Connect with us

Editorial

കൃഷിയെ ഊന്നുമ്പോള്‍

Published

|

Last Updated

കാര്‍ഷിക, ഗ്രാമീണ മേഖലകളുടെ വികസനത്തിനും ആരോഗ്യ പരിരക്ഷക്കും ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. കാര്‍ഷിക, ജലസേചന സൗകര്യം വ്യാപിപ്പിക്കുന്നതുള്‍പ്പെടെ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലക്ക് ഉണര്‍വ് പകരാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജലസേചനത്തിന് 8,500 കോടി, കാര്‍ഷിക കടത്തിന് 90 ലക്ഷം കോടി, ജൈവ കൃഷി പ്രോത്‌സാഹിപ്പിക്കാന്‍ അഞ്ച് ലക്ഷം കോടി, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ പ്ലാറ്റ്‌ഫോം സംവിധാനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ബജറ്റ് അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും അവകാശപ്പെടുന്നുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കും ബജറ്റ് പരിഗണന നല്‍കുന്നു.
എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെയും 60 വയസ്സ് കഴിഞ്ഞ പൗരന്‍മാര്‍ക്ക് 1,30,000 രൂപയുടെയും ആരോഗ്യ പരിരക്ഷ, മുഴുവന്‍ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍, 3,000 ന്യായവില മരുന്ന് ഷാപ്പുകള്‍ തുടങ്ങിവയാണ് ആരോഗ്യ മേഖലയിലെ പദ്ധതികള്‍. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച വന്‍തുകയാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. 38,500 കോടിയാണ് ഈയിനത്തില്‍ നീക്കിവെച്ചത്. അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടത് പോലെ യഥാവിധി ചെലവഴിക്കുകയാണെങ്കില്‍ ഇതൊരു റെക്കോര്‍ഡ് തുകയാണ്. 34,699 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. എന്നാല്‍ യു പി എ സര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ തൊഴിലുറപ്പ് പദ്ധതി നാടിന് ഉപകാരപ്രദമായിത്തീരുന്ന വിധം പുനഃസംവിധാനം ചെയ്യേണ്ടതുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ സബ്‌സിഡി വെട്ടിക്കുറക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചു വരികയാണെന്നും മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. പാചകവാതക സബ്‌സിഡിയുടെ 91 ശതമാനവും ഉപയോഗപ്പെടുത്തുന്നതും ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന വൈദ്യുതി കൂടുതലും ഉപയോഗിക്കുന്നതും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാചകവാതകം, വൈദ്യുതി എന്നിവയിലെ സബ്‌സിഡിയില്‍ നിന്ന് സമ്പന്ന വിഭാഗത്തെ ഒഴിവാക്കി പാവപ്പെട്ടവന് ലഭിക്കേണ്ട സബ്‌സിഡി ചോര്‍ച്ച തടയണമെന്നും സര്‍വേയില്‍ നിര്‍ദേശമുണ്ട്. ഇതിനനുസൃതമാണ് സബ്‌സിഡി വെട്ടിക്കുറവെങ്കില്‍ സ്വാഗതാര്‍ഹമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം ബജറ്റില്‍ കടുത്ത നികുതി നിര്‍ദേശങ്ങളൊന്നുമില്ല. ബീഡി ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്കും വെള്ളി ഒഴികെയുള്ള ആഭണങ്ങള്‍ക്കും ആഡംബര കാറുകള്‍ക്കും ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും നികുതി വര്‍ധന, പത്ത് ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് സെസ്, പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ്, ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം സര്‍ചാര്‍ജ്, വാര്‍ഷിക വരുമാനം 50 ലക്ഷം ഉള്ളവര്‍ക്ക് അനുമാന നികുതി എന്നിവയിലൊതുങ്ങുന്നു അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍.
മഴക്കുറവ് മൂലം രാജ്യവ്യാപകമായി അനുഭവപ്പെട്ട വരള്‍ച്ച, തൊഴില്‍ മേഖലയിലെ മാന്ദ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു രാജ്യം വളര്‍ച്ചയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ജി ഡി പി 7.6 ശതമാനമായതായും മന്ത്രി അവകാശപ്പെടുകയുണ്ടായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണം പൊതുജനത്തിന് നല്‍കാതെ അടിക്കടി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ലഭിച്ച അധിക വരുമാനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉലച്ചില്‍ തട്ടാതെ രക്ഷിച്ച പ്രധാന ഘടകം. കേന്ദ്ര ജീവനക്കാരുടെ ശമ്പള വര്‍ധന വിലക്കയറ്റിത്തിനോ നാണ്യപ്പെരുപ്പത്തിനോ ഇടയാക്കാതിരുന്നതും ഇതുകൊണ്ടാണ്. അതേസമയം എണ്ണ വിലക്കുറവിന്റെ ഗുണം സമ്പന്നര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നുമുണ്ട്. ഡീസലിന്റെ നികുതി 55ഉം പെട്രോളിന്‍േറത് 61ഉം ശതമാനമാണങ്കില്‍ വിമാനയാത്രാ ഇന്ധനത്തിനുള്ള നികുതി 20 ശതമാനം മാത്രമാണ്. സാധാരണക്കാരനെ കൊള്ളയടിച്ചു കൈവരിച്ച ഈ സാമ്പത്തിക മികവ് ഒരു താത്കാലിക നേട്ടം മാത്രമാണ്. ഭാവിയിലും അത് നിലനിര്‍ത്താന്‍ സര്‍ക്കാറിന്റെ മുന്നിലുള്ള മാര്‍ഗങ്ങളെന്തെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കുന്നില്ല. കാര്‍ഷിക മേഖലയിലെ ഉത്പാദനച്ചെലവ് അനുദിനം വര്‍ധിക്കുകയും അതിനനുസൃതമായി കര്‍ഷകന് വില ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് തടഞ്ഞു ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കിയെങ്കിലേ കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്താനും ശോഷിച്ചു വരുന്ന കാര്‍ഷിക മേഖലയെ സജീവമാക്കാനും സാധിക്കുകയുളളൂ. ഈ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ പ്രയോജനവും വ്യാപാരികളും ഇടനിലക്കാരും കൈക്കലാക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇ-മാര്‍ക്കറ്റിംഗ് സംവിധാനത്തിന് ഈ ഗതി വരാതെ സൂക്ഷിക്കേണ്ടതുണ്ട്.

Latest