വിദ്യാര്‍ഥികള്‍ക്കായി ‘ഇ മോഡ്’ ആപ്ലിക്കേഷന്‍

Posted on: March 3, 2016 1:39 pm | Last updated: March 3, 2016 at 1:39 pm
SHARE

appകൊച്ചി: വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും സഹായിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ‘ഇ മോഡ്’ വരുന്നു. മലപ്പുറം വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ എ എം എം അസോസിയേറ്റ്‌സ് ആണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ടാബ്ലറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ആപ്പ് ലഭ്യമാകുക.

സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകള്‍, പാഠപുസ്തകങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍, പ്രോജക്ടുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാം ഈ ആപ്പിലുണ്ടാകും. അതത് സ്‌കൂളുകളുമായി ബന്ധിപ്പിക്കുന്നതിനാല്‍ അധ്യാപകര്‍ക്ക് ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് അസൈന്‍മെന്റ് നല്‍കാനും നിരീക്ഷിക്കാനും കഴിയും. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠന നിലവാരം അളക്കാനും കുട്ടികളുടെ കഴിവും ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങള്‍ തിരിച്ചറിയാനും ഈ ആപ്പ് ഉപകാരപ്രദമാണ്. ജി പി എസ് സംവിധാനം വഴി കുട്ടി എവിടെയാണുള്ളതെന്നറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്നു.

അടുത്ത അധ്യയന വര്‍ഷം 75,000 ടാബുകള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമെന്നു എ എം എം അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ അസ്‌ലം തുറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലാകമാനം ഇരുപതോളം സ്‌കൂളുകള്‍ ഇതിനകം തന്നെ ‘ ഇ മോഡ്’ ആപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 5.30 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആപ്പ് പുറത്തിറക്കും. മന്ത്രിമാരായ പികെ അബ്ദുര്‍റബ്ബ്, വികെ ഇബ്‌റാഹിം കുഞ്ഞ് എന്നിവര്‍ പങ്കെടുക്കും. ചെയര്‍മാന്‍ കെ എം മുര്‍ശിദ്, റോളര്‍ വി ജോജി, മുഹമ്മദ് ഇര്‍ശാദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here