വയനാട്ടില്‍ ഈ വര്‍ഷം കെണിയിലായത് രണ്ട് കടുവകള്‍ കടിച്ചു കൊന്നത് മൂന്ന് പേരെ

Posted on: December 6, 2015 7:15 am | Last updated: December 6, 2015 at 7:15 am

കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴകത്തെ മുതുമല കടുവ സങ്കേതങ്ങളുമായി അതിരിടുന്ന വയനാട്ടില്‍ ഈ വര്‍ഷം കെണിയിലായത് രണ്ട് കടുവകള്‍. ജനവാസകേന്ദ്രങ്ങളില്‍ ഇരതേടിയ സാഹചര്യത്തില്‍ വനം-വന്യജീവി വകുപ്പ് സ്ഥാപിച്ച കെണിയിലാണ് രണ്ട് കടുവകളും കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി വന്യജീവി സങ്കേതം പരിധിയില്‍ ബത്തേരി വള്ളുവാടി പുതുവീട് കോളനിക്കടുത്ത് സ്ഥാപിച്ച കൂട്ടിലാണ് ഏറ്റവും ഒടുവില്‍ കടുവ പെട്ടത്. ജൂലൈ 12ന് രാത്രി വന്യജീവിസങ്കേതത്തിലെ മൂലങ്കാവിനു സമീപം കോട്ടനോടാണ് മറ്റൊരെണ്ണം കെണിയിലായത്. മയക്കുവെടിവെച്ച് പിടിച്ച കടുവ ചത്ത സംഭവവും ഈ വര്‍ഷം വയനാട്ടിലുണ്ടായി. ഒക്‌ടോബര്‍ 13നായിരുന്നു ഇത്.
12 വയസ് മതിക്കുന്ന ആണ്‍ കടുവയാണ് വ്യാഴാഴ്ച രാത്രി വള്ളുവാടിയില്‍ കെണിയിലായത്. നവംബര്‍ 22 മുതല്‍ ബത്തേരിക്കടുത്തുള്ള കുപ്പാടി, വള്ളുവാടി, പച്ചാടി, വടക്കനാട് പ്രദേശങ്ങളില്‍ ശല്യം ചെയ്തിരുന്ന കടുവയാണിത്. 10 ദിവസത്തിനിടെ കാളയും പോത്തും അടക്കം ഏഴ് വളര്‍ത്തുമൃഗങ്ങളെ ഇത് വകവരുത്തി. ഗ്രാമവാസികള്‍ ഭീതിയിലായ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ നാലിടങ്ങളിലാണ് കടുവയെ പിടിക്കുന്നതിനു വനം-വന്യജീവി വകുപ്പ് കൂട് സ്ഥാപിച്ചത്. പക്ഷേ, കെണിയൊരുക്കി ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഫലം ഉണ്ടായില്ല. കടുവയെ മയക്കുവെടിയിലൂടെ കീഴ്‌പ്പെടുത്താനുള്ള നീക്കവും പാളി. ഇതില്‍ വനം-വന്യജീവി പാലകരും ഗ്രാമീണരും നിരാശരായി കഴിയുന്നതിനിടെയാണ് കടുവ കൂട്ടിലായത്. ഇതിനെ വെള്ളിയാഴ്ച രാവിലെ ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയ വളപ്പിലെത്തിച്ച് അവശ്യപരിശോധനകള്‍ നടത്തിയശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. പരിക്കുകള്‍ മൂലം വനത്തില്‍ ഇരതേടാന്‍ ശേഷി നഷ്ടമായ ഈ കടുവ 2012 മുതല്‍ വയനാടന്‍ വനത്തിലെ സ്ഥിരവാസിയാണെന്ന് വനം-വന്യജീവി പാലകര്‍ പറയുന്നു.
കൊട്ടനോട് കെണിയിലായതും ആണ്‍ കടുവയാണ്. തൃശൂര്‍ മൃഗശാലയിലാണ് ഇപ്പോഴിത്. കാടിറക്കം പതിവാക്കി ഓടപ്പള്ളത്തും കോട്ടനോടുമായി മൂന്നു പശുക്കളെയും രണ്ട് ആടുകളെയും കൊന്ന സാഹചര്യത്തിലാണ് ഈ കടുവയെ കെണിവെച്ച് പിടിച്ചത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലുള്ള ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍നിന്നു മയക്കുവെടി പ്രയോഗിച്ചു പിടിച്ച 10 വയസ് മതിക്കുന്ന ആണ്‍ കടുവയാണ് ചത്തത്. മയങ്ങി വീണതിനെത്തുടര്‍ന്ന് കൂട്ടിലാക്കി ബത്തേരിക്കടുത്തുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ജീവന്‍ പോയെന്ന് സ്ഥിരീകരിച്ചത്. മയക്കുവെടിക്ക് ഇരയായ കടുവ ചത്ത സംഭവത്തില്‍ വിശദാന്വേഷണത്തിനു വിദഗ്ധ സംഘത്തെ സംസ്ഥാന വനം-വന്യജീവി വകുപ്പ് നിയോഗിച്ചിരുന്നു. ശാരീരികമായ അവശതകളാണ് ഈ കടുവയുടെ ജീവനെടുത്തതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗവും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ പി.എസ്. ഈസ, നോര്‍തേണ്‍ റീജ്യണല്‍ സി.ഡി.എഫ്. ഡി. ജയപ്രകാശ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.കെ.വിഷ്ണുദാസ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍. മയക്കുവെടി പ്രയോഗിക്കുന്നതിനു മുമ്പേ അവശനിലയിലായിരുന്നു കടുവയെന്ന് വിദഗ്ധ സംഘം കണ്ടെത്തുകയുണ്ടായി.
2012 മാര്‍ച്ചില്‍ മീനങ്ങാടിക്കടുത്ത് കൃഷ്ണഗിരിയിലും കടുവ കെണിയിലായിരുന്നു. അഞ്ച് വയസ് മതിക്കുന്ന ആണ്‍ കടുവയാണ് കൃഷ്ണഗിരിയില്‍ കാപ്പിത്തോട്ടത്തില്‍ കൂട്ടിലായത്. തൃശൂര്‍ മൃഗശാലയിലേക്കാണ് ഈ കടുവയെ മാറ്റിയത്.
ഈ വര്‍ഷം ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയുമുണ്ടായി. വയനാടിനോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ പാട്ടവയിലും ഒരാള്‍ മരിച്ചു. വയനാട്ടില്‍ നൂല്‍പ്പുഴ പുത്തൂരിലെ കൃഷിക്കാരന്‍ സുന്ദരത്തില്‍ ഭാസ്‌കരനും(50), കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജുമാണ്(34) കൊല്ലപ്പെട്ടത്. ഭാസ്‌കരന്റെ മൃതാവശിഷ്ടങ്ങള്‍ ഫെബ്രുവരി 10നാണ് വീടിനു സമീപം വനത്തില്‍ കണ്ടെത്തിയത്. മൃതാവശിഷ്ടങ്ങള്‍ക്കു സമീപം ഉണ്ടായിരുന്ന കാല്‍പാടുകളും മറ്റും പരിശോധിച്ചാണ് ഭാസ്‌കരനെ വകവരുത്തിയത് കടുവയാണെന്ന് സ്ഥീകരിച്ചത്. കടുവ ഏതാണ്ട് പൂര്‍ണമായി ആഹരിച്ച നിലയില്‍ ബാബുരാജിന്റെ ജഡം ജൂലൈ മൂന്നിനാണ് കുറിച്യാട് വനത്തില്‍ കണ്ടത്. മൃതാവശിഷ്ടങ്ങള്‍ക്കടുത്ത് കടുവയുടെ കാലടയാളങ്ങള്‍ വ്യക്തമായിരുന്നു. ബാബുരാജിനെ കൊന്ന കടുവയാണ് പിന്നീട് കൊട്ടനോട് കെണിയിലായതെന്ന നിഗമനത്തിലാണ് വനം-വന്യജീവി പാലകര്‍. പാട്ടവയലില്‍ തേയിലത്തോട്ടം തൊഴിലാളി മഹാലക്ഷ്മിയയിരുന്നു (34) കടുവയുടെ ഇര. ഫെബ്രുവരി 14നായിരുന്നു ഈ സംഭവം. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുന്നതിനിടെയാണ് മഹാലക്ഷ്മിയെ കടുവ ആക്രമിച്ചത്. ഈ കടുവയെ ഫെബ്രുവരി 18ന് തമിഴനാട് ദൗത്യസേന തോക്കിനിരയാക്കി. പുത്തൂരില്‍ ഭാസ്‌കരനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് വയനാട്ടിലെ തേലമ്പറ്റയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ഒരു കടുവയെ വെടിവെച്ചു കൊന്നിരുന്നു. ഏകദേശം 4000 ചുതുരശ്ര കിലോമീറ്റര്‍ വരുന്നതാണ് വയനാടും ഇതോടുചേര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലുമായുള്ള വനപ്രദേശം. ബന്ദിപ്പുര, നാഗര്‍ഹോള, മുതുമല ടൈഗര്‍ റിസര്‍വുകളിലും വയനാടന്‍ വനത്തിലുമായി 150 ഓളം കടുവകള്‍ ഉണ്ടെന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. 344.2 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ 2013 മാര്‍ച്ചില്‍ നടത്തിയ ക്യാമറ ട്രാപ്പ് സര്‍വേയില്‍ 38 കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.