ഏഴാം തവണയും വിജയക്കൊടിയേന്തി മുക്കം

Posted on: December 1, 2015 9:49 am | Last updated: December 1, 2015 at 9:49 am

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി ഏഴാം തവണയും മുക്കത്തിന്റെ വിജയക്കൊടി. 292 പോയിന്റ് നേടിയ മുക്കത്തിന് പിന്നാലെ പേരാമ്പ്ര ഉപജില്ല 157 പോയിന്റോടെ രണ്ടാമതെത്തി. 91 പോയിന്റ് നേടി ബാലുശ്ശേരിയാണ് മൂന്നാം സ്ഥാനത്ത്.
സ്‌കൂള്‍ തലത്തില്‍ 130 പോയിന്റ് നേടി മുക്കം ഉപജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസ് ചാമ്പ്യന്‍മാരായി. 86 പോയിന്റുമായി പേരാമ്പ്ര ഉപജില്ലയിലെ കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് എച്ച് എസ് എസ് രണ്ടാം സ്ഥാനവും 66 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയിലെ പൂവമ്പായി എ എം എച്ച് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് വിഭാഗങ്ങളിലാണ് മുക്കം ഒന്നാമതെത്തിയത്. സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പേരാമ്പ്രയും സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കൊയിലാണ്ടിയും മുന്നിലെത്തി. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസ്, മുക്കം എം കെ എച്ച് വി എച്ച് എസ് എസ്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ്, തിരുവമ്പാടി സേക്രട്ട്ഹാര്‍ട്ട് എച്ച് എസ് എസ് സ്‌കൂളുകളുടെ തിളക്കമാര്‍ന്ന പ്രകടനമാണ് മുക്കത്തിന് കിരീടം നേടിക്കൊടുത്തത്.
കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച് എസ് എസ് പേരാമ്പ്രയുടെ രണ്ടാം സ്ഥാനത്തിന് നിര്‍ണായക പങ്കുവഹിച്ചു. നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഉഷ സ്‌കൂളിന്റെ കരുത്തിലാണ് ബാലുശ്ശേരി മൂന്നാമതെത്തിയത്.
സമാപന ചടങ്ങിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ഒളിമ്പ്യന്‍ പി ടി ഉഷ നിര്‍വഹിച്ചു. ഒത്തൊരുമയോടെ പൊരുതിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന മേളയില്‍ റണ്ണേഴ്‌സ് അപ് നേടാനും അടുത്ത തവണ ചാമ്പ്യന്‍മാരാകാനും ജില്ലക്ക് കഴിയുമെന്ന് ഉഷ പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ഡോ. ഗിരീഷ് ചോലയില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. പി എം നിയാസ്, എം എം പത്മാവതി, പി കെ ശാലിനി, അധ്യാപക പ്രതിനിധികളായ എ മുസ്തഫ, വി കെ രാജീവ് പ്രസംഗിച്ചു. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോണ്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി എ കെ മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.