Connect with us

Qatar

ആശുപത്രി മാലിന്യ സംസ്‌കരണത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും

Published

|

Last Updated

ദോഹ: ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പടെ ആരോഗ്യ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മിസൈദിലെ വ്യവസായ മാലിന്യം സംസ്‌കരിക്കുന്ന കേന്ദ്രത്തില്‍ ആശുപത്രി മാലിന്യം കത്തിച്ച് കളയാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശയ്ക്ക് അനുമതി നല്‍കി. ഖത്വര്‍ പെട്രോളിയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണം അവയുടെ സംസ്‌കരണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. അമീരി ദിവാനില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി അധ്യക്ഷനായിരുന്നു. ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹൂദ് അജന്‍ഡ അവതരിപ്പിച്ചു.
ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് (സേഹ) സംബന്ധിച്ച് ഉന്നത ആരോഗ്യ സമിതി മുന്നോട്ടുവച്ച നിയമ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. നിലവില്‍ സേഹ കൈകാര്യം ചെയ്യുന്ന നാഷനല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സേവനം അവസാനിപ്പിക്കാനും പകരം സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളെ ഏല്‍പ്പിക്കാനുമുള്ള ഉന്നത ആരോഗ്യ സമിതിയുടെ തീരുമാനമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഖത്വരി പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കാന്‍ പുതിയ ഭേദഗതിയില്‍ വകുപ്പുണ്ട്. ദോഹ നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഖത്വര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷന്റെ ചുമത കലാസാംസ്‌കാരിക പൈതൃക മന്ത്രാലയത്തില്‍ നിന്ന് മാറ്റി വിദ്യാഭ്യാസ ഉന്നതാധികാര സമിതിക്ക് കീഴിലാക്കാന്‍ തീരുമാനിച്ചു. യുവസമൂഹത്തെ മികച്ച പൗരന്മാരായി വളര്‍ത്താനുള്ള ലക്ഷ്യവുമായാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Latest