമാനമാണ് കുറഞ്ഞത്. മിഡില്‍ ഈസ്റ്റ് നഗരങ്ങളിലേക്കുള്ള നിരക്ക് 12.2 ശതമാനമാണ് കുറഞ്ഞത്. അതേസമയം ഇന്ത്യയുടെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യയും വിമാന ടിക്കറ്റ് നിരക്ക് കുറച്ചില്ലെന്ന ആക്ഷേപമുണ്ട്.

800 ദിര്‍ഹം മുതലുള്ള നിരക്കില്‍ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഖത്വര്‍ എയര്‍വേയ്‌സ് എന്നീ വിമാനങ്ങളില്‍ തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് ലഭിക്കുമ്പോള്‍ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 1,000 ദിര്‍ഹമിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. എല്ലാ സൗകര്യവുള്ള വിമാന കമ്പനികള്‍ കുറഞ്ഞ നിരക്ക് ഈടാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.