Connect with us

Kerala

സൗദിയില്‍ മലയാളികള്‍ക്ക് പീഡനം: ജോലി തട്ടിപ്പില്‍ പോലീസുകാരനും പങ്ക്

Published

|

Last Updated

ഹരിപ്പാട്: സഊദിയില്‍ സ്‌പോണ്‍സര്‍മാരുടെയും അറബിയുടെയും ക്രൂരമര്‍ദനത്തിനിരയായ മലയാളി യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസുകാരനും പങ്കെന്ന് ആരോപണം. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കെ എന്‍ വിനോദ് കുമാര്‍ ഉള്‍പ്പെട്ട ജോലി തട്ടിപ്പ് സംഘത്തില്‍ ചിങ്ങോലി സ്വദേശിയായ ഷംനാസ്, കായംകുളം സ്വദേശി ഷാബുമോന്‍ എന്നിവര്‍ക്കും പങ്കുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.ഹരിപ്പാട്ടെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയും തട്ടിപ്പിന് കൂട്ടുനിന്നതായാണ് ആരോപണം. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി സഊദിയിലെ അബഹയില്‍ ആഹാരവും വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂര മര്‍ദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്.
പമ്പ് ഓപറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സഊദിയിലേക്ക് കൊണ്ടുപോയത്.എന്നാല്‍ ഒമ്പതിന് ബൈജു വീട്ടിലേക്ക് ഫോണ്‍ ചെയ്ത് താന്‍ ചതിയില്‍ അകപ്പെടുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുത്താനുളള മാര്‍ഗമുണ്ടാക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. മര്‍ദനം സഹിച്ച് പിടിച്ചുനിന്ന ബൈജുവിനെ കഴിഞ്ഞ ദിവസം സില്‍വര്‍ ഡോട്ട് എന്ന കമ്പനിയുടെ ഉടമയെന്ന് പറയപ്പെടുന്ന അറബി കരിങ്കല്ലുകള്‍ ചുമപ്പിച്ച ശേഷം അലറികൊണ്ട് വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചിങ്ങോലി സ്വദേശി ഷംനാസ് കാറുകയറ്റി കൊല്ലാനുളള ശ്രമവും നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളികള്‍ പകര്‍ത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഡീസല്‍ മെക്കാനിക്കായ ബിമല്‍ കുമാറിനും അഭിലാഷിനും വര്‍ക്ക്‌ഷോപ്പിലെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സഊദിയിലെത്തിയ ഇവരെക്കൊണ്ട് ഇഷ്ടിക നിര്‍മാണ ജോലിയും ചെടികള്‍ക്ക് വെള്ളം നനപ്പിക്കുകയുമാണ് ചെയ്യിക്കുന്നത്. ഇവിടെ എത്തിപ്പെട്ട മൂവര്‍ക്കും താമസിക്കാന്‍ സ്ഥലമോ ഭക്ഷണമോ വസ്ത്രമോ ലഭിക്കുന്നില്ല. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്യും. കിടക്കാന്‍ ഇടമില്ലാത്ത ഇവര്‍ക്ക് ഒരു മലയാളിയാണ് ഭക്ഷണം വാങ്ങിക്കൊടുത്തതെന്ന് വീട്ടുകാര്‍ പറയുന്നു. ഇവരെ നാട്ടില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട്, കായംകുളം, സി ഐമാര്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍ പോലീസുകാരനും ഉള്‍പ്പെട്ടതിനാല്‍ പോലീസിന്റെ സമ്മര്‍ദത്തില്‍ സംഭവം പുറംലോകം അറിയാതിരിക്കുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ കണ്ണികളായ ഷംനാസിന്റെയും ഷാബുമോന്റെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരുടെ വിവരങ്ങള്‍ ഒന്നും തന്നെ ശേഖരിക്കാന്‍ കഴിഞ്ഞില്ല.