Connect with us

Gulf

എണ്ണ വിലക്കുറവിനിടയിലും ഖത്വറില്‍ ശമ്പളം ഉയര്‍ന്നു

Published

|

Last Updated

ദോഹ: എണ്ണ വിലയിടിവ് തൊഴില്‍ ഭീഷണിയും വേതനക്കുറവും സൃഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഖത്വറില്‍ ജോലിക്കാര്‍ക്ക് ശമ്പളം ഉയരുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹായ് ഗ്രൂപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍.
ഈ വര്‍ഷം ഖത്വറിലെ ശമ്പളത്തോതില്‍ 4.2 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രവചനം അനുസരിച്ച് വര്‍ധന 5.0 ശതമാനം കുറവാണ്. എണ്ണ വിലയിടിവിനു മുമ്പായിരുന്നു ശമ്പള വര്‍ധനവിന്റെ ഈ പ്രവചനം. രാജ്യത്തെ നായണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കെട്ടിട വാടകയുടെ വര്‍ധന, മൊത്തത്തില്‍ ജീവിതച്ചെലവുകളില്‍ ഉണ്ടാക്കിയ വര്‍ധനയാണ് നാണ്യപ്പെരുപ്പത്തിനു വഴിവെച്ചത്. 2022 ലക്ഷ്യം വെച്ചുള്ള രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തൊഴില്‍ മേഖലയിലും സ്വാധീനം ചെലുത്തുന്നു. ബേങ്കിംഗ്, ടെക്‌നോളജി, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം അതിവേഗ വളര്‍ച്ച സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മേഖലകളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ 10 മുതല്‍ 20 വരെ ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 115,000ലധികം ജീവനക്കാരുള്ള 212 കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹായ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് ഖത്വര്‍ ആന്വല്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ബെനിഫിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. എണ്ണ വിലയിടിവ് മേഖലയിലെ മറ്റു രാജ്യങ്ങളില്‍ ബാധിച്ചതു പോലെ ഖത്വറിനെ ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ലക്ഷ്യംവെച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഖത്വറിനെ സാമ്പത്തിക രംഗത്ത് പിടിച്ചു നിര്‍ത്തുന്നത്. എണ്ണവിലിയിടിവ് ഒരു തരത്തിലും ലോകകപ്പിനെയോ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളെയോ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം അമീറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞിരുന്നു.
ജി സി സി രാജ്യങ്ങളിലെ കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കനത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്ന് ഹായ് ഗ്രൂപ്പ് റീജ്യനല്‍ മാനേജര്‍ ഹരീഷ് ഭാട്ട്യ പറഞ്ഞു. പൊതുചെലവുകളും ഭാവിയിലേക്കുള്ള നിക്ഷേപത്തിലുമെല്ലാം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ പുലര്‍ത്തി വരുന്നു. അതേസമയം, ഖത്വറില്‍ ഇത്തരം സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 92 ശതമാനം കമ്പനികളും ഈ വര്‍ഷം അവരുടെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തനമികവ് അനുസരിച്ചുള്ള ബോണസ് നല്‍കിയിട്ടുണ്ട്. കമ്പനികള്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രത്തിലാണ്. കമ്പനികളിലെ ഓപറേഷന്‍, മിഡില്‍ മാനേജ്‌മെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പെര്‍ഫോമന്‍സ് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചു. അതേസമയം കമ്പനികളുടെ ആകെ പ്രവര്‍ത്തന മികവില്‍ വന്ന ഇടിവിനെത്തുടര്‍ന്ന് സീനിയര്‍ മാനേജര്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം കുറവായിരുന്നു.
അതേസമയം, രാജ്യത്തെ കമ്പനികള്‍ ചെലവു ചുരുക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. പരിശീലനം, വികസനം എന്നീ രംഗങ്ങളിലെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചാണ് പ്രധാനമായും ചെലവു ചുരുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ പ്രവണത കൂടുതല്‍ കാലം നിലനിര്‍ത്താന്‍ കഴിയുന്നതല്ലെന്ന് ഹരീഷ് ഭാട്ട്യ പറഞ്ഞു. വിദ്യാഭ്യാസം അടിസ്ഥാനമാക്കിയുള്ള വികസനത്തിലാണ് ഖത്വര്‍ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാരെ പരിശീലിപ്പിക്കേണ്ടി വരും. സ്ഥാപനങ്ങള്‍ വികസിക്കുമ്പോള്‍ മാത്രമേ ജീവനക്കാര്‍ക്ക് പ്രാധാന്യവും മൂല്യവും നിലനില്‍ക്കൂ. വളര്‍ച്ചയില്ലാത്ത കമ്പനികള്‍ക്ക് മികച്ച മനുഷ്യവിഭവങ്ങളെ ലഭിക്കാനും പിടിച്ചു നിര്‍ത്താനും പ്രയാസമാണ്.
ഒരു ജീവനക്കാരനെ മാറ്റി പകരം ആളെ വെക്കുന്നത് എട്ടു മാസത്തെ ശമ്പളത്തിനു തുല്യമാണ്. അതുകൊണ്ടു തന്നെ കമ്പനികള്‍ ലാഭമുണ്ടാക്കുന്നതിനുള്ള മറ്റുവഴികളും ആലോചിക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ ഭീതിയുള്ള കാലത്ത് കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാരുടെ പരമാവധി മികവ് ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. ശമ്പളം ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനമായി കമ്പനികള്‍ ഇതു പരിഗണിക്കുന്നു.

---- facebook comment plugin here -----

Latest