ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്ക്

Posted on: December 12, 2015 1:43 pm | Last updated: December 13, 2015 at 10:29 am

oommen-chandy1

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിലക്ക്. ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നും എസ് എന്‍ ഡി പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൂചന. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൊവ്വാഴ്ച കൊല്ലത്താണ് ആര്‍ ശങ്കര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നത്.
നേരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതും വെള്ളാപ്പള്ളി നടേശനായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ രൂപവത്കരിച്ച പുതിയ പാര്‍ട്ടിയായ ബി ഡി ജെ എസിന്റെ ബി ജെ പി ബാന്ധവത്തിന് ഔപചാരിക തുടക്കം കുറിക്കുന്ന പരിപാടിയാക്കി ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിനെ മാറ്റാനാണ് നീക്കം. ആര്‍ എസ് എസ് നേതൃത്വം വെള്ളാപ്പള്ളി നടേശനുമായി കൂടിയാലോചിച്ച് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനാല്‍ മുഖ്യമന്ത്രിക്കെതിരെ ചടങ്ങില്‍ പ്രതിഷേധം ഉണ്ടാകുമെന്ന ഐ ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിലക്കാന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇടപെട്ട് മുഖ്യമന്ത്രിയോട് പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ വെള്ളാപ്പള്ളിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്വകാര്യ ചടങ്ങാണെന്ന വിശദീകരണമാണ് ആദ്യം വെള്ളാപ്പള്ളി നല്‍കിയത്. പിന്നീട്, ഐ ബി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് വിലക്കിയതെന്ന വിശദീകരണം വന്നു. മുഖ്യമന്ത്രി പങ്കെടുത്താല്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകുമെന്ന ഐ ബി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ് എന്‍ ഡി പിയുടെ വിശദീകരണം.
അതേസമയം, സംഘാടകരുടെ അഭ്യര്‍ഥന മാനിച്ചാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് വിധത്തില്‍ താന്‍ ബാധ്യസ്ഥനാണ്. ആര്‍ ശങ്കര്‍ കെ പി സി സി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാല്‍, തന്നെ ക്ഷണിച്ച സംഘാടകര്‍ പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകും. അതേസമയം, മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രിയെ വിലക്കിയത് അപമാനകരമാണെന്നും പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.