ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച കൊടുവള്ളി ബൈപ്പാസ് റോഡ് വാഹന പാര്‍ക്കിംഗിന് മാത്രം

Posted on: December 29, 2015 11:59 am | Last updated: December 29, 2015 at 11:59 am

കൊടുവള്ളി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡ് വാഹന പാര്‍ക്കിംഗില്‍ ഞെരുങ്ങുന്നു. റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്.
കൊടുവള്ളി ടൗണിലെ ഗതാഗത കുരുക്കഴിക്കാന്‍ ഉപകരിക്കേണ്ടതാണ് ഈ ബൈപ്പാസ് റോഡ്. എന്നാല്‍ ബൈപ്പാസ് റോഡ് കൊടുവള്ളിയുടെ പാര്‍ക്കിംഗ് കേന്ദ്രമാണിന്ന്.
മുമ്പ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയപ്പോഴും ബൈപ്പാസ് റോഡ് വാഹന പാര്‍ക്കിംഗിനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. ബൈപ്പാസ് റോഡ് വഴി ചെറിയ വാഹനങ്ങള്‍ തിരിച്ചുവിടുകയും പാര്‍ക്കിംഗ് ഒരു വശത്ത് മാത്രമാക്കി ഒതുക്കുകയും ചെയ്താല്‍ കൊടുവള്ളിയിലെ ഗതാഗത കുരുക്കിന് ഒട്ടൊക്കെ പരിഹാരം കാണാനാകും.