ക്ലീന്‍ അപ് യു എ ഇ കാമ്പയിന്‍ റാസല്‍ ഖൈമയില്‍

Posted on: December 12, 2015 6:19 pm | Last updated: December 12, 2015 at 6:19 pm

AR-151219941റാസല്‍ ഖൈമ: രാജ്യത്തെ ശുചിത്വ സുന്ദരമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ക്ലീന്‍ അപ്പ് യു എ ഇ 14ാമത് എഡിഷന്‍ കാമ്പയിന്‍ റാസല്‍ ഖൈമയില്‍ എത്തി. എമിറേറ്റ്‌സ് എന്‍വയണ്‍മെന്റ് ഗ്രൂപ്പിന് കീഴില്‍ നടത്തുന്ന ശുചീകരണ യജ്ഞമാണ് റാസല്‍ ഖൈമ നഗരത്തില്‍ വ്യാഴാഴ്ച എത്തിയിരിക്കുന്നത്.
600 ഓളം സന്നദ്ധപ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്. പ്രകൃതിക്ക് ആഘാതം ഏല്‍ക്കാതിരിക്കാന്‍ മണ്ണില്‍ ലയിക്കുന്ന സഞ്ചികളാണ് ഇവര്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്നത്. പരുത്തിതുണിയിലുള്ള പുനരുപയുക്ത കൈയുറകളും സംഘം ഉപയോഗപ്പെടുത്തുന്നുണ്ട്. തൊപ്പിയും ടീഷര്‍ട്ടും അണിഞ്ഞ് ഊര്‍ജസ്വലതയോടെയാണ് നഗരത്തില്‍ അലക്ഷ്യമായി കിടക്കുന്ന ചപ്പുചവറുകളും മറ്റ് മലിനവസ്തുക്കളും സംഘം സൂക്ഷ്മതയോടെ നീക്കംചെയ്യുന്നത്. അല്‍ ഹംറ മേഖലയിലെ അല്‍ ജസീറയില്‍ നിന്ന് മാത്രം രണ്ട് മെട്രിക് ടണ്‍ മാലിന്യമാണ് സംഘം ശേഖരിച്ചത്.
റാസല്‍ ഖൈമ സാമ്പത്തിക വികസന വകുപ്പ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ ഖായിദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു നഗര ശുചീകരണം. ക്ലീന്‍ അപ് യു എ ഇ എന്നെഴുതിയ ഫഌഗ് സ്ഥാപിച്ച ശേഷം എമിറേറ്റ്‌സ് എന്‍വയണ്‍മെന്റ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഹബീബ അല്‍ മറാഅഷിയുടെ പ്രസംഗത്തോടെയായിരുന്നു ശുചീകരണ യജ്ഞത്തിന് തുടക്കമായത്. കാമ്പയിന്റെ ഭാഗമാവുന്നവരെ അവര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ശുചീകരണ യജ്ഞത്തില്‍ സംഘടനകളും സര്‍ക്കാരും വിദ്യാര്‍ഥികളും കുടുംബങ്ങളും വ്യക്തികളുമെല്ലാം അര്‍പണബോധത്തോടെയാണ് എല്ലാ വര്‍ഷവും പങ്കെടുക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.
2002ലാണ് ആദ്യമായി ക്ലീനപ് യു എ ഇ യജ്ഞം ആരംഭിച്ചത്. അന്ന് അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകള്‍ മാത്രമായിരുന്നു പങ്കാളികളായിരുന്നത്. പദ്ധതിക്ക് ലഭിച്ച വന്‍ പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
ചെറിയ തോതില്‍ ആരംഭിച്ച യജ്ഞത്തില്‍ ഇന്ന് 1.25 ലക്ഷം സന്നദ്ധപ്രവര്‍ത്തകരാണ് അണിചേര്‍ന്നിരിക്കുന്നതെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും ഹബീബ പറഞ്ഞു.