കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Posted on: December 2, 2015 5:28 am | Last updated: December 2, 2015 at 12:29 am

karthi chithambaramന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റും ആദായനികുതി വകുപ്പും മിന്നല്‍ പരിശോധന നടത്തി. കാര്‍ത്തി ചിദംബരത്തിന് ബന്ധമുള്ള വാസന്‍ ഐ കെയര്‍, അഡ്വാന്റേജ് സ്ട്രാറ്റിജിക് കമ്പനി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന അഡ്വാന്റേജ് സ്ട്രാറ്റിജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ക്ക് എയര്‍സെല്‍- മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. ഇ ഡിയും സി ബി ഐയും ചേര്‍ന്നാണ് എയര്‍സെല്‍- മാക്‌സിസ് കേസ് അന്വേഷിക്കുന്നത്. 2ജി സ്‌പെക്ട്രം കേസില്‍ ഉള്‍പ്പെടുന്നതാണ് ഇത്.
കഴിഞ്ഞ ഡിസംബറില്‍ ഇ ഡി മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധിമാരനെയും അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധിയെയും ചോദ്യം ചെയ്തിരുന്നു. മാരന്‍ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് കമ്പനികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചിരുന്നു.
എയര്‍സെല്‍- മാക്‌സിസ് ഇടപാടില്‍ 26 ലക്ഷം രൂപ എയര്‍സെല്ലിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഈ ഇടപാടില്‍ തന്റെ മകന് പങ്കുണ്ടെന്ന ആരോപണം ചിദംബരം നിഷേധിച്ചിരുന്നു.
കേന്ദ്രം പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കാനു ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പി ചിദംബരം പറഞ്ഞു.