പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കാനുള്ള ഐക്യരാഷ്ട്ര സഭാ നടപടികള്‍ തുടങ്ങി

Posted on: December 17, 2015 4:40 am | Last updated: December 17, 2015 at 12:40 am

യു എന്‍ : പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയകള്‍ക്ക് ഐക്യരാഷ്ട്ര സഭയില്‍ തുടക്കമായി. കഴിഞ്ഞ 70 വര്‍ഷമായി പുരുഷന്‍മാര്‍ കൈയാളുന്ന സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇത്തവണ വനിതകളെ പരിഗണിക്കണമെന്ന അപൂര്‍വമായ ആവശ്യം സുരക്ഷാ കൗണ്‍സിലും ജനറല്‍ അസംബ്ലിയും അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഡിസംബര്‍വരെ കാലാവധിയുള്ള യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ് അമേരിക്കന്‍ സ്ഥാനപതി സാമന്ത പവര്‍, ജനറല്‍ അസംബ്ലി പ്രസിഡന്റ് മോഗെന്‍സ് ലയിക്ക്‌ടോഫ്റ്റ് എന്നിവര്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ മുന്നോട്ട് വെക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട് 193 യു എന്‍ അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കി. കത്തില്‍ വനിതാ സ്ഥാനാര്‍ഥികളുടെ പേര് മുന്നോട്ട് വെക്കണമെന്നും ഇരുവരും പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ നിലവില്‍വന്ന് 70 വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒരു വനിതയും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുരുഷന്‍മാര്‍ എടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്തുന്നതിന് വേണ്ടി പുതിയ സെക്രട്ടറി ജനറലായി വനിതയെ നാമനിര്‍ദേശം ചെയ്യണമെന്ന് അംഗരാജ്യങ്ങള്‍ക്കുള്ള കത്തില്‍ പറയുന്നുണ്ട്.
ക്രൊയേഷ്യയുടെ വനിതാ വിദേശകാര്യ മന്ത്രി വെസ്‌ന പ്യുസിക് , മാസിഡോണിയയില്‍നിന്നുള്ള മുന്‍ യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്‌റഗ്ജാന്‍ കരീം എന്നീ രണ്ട് വനിതകളുടെ പേര് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ലയിക്ക്‌ടോഫ്റ്റ് പറഞ്ഞു. രണ്ട് തവണ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാന്‍ കി മൂണിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. തന്റെ പിന്‍ഗാമിയായി ഒരു വനിത സ്ഥാനമേല്‍ക്കണമെന്ന് ശക്തിയായി വാദിക്കുന്നയാളാണ് ബാന്‍ കി മൂണ്‍. പലയവസരങ്ങളിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. യു എന്‍ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയകളില്‍ പരിഷ്‌കരണം വേണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ലിംഗ സമത്വവും വിവിധ മേഖലകളില്‍നിന്നുള്ളവരെ ഊഴം വെച്ച് തിരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവരണമെന്ന് യു എന്നിലെ ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജി പറഞ്ഞു. 2017 ജനുവരിയോടെ പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്.