Connect with us

Kerala

'അയാം വെരി സോറി, ദാറ്റ് കനോട്ട് ബി അക്‌സപ്റ്റഡ്'

Published

|

Last Updated

ഏമാന്‍മാര്‍ ഇടഞ്ഞെന്ന് കരുതി രമേശ് ചെന്നിത്തല കുലുങ്ങില്ല. ഭരണം അദ്ദേഹത്തെ ആരും പഠിപ്പിക്കുകയും വേണ്ട. ഇന്ദിരാജി മുതല്‍ കെ കരുണാകരന്‍ വരെയുള്ള രാഷ്ട്രീയ ഗുരുക്കളിലൂടെ താവഴിയായി ലഭിച്ചതാണത്. ഏതെങ്കിലും ഒരു പോസ്റ്റിംഗിന് വേണ്ടി ലോക്‌നാഥ് ബെഹറയെന്നല്ല, അതിനേക്കാള്‍ വലിയൊരു ഉദ്യോഗസ്ഥന്‍ വാശിപിടിച്ചാലും മറുപടി ഒന്ന് മാത്രം. “അയാം വെരി സോറി, ദാറ്റ് കനോട്ട് ബി അക്‌സപ്റ്റഡ്. ആരെ എവിടെ നിയമിക്കണമെന്നത് സര്‍ക്കാറിന്റെ തീരുമാനമാണ്”- ഐ പി എസ് കലഹം വിഷയമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ രമേശ് ചെന്നിത്തല നയം വ്യക്തമാക്കി.
കട്ടിലിനൊത്ത് കാല് മുറിക്കുന്നത് പോലെയാണ് ഐ പി എസുകാരുടെ നിയമനമെന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശ്രീരാമകൃഷ്ണന്റെ ആരോപണം. പോലീസിനെ താളത്തിനൊത്ത് തുള്ളുന്ന വാനര സേനയാക്കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മണ്ടലികളാണ് സ്റ്റേഷന്‍ ഭരിക്കുന്നത്. അസംതൃപ്തി, അവധിയെടുക്കല്‍, മുഖ്യമന്ത്രിക്കെതിരെ കേസിന് പോകല്‍ തുടങ്ങി പോലീസില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം കേട്ടുകേള്‍വിയില്ലാത്ത അനുഭവങ്ങള്‍.
മുഖ്യമന്ത്രിയുടെ സെക്കന്‍ഡിന്റെ കാലാവധി എത്രയെന്നതിലും ശ്രീരാമകൃഷ്ണന്‍ സംശയിച്ചു. ജേക്കബ് തോമസ് കേസിന് പോകാന്‍ അനുമതി തേടിയാല്‍ ആ സെക്കന്‍ഡില്‍ അനുവദിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇനിയും തീരുമാനമെടുത്തിട്ടില്ല. മാന്യന്മാരായ പോലീസുകാരെ പോലും വെടക്കാക്കി തനിക്കാക്കുന്ന ഏര്‍പ്പാടാണ് സര്‍ക്കാറിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ എസ് മുശാഹിരി മുതല്‍ സിബി മാത്യൂസ് വരെ എ ഡി ജി പി പദവിയില്‍ ഇരുന്ന് വിജിലന്‍സ് ഡയറക്ടറായവരുടെ പട്ടിക നിരത്തിയാണ് ശ്രീരാമകൃഷ്ണനെ രമേശ് ചെന്നിത്തല നേരിട്ടത്.
ഋഷിരാജ്‌സിംഗിന് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുകയെന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളൂ. സമയത്ത് നല്‍കിയത് തന്നെ സല്യൂട്ട് വിവാദം പറഞ്ഞ് അവഗണിച്ചെന്ന പരാതി ഒഴിവാക്കാനുമാണ്. വിവാദത്തില്‍ ഒട്ടും താത്പര്യമില്ലാത്തതിനാല്‍ വികസനത്തില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ. മൂന്ന് നിലയ്ക്ക് മുകളിലേക്ക് കെട്ടിടം ഉയരണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല. എത്ര വരെ ഉയരാമെന്നായി വി എസിന്റെ ചോദ്യം. ഉയര്‍ത്താവുന്നതെത്രായോ അത്രയും ഉയരും. സുരക്ഷ വേണ്ടേയെന്ന് അടുത്ത ചോദ്യം. അത് സര്‍ക്കാര്‍ ഒരുക്കുമെന്ന് മറുപടി. രമേശ് ചെന്നിത്തലയുടെ തൊലിക്കട്ടി മുഖ്യമന്ത്രിയുടേതിനേക്കാള്‍ കുറവാണെന്ന ധാരണ മാറി കിട്ടിയെന്ന് വി എസ്. രമേശിന് വെള്ളഖദറും കള്ളമനസുമായി എത്രകാലം ഇങ്ങനെ കഴിച്ചു കൂട്ടാനാകുമെന്ന സംശയം ബാക്കിവെച്ച് വി എസ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതിനപ്പുറം വലിയ വകുപ്പുകളൊന്നുമില്ലാത്തിനാല്‍ ഇതിനായി അവതരിപ്പിച്ച ബില്ലിന്മേ ല്‍ കൂടുതല്‍ ചര്‍ച്ച വേണ്ടല്ലോയെന്നായി ബില്‍ അവതരിപ്പിച്ച ആര്യാടന്‍ മുഹമ്മദിന്റെ പക്ഷം. എന്നാല്‍, ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കുന്നത് അണ്‍ഡെമോക്രാറ്റിക് ആകുമെന്ന് കണ്ടതോടെ സി ദിവാകരന്‍ ഈ നീക്കം തടഞ്ഞു. ഇങ്ങനെയൊരു ബോര്‍ഡ് കേരളത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് മാവൂരില്‍ അടച്ച് പൂട്ടിയ ഗ്വോളിയോര്‍ റയോണ്‍സ് ആണെന്നും ദിവാകരന്‍. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ “കണ്‍ട്രോള്‍” എടുത്ത് മാറ്റി പൊല്യൂട്ടഡ് ബോര്‍ഡ് എന്നാക്കുകയാണ് നല്ലതെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നായിരുന്നു എം ഉമറിന്റെ നിര്‍ദേശം. ബോര്‍ഡ് ഉണ്ടാക്കിയ കാലത്ത് ഇല്ലാതിരുന്ന ഇ- മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം ഒരുക്കണമെന്നുമുണ്ട് അദ്ദേഹത്തിന് ആവശ്യം.
ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ മതിയായ സംവിധാനമൊരുക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണ വിഷയം പാഠ്യപദ്ധതിയില്‍പ്പെടുത്തി ബോധവത്കരണം ശക്തമാക്കാന്‍ സി പി മുഹമ്മദും നിര്‍ദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതനം ബേങ്ക് വഴി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള കൂലി നല്‍കല്‍ ഭേദഗതി നിയമവും സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലും സഭ പാസാക്കി.