ഗുജറാത്തില്‍ മുസ്ലിം ലീഗ് പണിത വീടുകള്‍
ഗുജറാത്തില്‍ മുസ്ലിം ലീഗ് പണിത വീടുകള്‍

ലീഗിന്റെ ഗുജറാത്ത് ഫണ്ട് വിനിയോഗം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ‘2005ന് ശേഷം ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്’ എന്ന വിഷയത്തില്‍ അഹമ്മദാബാദ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന സഹീദ് റൂമിയും പത്രപ്രവര്‍ത്തകയായ ഫസീല മെഹറും നടത്തിയ അന്വേഷണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്കായി വിവിധ സംഘടനകള്‍ പണിതുകൊടുത്ത 86 കോളനികള്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച വേളയിലാണ് ഏറ്റവും വൃത്തിഹീനമായ സ്ഥലത്ത് മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി നല്‍കിയ ‘ബൈത്തുല്ലഅന’/ശാപ ഭവനങ്ങള്‍ എന്നുവിളിക്കാവുന്ന വീടുകള്‍ ഇവര്‍ കണ്ടെത്തിയത്. സാധാരണ 100 രൂപയുടെ റിലീഫ് നടത്തുമ്പോള്‍ 200 രൂപയുടെ പരസ്യം നല്‍കാറുള്ള ലീഗ് എന്തുകൊണ്ടാണ് ആരോരുമറിയാതെ ഈ ഷീറ്റിട്ട നാല്‍പ്പത് കൂടാരങ്ങള്‍ കലാപ ഇരകള്‍ക്ക് നല്‍കിയത്? ഇത്തരം പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാധ്യമപ്പടയെ കൂടെക്കൂട്ടാറുള്ള ലീഗ് നേതാക്കള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും താക്കോല്‍കൈമാറ്റം അറിയിക്കാത്തതിന്റെ ‘ഗുട്ടന്‍സ്’ ഇപ്പോഴാണ് പിടികിട്ടിയത്.
2002 ഫെബ്രുവരി അവസാന ആഴ്ചയിലാണ് രാജ്യത്തെ ഞെട്ടിച്ച ഗുജറാത്ത് വംശഹത്യ അരങ്ങേറുന്നത്. മുവായിരത്തോളം മനുഷ്യര്‍ അതിക്രൂരമായി കൊല ചെയ്യപ്പെടുകയും നിരവധി വീടുകള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്ത കലാപത്തിന്റെ ബാക്കിപത്രം വിവരണാതീതമായിരുന്നു. അനാഥമായ കുടുംബങ്ങള്‍ക്കും നിരാലംബരായ മനുഷ്യക്കോലങ്ങള്‍ക്കും ദുരിതങ്ങളുടെ കൊടുംചൂടില്‍ ഒരിത്തിരി തണലേകാന്‍ മനുഷ്യസ്‌നേഹികള്‍ മുന്നോട്ടുവന്നു. അക്കൂട്ടത്തില്‍ ലീഗുമുണ്ടായിരുന്നു. മുസ്‌ലിംകളില്‍ ഏറെ വൈകാരികതയുണ്ടാക്കിയ സംഭവമെന്ന നിലയില്‍ ലീഗിന്റെ സഹായാഭ്യര്‍ഥനക്ക് നാട്ടിലും മറുനാട്ടിലും വലിയ തോതിലാണ് പ്രതികരണമുണ്ടായത്. കലാപം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴേക്ക് തന്നെ വിവിധ സംഘടനകള്‍ ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് വീടുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിവരുന്നത് എന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ ആ സമയത്ത് തന്നെ യൂത്ത് ലീഗ് സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ലീഗ് സമാഹരിച്ച തുക കൊണ്ടുള്ള സഹായം ഉടന്‍ നല്‍കുമെന്ന മറുപടിയാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. പക്ഷേ, രണ്ട് വര്‍ഷം ആകാറായിട്ടും ചന്ദ്രികയില്‍ പോലും തത്സംബന്ധമായി ഒരു വാര്‍ത്തയും വരാതെവന്നപ്പോള്‍ ലീഗിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
ഗുജറാത്ത് ഫണ്ടിലേക്ക് എത്ര രൂപ പിരിഞ്ഞുകിട്ടി? എത്ര രൂപ ചെലവഴിച്ചു? ഏതിനത്തിലൊക്കെയാണ് ചെലവിട്ടത്? എന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ഉണ്ടായില്ല. സാധാരണ ഏത് പാര്‍ട്ടി, ഫണ്ട് പിരിക്കുകയാണെങ്കിലും ഏതൊക്കെ ജില്ലകളില്‍ നിന്നും മറുനാട്ടിലെ ഏതൊക്കെ പോഷകസംഘടനകളില്‍നിന്നും എത്രയൊക്കെ സംഖ്യ കിട്ടിയെന്നതിന് വ്യക്തമായ കണക്കുണ്ടാകും. എന്നാല്‍ ഗുജറാത്ത് ഫണ്ടിന്റെ കാര്യത്തില്‍ ഒരു കൈയും കണക്കും ലീഗ് നേതൃത്വത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ കമ്മിറ്റിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബോധ്യമായിരുന്നു. ഈ വിഷയം പുറത്തറിഞ്ഞതോടെ എന്തെങ്കിലും കാട്ടിക്കൂട്ടി തടിതപ്പാന്‍ നടത്തിയ നീക്കമാണ് നടന്നത്. അങ്ങനെയാണ് മുന്‍ പിന്‍ ആലോചനയില്ലാതെ അഹമ്മദാബാദിലെ ഒരു കോണ്‍ഗ്രസ് നേതാവിനെ നക്കാപിച്ചക്ക് എവിടെയെങ്കിലും സ്ഥലം വാങ്ങി കുറച്ച് കൂരകള്‍ പണിതു നല്‍കാന്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പിരിഞ്ഞുകിട്ടിയ ഭീമമായ തുകയില്‍ സിംഹഭാഗവും എങ്ങോട്ടാണ് പോയത്? പല ഫണ്ടിന്റെ കാര്യത്തിലും ചെയ്യാറുള്ളത് പോലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും ചന്ദ്രികയുടെ കടം വീട്ടാനും ഗുജറാത്ത് ഫണ്ടിലേക്ക് സദുദ്ദേശ്യത്തോടെ ജനങ്ങള്‍ ഉദാരമായി നല്‍കിയ പണം ഉപയോഗിച്ചുവെന്നാണ് അന്നേ ഉണ്ടായിരുന്ന അണിയറ സംസാരം. ആളുകള്‍ എതൊരാവശ്യത്തിലേക്കാണോ സംഭാവനകള്‍ നല്‍കുന്നത് അതേ ആവശ്യത്തിനല്ലാതെ ഒരു ചില്ലിപ്പൈസ പോലും ചെലവാക്കാന്‍ പാടില്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികളെന്ന് പുരപ്പുറത്ത്കയറി കൂവുന്നവരാണ് ഈ പാതകം കാണിക്കുന്നതെന്നോര്‍ക്കണം. സുനാമി ഫണ്ടിന് സംഭവിച്ചതും ഇതേ ഗതിയായിരുന്നു.
ഏല്‍പ്പിച്ചവരാരും തിരിഞ്ഞ് നോക്കുന്നില്ലെന്നുവന്നപ്പോള്‍ നവാബ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം, 1975 മുതല്‍ തന്നെ അഹമ്മദാബാദിലെ ചപ്പുചവറുകള്‍ കൊണ്ടുതള്ളുന്ന ഗ്യാസ്പൂര്‍പിരാനയില്‍ മാലിന്യമലക്കു തൊട്ടരികെ ഷീറ്റിട്ട കൂടാരങ്ങളുണ്ടാക്കി പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നു വേണം കരുതാന്‍. ഇവര്‍ക്ക് രേഖകള്‍ പോലും നല്‍കിയിട്ടില്ലത്രേ. ഒരു തെറ്റ് എങ്ങനെയാണ് മഹാപരാധമാകുന്നതെന്ന് ലീഗിന്റെ ഗുജറാത്ത് ഫണ്ട് വിനിയോഗത്തിന്റെ നാള്‍വഴികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
എത്ര സംഖ്യയാണ് അന്നു പിരിഞ്ഞ് കിട്ടിയതെന്ന് ഒര്‍മയില്ലെന്ന് പറയുന്ന ലീഗ് നേതാക്കളോട് ഒന്ന് ചോദിച്ചോട്ടെ. കേവലം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പോലും സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ഇന്ത്യയിലെ പതിനഞ്ച് കോടി മുസ്‌ലിംകളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരാകാന്‍ കഴിയുക? സിറ്റിസണ്‍ നഗറിലെ പാവങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന പുരയിടത്തിന്റെ പ്രമാണമെങ്കിലും നവാബ് ബില്‍ഡേഴ്‌സില്‍ നിന്ന് വാങ്ങി നല്‍കാനും കാര്യങ്ങളുടെ നിജസ്ഥിതി നേരിട്ട് മനസ്സിലാക്കാനുമായി ലീഗിന്റെ ഒരു ഉന്നത പ്രതിനിധി സംഘത്തെ എത്രയും വേഗം അങ്ങോട്ടയക്കാനും ലീഗ് നേതൃത്വം തയ്യാറാകണം. പറ്റിയ തെറ്റ് സമൂഹത്തോട് ഏറ്റുപറയുകയും വേണം. അതല്ല റൂമിയും ഫസീലയും എഴുതിയത് തെറ്റാണെന്നാണ് വാദമെങ്കില്‍ അവര്‍ക്കും അത് പ്രസിദ്ധീകരിച്ചവര്‍ക്കുമെതിരായി നിയമനടപടിക്ക് ലീഗ് മുന്നോട്ടുവരണം. മുസഫര്‍നഗര്‍ ഫണ്ടിനും ചെന്നൈ ഗ്രാമംദത്തെടുക്കല്‍ പദ്ധതിക്കും ഗുജറാത്ത് സുനാമി ഫണ്ടുകള്‍ക്കുമുണ്ടായ അവസ്ഥ വരാതെ നോക്കാന്‍ ചില ‘ധിക്കാരികളെ’ങ്കിലും ലീഗിലുണ്ടാകണം.