കാലാവസ്ഥാ ഉച്ചകോടി

Posted on: December 7, 2015 6:00 am | Last updated: December 7, 2015 at 7:09 pm

SIRAJ.......ഈ ഹരിത ഭൂമി നിലനില്‍ക്കണോ അതോ സര്‍വനാശത്തിന് കീഴടങ്ങണമോ എന്ന വിധി നിര്‍ണായകമായ ചോദ്യത്തിനുള്ള ഉത്തരത്തിനാണ് ലോകം പാരീസിലേക്ക് കാതോര്‍ക്കുന്നത്. 150 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഈ മാസം11ന് അന്ത്യം കുറിക്കുമ്പോള്‍ എന്ത് ധാരണയാണ് പിറക്കുക, ആ ധാരണ എത്രമാത്രം ഫലപ്രദമായി നടപ്പാക്കാനാകും എന്നിവയെ ആശ്രയിച്ചാണ് കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ മനുഷ്യകുലം നടത്തുന്ന പോരാട്ടത്തിന്റെ ഭാവി നിലനില്‍ക്കുന്നത്. ആഗോള താപനത്തിന്റെ വര്‍ധനയുടെ തോത് വ്യവസായിക വിപ്ലവകാലത്തേക്കാള്‍ രണ്ട് ഡിഗ്രി കുറക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ആഗോള താപനത്തിന്റെ അടിസ്ഥാന കാരണം കാര്‍ബണ്‍ വാതകങ്ങളുടെ അമിതമായ ബഹിര്‍ഗമനമാണ്. ഇന്നത്തെ നിലയില്‍ കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം തുടര്‍ന്നാല്‍ താപ നിലയില്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. 2000ത്തിന് ശേഷമാണ് ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങള്‍ കടന്ന പോയത് എന്നത് ഈ പ്രവചനത്തെ സാധൂകരിക്കുന്നുണ്ട്. അതുകൊണ്ട് അങ്ങേയറ്റത്തെ വിട്ടുവീഴ്ചാ മനോഭാവവും കരുതലും പുറത്തെടുത്ത്, തര്‍ക്കങ്ങള്‍ മാറ്റിവെച്ച് ഭൂമിക്കായി ഒരുമിക്കുകയെന്നത് മാത്രമാണ് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നിലുള്ള പോംവഴി. ഉച്ചകോടിയില്‍ വെച്ചിട്ടുള്ള കരട് രേഖ ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്നതിന് പാതയൊരുക്കുന്ന തരത്തിലാണെന്നത് പ്രതീക്ഷ പകരുന്നുണ്ട്.
ഊര്‍ജസ്രോതസ്സുകളെ, പ്രത്യേകിച്ച് ഫോസില്‍ ഇന്ധനങ്ങളെ, അമിതമായി ആശ്രയിക്കുന്ന ജീവിതശൈലി ഉപേക്ഷിക്കാന്‍ മനുഷ്യര്‍ തയ്യാറാകണം. വ്യവസായ വികസനം വേണ്ടെന്നു വെക്കാന്‍ ഒരു രാജ്യത്തിനും സാധ്യമല്ല. എന്നാല്‍ സംശുദ്ധമായ വ്യവസായ വികസനത്തിന് എല്ലാവര്‍ക്കും ശ്രമിക്കാവുന്നതാണ്. പരിസ്ഥിതി സൗഹൃദമായ വ്യവസായ സംസ്‌കാരം രൂപപ്പെടുത്താവുന്നതാണ്. പുനരുത്പാദിപ്പിക്കാവുന്നതും പാരമ്പര്യേതരവുമായ ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന വ്യവസായ മാതൃകകള്‍ വികസിപ്പിച്ചെടുക്കാനും സാധിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുകയെന്നതായിരിക്കണം എല്ലാ വികസന മാതൃകകളുടെയും അടിസ്ഥാന ലക്ഷ്യം. ഫോസില്‍ ഇതര ഇന്ധനങ്ങളുടെ വ്യാപക ഉപയോഗം പ്രോത്സാഹിപ്പിക്കണം. അതിനായി പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തണം. ഇത്തരം സാങ്കേതിക വിദ്യകള്‍ കൈമാറാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനായി പൊതു ഫണ്ട് രൂപപ്പെടുത്താനാകണം.
എന്നാല്‍, ഈ വിശാല ലക്ഷ്യങ്ങളിലേക്ക് ഒത്തൊരുമയോടെ നീങ്ങാന്‍ പാരീസ് ഉച്ചകോടിക്ക് സാധിക്കുമോയെന്ന സംശയം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കോപ്പന്‍ഹേഗനിലെ ധാരണകളുടെ ഗതി തന്നെയാകും പാരീസിനും ഉണ്ടാകുകയെന്ന പ്രതീതിയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നത്. വികസിത, വന്‍കിട രാജ്യങ്ങളുടെ പിടിവാശിയാണ് എല്ലാ കാലാവസ്ഥാ ഉച്ചകോടിയിലുമെന്നപോലെ പാരീസിലും വിലങ്ങു തടിയായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ എല്ലാവരും ഒരു പോലെ അനുഭവിക്കുന്നു, അതുകൊണ്ട് അതിന്റെ ഉത്തരവാദിത്വവും തുല്യമായി വീതിക്കപ്പെടണമെന്നാണ് വികസിത രാജ്യങ്ങളുടെ ലളിതയുക്തി. എന്നാല്‍ ആരാണോ കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നത് അവര്‍ കൂടുതല്‍ ഉത്തരവാദിത്വമേല്‍ക്കണം. വന്‍കിട വ്യവസായിക രാഷ്ട്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിച്ച് തീര്‍ത്താണ് ഇന്നത്തെ നില കൈവരിച്ചത്. ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്താണ് അവര്‍ വികസിത രാഷ്ട്രങ്ങളായി മാറിയത്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ പുതുതായി വ്യവസായിക പുരോഗതി നേടി വരുന്നവയാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അവരോട് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ശഠിക്കുന്നത് നീതിയല്ല. മാത്രമല്ല, ബദല്‍ സാങ്കേതികവിദ്യ ആര്‍ജിക്കാനുള്ള സാമ്പത്തിക ശേഷിയും അവര്‍ക്കില്ല. അതുകൊണ്ട് ഒന്നുകില്‍ അവര്‍ക്ക് സാവകാശം അനുവദിക്കണം. അല്ലെങ്കില്‍ വന്‍കിട രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരമോ ബദല്‍ ആവിഷ്‌കരിക്കാനുള്ള സാമ്പത്തിക സഹായമോ നല്‍കണം. ഇതാണ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വികസ്വര ചേരിയുടെ കാഴ്ചപ്പാട്.
എന്നാല്‍ വികസന ആര്‍ത്തിയും യുദ്ധോത്സുകതയും കോര്‍പറേറ്റ് വികസന അജന്‍ഡയും തലക്ക് പിടിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള വികസിത ചേരിക്ക് ഇതൊന്നും സ്വീകാര്യമായിരുന്നില്ല. 2009ലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ അമേരിക്ക വാഗ്ദാനം ചെയ്തത് കാര്‍ബണ്‍ ബഹിര്‍ഗമനം 2005ലെ നിലവാരത്തേക്കാള്‍ 30 ശതമാനം കുറക്കാമെന്നാണ്. എന്നാല്‍ 2015ല്‍ എത്തിനില്‍ക്കുമ്പോള്‍ ഈ വാഗ്ദാനം 26-28 ശതമാനമായി തിരുത്തപ്പെട്ടിരിക്കുന്നു. ഇതാണ് മിക്ക വ്യവസായിക രാഷ്ട്രങ്ങളുടെയും സ്ഥിതി. 2030ന് ശേഷം ബഹിര്‍ഗമനം വെട്ടിച്ചുരുക്കല്‍ ആരംഭിക്കുമെന്നാണ് ചൈനയുടെ പക്ഷം. ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത് 33-35 ശതമാനം വരെ കുറക്കാമെന്നാണ്. ഇത് അപ്രായോഗികമായ വാഗ്ദാനമാണെങ്കിലും അത് മുന്നോട്ടുവെച്ച സന്ദേശം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് നല്ല പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ഉത്തരവാദിത്വം പങ്കു വെക്കുന്നതില്‍ നീതി വേണമെന്ന കാര്യത്തില്‍ വികസ്വര ചേരി ഉറച്ച് നില്‍ക്കുന്നത് ഫലം കാണുന്നുവെന്നാണ് പ്ലീനറി സെഷനില്‍ വെച്ചിട്ടുള്ള കരട് രേഖ വ്യക്തമാക്കുന്നത്. പരിസ്ഥിതി വിനാശത്തിനും പലായനങ്ങള്‍ക്കും വഴി വെച്ച അക്രമാസക്ത മേധാവിത്വം ഉപേക്ഷിച്ച്, സര്‍വരേയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടാനായി കൈകോര്‍ക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകുന്ന തരത്തിലുള്ള അന്തിമ രേഖയാണ് ലോകം പ്രതീക്ഷിക്കുന്നത്.