നബിദിനത്തില്‍ രോഗികള്‍ക്ക് സാന്ത്വനമേകി മഅ്ദിന്‍ മീലാദ് കിറ്റ് വിതരണം

Posted on: December 25, 2015 11:03 am | Last updated: December 25, 2015 at 11:03 am

മലപ്പുറം: പെരുമ്പറമ്പ് മഅ്ദിന്‍ കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വയുടെ പത്താം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ‘കരുണയില്‍ ഒരു കരം’ എന്ന ശീര്‍ഷകത്തില്‍ മലപ്പുറത്തെ വിവിധ ആശുപത്രികളില്‍ മീലാദ് കിറ്റ് വിതരണം ചെയ്തു. നാസ്ത, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു കിറ്റ്. വിതരണോദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. സൗജന്യ റേഷന്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സഹായ വിതരണം തുടങ്ങിയ പത്തോളം കര്‍മ്മ പദ്ധതികളുള്‍ക്കൊള്ളുന്ന ദഅ്‌വ ദസ്ത്രയുടെ ഭാഗമായാണ് കിറ്റ് വിതരണം നടന്നത്. മലപ്പുറം താലൂക്ക് ഹോസ്പിറ്റല്‍, ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റല്‍, സഹകരണ ഹോസ്പിറ്റല്‍ കുന്നുമ്മല്‍, ഓര്‍ക്കിഡ് ഹോസ്പിറ്റല്‍ കിഴക്കേതല, ഗവണ്‍മെന്റ് യൂനാനി ആശുപത്രി മുണ്ടുപറമ്പ് എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് മീലാദ് കിറ്റുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഡോ. അജേഷ് രാജന്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സയ്യിദ് ശഫീഖ് അല്‍ബുഖാരി, എസ് എസ് എഫ് ഈസ്റ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, സൈതലവി സഅദി, അബ്ദുല്‍ വാരിസ് സഖാഫി മുക്കം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് നിയാസ് തോട്ടുമുക്കം, ഇര്‍ഷാദ് കൊപ്പം, മിഖ്ദാദ് കണ്ണൂര്‍, അന്‍വാര്‍ സ്വാദിഖ് പന്താരങ്ങാടി, മിദ്‌ലാജ് കണ്ണൂര്‍, കുഞ്ഞിമുഹമ്മദ് എടരിക്കോട് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.