Connect with us

Gulf

ബനിയാസ്, അല്‍ റഹ്ബ ഇമിഗ്രേഷനുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

Published

|

Last Updated

അബുദാബി: താമസ കുടിയേറ്റവകുപ്പിന്റെ അബുദാബിയിലെ ബനിയാസ്, അല്‍ റഹ്ബ ശാഖാ ഓഫീസുകള്‍ വാരാന്ത്യ അവധി ദിനമായ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂര്‍ ഇമിഗ്രേഷന്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ പടിയാണിതെന്ന് അബുദാബി ഇമിഗ്രേഷന്‍ വിസാ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ബിന്‍ കറൂഅ് അല്‍ ഫലാഹി അറിയിച്ചു. കുറഞ്ഞ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഉപഭോക്താക്കളുടെ തിരക്കും സമയനഷ്ടവും കുറക്കുകയാണ് ലക്ഷ്യം, അല്‍ ഫലാഹി ചൂണ്ടിക്കാട്ടി.
രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ശേഷം രണ്ട് മണിവരെയാണ് ബനിയാസ്, അല്‍ റഹ്ബ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ബനിയാസ് ഓഫീസില്‍ സ്വദേശികളുടെ വീട്ടുവേലക്കാരുടെ വിസാ സംബന്ധമായ അപേക്ഷകളില്‍മേലാണ് സേവനമുണ്ടാവുക.
അതേ സമയം അല്‍ റഹ്ബ ഓഫീസില്‍ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉണ്ടാകും. ബന്ധപ്പെട്ടവര്‍ ശനിയാഴ്ചകളിലാരംഭിക്കുന്ന പുതിയ സേവന സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അല്‍ ഫലാഹി അപേക്ഷിച്ചു.