മൂന്നാര്‍ സമരവും തോട്ടം മേഖലയും

Posted on: September 26, 2015 1:41 am | Last updated: September 26, 2015 at 11:41 pm

മൂന്നാര്‍ തേയില തോട്ടങ്ങളിലെ തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരുകയാണ്. തീവ്രവാദം മുതല്‍ വിഘടനവാദം വരെയുള്ള പ്രേരകശക്തികള്‍ സമരത്തിനു പിന്നിലുണ്ടെന്നാണ് വ്യാഖ്യാനം. അതൊന്നും യാഥാര്‍ഥ്യമല്ല. കേരളത്തിന്റെ തോട്ടംമേഖല ഒരു വലിയ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്. തോട്ടമുടമകള്‍, തൊഴിലാളി സംഘടനകള്‍ തുടങ്ങിയവരിലും സര്‍ക്കാറുകളുടെ സമീപനങ്ങളിലും മാറ്റത്തിനു സമയമായി.
മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനം രൂപ ബോണസ് ലഭിച്ച സ്ഥാനത്ത് ഇത്തവണ പകുതി ബോണസ് മാത്രമേ ലഭിക്കൂ എന്നറിഞ്ഞപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയാണ് അവിടെ കണ്ടത്. സാമ്പത്തികമായി തളര്‍ന്ന നിഷ്‌കളങ്കരായ സ്ത്രീ തൊഴിലാളികളുടെ സ്വാഭാവിക പ്രതിഷേധം. മുന്‍വര്‍ഷത്തെ ബോണസ് പോലും വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത യൂനിയന്‍ നേതൃത്വങ്ങളോടുള്ള അമര്‍ഷം. ഭര്‍ത്താക്കന്‍മാരെപോലും അവര്‍ സമരരംഗത്തുനിന്നും മാറ്റിനിര്‍ത്തി. മൂന്നാര്‍ സമരത്തിന്റെ അനുരണനങ്ങള്‍ മറ്റു തോട്ടങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.
തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ, മനോഭാവത്തില്‍ വന്ന മാറ്റവും പ്രതീക്ഷയും കാണാതിരിക്കരുത്. ജീവിതസൗകര്യങ്ങള്‍ കുറവാണെങ്കിലും തോട്ടങ്ങളില്‍ തലചായ്ക്കാന്‍ ലയങ്ങള്‍ അവര്‍ക്കുണ്ട്. ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍ ചെലവുകുറഞ്ഞ ഒരു ജീവിതവുമുണ്ട്. എന്നാല്‍, ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൗകര്യങ്ങള്‍ ലയങ്ങളിലില്ല. ഒറ്റമുറി വീട്ടിലാണ് ഒരു കുടുംബം താമസിക്കുന്നത്. ചികിത്സാ സൗകര്യം വളരെ പരിമിതമാണ്. ഈ ബുദ്ധിമുട്ടുകളെല്ലാം അവര്‍ സഹിക്കുന്നത് മക്കള്‍ക്കു തോട്ടത്തില്‍ തൊഴിലവസരമുണ്ടല്ലോ എന്ന സുരക്ഷിതബോധം കൊണ്ടുമാത്രം.
തോട്ടം മേഖലക്കു പുറത്ത് കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, മെച്ചപ്പെട്ട ചികിത്സാ സൗകര്യം തുടങ്ങിയവയൊക്കെ ഇന്ന് അവരുടെ ആഗ്രഹങ്ങളാണ്. കുറഞ്ഞ വരുമാനം കൊണ്ട് ഇവ സാധിക്കാതെ വരുന്നു. ഈ ജീവിത യാഥാര്‍ഥ്യങ്ങള്‍ നാം മനസിലാക്കണം. തൊഴിലാളികളുടെ കൂലിയിലും വരുമാനത്തിലും വര്‍ധന ഉണ്ടായേ മതിയാകൂ.
കടുപ്പമേറിയ മത്സരം നടക്കുന്ന ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. തോട്ടം മേഖലക്ക് ഇന്‍സെന്റീവുകള്‍ നല്‍കുക, നികുതികള്‍ അനുകൂലമായി പരിഷ്‌കരിക്കുക, തോട്ടയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയിലൂടെ തോട്ടങ്ങളുടെ സാമ്പത്തികക്ഷമത ഉയര്‍ത്താന്‍ കഴിയും. നിലവിലുള്ള മിനിമം വേജസ് ഫെയര്‍വേജസ് ആയും ിലലറ യമലെറ ംമഴല െആയും ഉയര്‍ത്താന്‍ സാധിക്കും. അതു മുദ്രാവാക്യങ്ങളില്‍ കൂടിയോ പ്രഖ്യാപനങ്ങളില്‍ കൂടിയോ പറ്റില്ല. എന്നാല്‍, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാറും ചേര്‍ന്ന ഒരു കൂട്ടായ്മയിലൂടെ സാധിക്കും. വ്യവസായത്തിനു താങ്ങാന്‍ പറ്റുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്കു ലഭ്യമാക്കണം എന്നതാണ് എന്റെ സമീപനം. അതിനപ്പുറത്തേക്കു പോയാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും. സ്ഥാപനം നടന്നുപോകത്തക്ക വിധത്തിലുള്ള പരമാവധി ആനുകൂല്യം എന്നതാണ് നല്ല മാതൃക.
മൂന്നാര്‍ സമരത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഏറ്റുവാങ്ങിയത് തൊഴിലാളി നേതാക്കളാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പോലും ശകാരവര്‍ഷം അവര്‍ക്ക് നേരിടേണ്ടിവന്നു. ബോണസ് നിശ്ചയിക്കുന്നത് ബോണസ് ആക്ട് പ്രകാരവും, കൂലി നിശ്ചയിക്കുന്നത് പി എല്‍ സിയില്‍ നടത്തുന്ന ത്രികക്ഷി ചര്‍ച്ചകളിലും. ഇതിലൊക്കെ മാറ്റം വരുത്താനും നിയമം പുതുക്കാനും അവസരം ഉണ്ടായിരുന്നവരാണ് അതിന് ശ്രമിക്കാതെ പ്രാദേശിക തൊഴിലാളി നേതാക്കളെ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വ്യവസായ സ്ഥാപനങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്താനും തൊഴിലാളി നേതൃത്വം ബാധ്യസ്ഥമാണ്. സ്ഥാപനം ഉണ്ടെങ്കില്‍ മാത്രമേ തൊഴിലാളി ഉണ്ടാകൂ. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ ആദ്യം സമീപിക്കുന്നത് മാനേജ്‌മെന്റിനേയും തൊഴിലാളി നേതാക്കളേയും ആണ്. അതായത് സ്ഥാപനം നിലനിര്‍ത്തേണ്ടത് മാനേജ്‌മെന്റിനോടൊപ്പം തൊഴിലാളി നേതാക്കളുടെയും കടമയാണ്. തൊഴിലാളി നേതാക്കളുടെ ഈ പരിമിതി പലരും പരിഗണിക്കുന്നില്ല.
10 ശതമാനം ബോണസ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത് ട്രേഡ് യൂനിയന്‍ നേതൃത്വത്തിന്റെ പരാജയവും 20 ശതമാനം ബോണസ് ഇപ്പോള്‍ ലഭിച്ചത് ഭരണ-രാഷ്ട്രീയ നേതാക്കളുടെ വിജയവും എന്നു കണക്കാക്കുന്നതും തെറ്റ്. നിയമങ്ങള്‍ക്കും മുന്‍കാല തീരുമാനങ്ങള്‍ക്കുമെതിരെ ഒരു തവണ ചില തീരുമാനങ്ങള്‍ മാനേജ്‌മെന്റിനെക്കൊണ്ട് സര്‍ക്കാര്‍ എടുപ്പിക്കുന്നതും ഇതുപോലുള്ള സാഹചര്യത്തില്‍ പ്രാദേശിക നേതാക്കള്‍ക്ക് മാനേജ്‌മെന്റില്‍ ചെലുത്താന്‍ സാധിക്കുന്ന സ്വാധീനവും ഒരുപോലെ കാണരുത്. അതേസമയം, തൊഴിലാളി നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അഭിപ്രായങ്ങളും വികാരങ്ങളും മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. മൂന്നാര്‍ മേഖലയിലെ തൊഴിലാളി നേതാക്കളെ രാഷ്ട്രീയ ഭേദമന്യേ എനിക്ക് അറിയാം. അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള മാധ്യമ വിചാരണയും അവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ചില നേതാക്കളുടെ സമീപനവും അവര്‍ എത്രമാത്രം അര്‍ഹിക്കുന്നുണ്ടെന്ന് ചിന്തിക്കണം.
തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ മാനേജ്‌മെന്റ് കുറേക്കൂടി മാനുഷിക മുഖം കാണിക്കണമായിരുന്നു. നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല മാനേജ്‌മെന്റിനും ബാധകമാണ്. എന്നാല്‍ പല സ്റ്റാറ്റ്യൂട്ടറി ആക്റ്റുകളും നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ച വരുത്തിയിട്ടുണ്ട്. അത് നടപ്പിലാക്കിക്കാന്‍ കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ക്കും സാധിക്കാതെ പോയി. തോട്ടവിളകള്‍ക്കുണ്ടാകുന്ന വിലത്തകര്‍ച്ച സര്‍ക്കാറിനു മാര്‍ഗതടസമായി. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുപോലും സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായി. അത് നടക്കാതെ വന്നപ്പേള്‍ എത്രയോ സ്ഥലങ്ങളില്‍ സൗജന്യ റേഷന്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ സര്‍ക്കാറിനും കണ്ണടക്കേണ്ടി വന്നു. അധികാരത്തില്‍ ഇരുന്ന എല്ലാവര്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്.
തോട്ടം തൊഴിലാളികളോടുള്ള പെരുമാറ്റത്തിലും അവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിലും ധാരാളം പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. എന്തും സഹിക്കും അതുകൊണ്ട് എന്തും ആകാമെന്ന ചിന്താഗതി എല്ലാവരും മാറ്റിയേ മതിയാകൂ. മാനേജ്‌മെന്റിന്റെ മാനുഷിക മുഖവും തൊഴിലാളി സംഘടനകളുടെ ജനാധിപത്യശൈലിയും തോട്ടം മേഖലയില്‍ അനിവാര്യമാണെന്ന് മൂന്നാര്‍ സമരം അടിവരയിടുന്നു.
ഹൈറേഞ്ച് കേരളത്തിന്റെ അലങ്കാരവും അഭിമാനവുമാണ്. 948 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം കൊച്ചി തുറമുഖത്തിലൂടെ നടന്ന തേയില കയറ്റുമതിയില്‍ നിന്നു ലഭിച്ചത്. മലനിരകളില്‍ നല്ല കാലാവസ്ഥയും സമാധാനവും ഐശ്വര്യവും എന്നും നിലനില്‍ക്കണമെങ്കില്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം വേണം. ഉത്പാദനക്ഷമതക്കുവേണ്ടി തൊഴിലാളികളും സംതൃപ്തരായ തൊഴിലാളികള്‍ക്കുവേണ്ടി മാനേജ്‌മെന്റും ഒന്നിച്ചു കൈകോര്‍ക്കണം. ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കും.
ഒരു പ്രതിസന്ധി ഉണ്ടായാല്‍ കലക്കവെള്ളത്തില്‍ നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍ കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രം. യു ഡി എഫ് സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്ന് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. റബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതു സര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാന വേതനം കൂട്ടിയപ്പോല്‍ യു ഡി എഫ് യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച എ എ ബി വൈ പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ തോട്ടം മേഖലയിലേക്കു വ്യാപിപ്പിക്കുകയും 17,000 തൊഴിലാളികള്‍ അംഗങ്ങളാകുകയും ചെയ്തു.
തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ബന്ധപ്പെട്ട എല്ലാവരും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ഉള്ളുതുറന്ന് ചര്‍ച്ച നടത്തുമെന്നു പ്രതീക്ഷിക്കുന്നു. തെറ്റുകളും വീഴ്ചകളും പരാജയങ്ങളും തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തുകയാണ് വേണ്ടത്. മൂന്നാര്‍ സമരം നമുക്ക് നല്‍കുന്ന അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍, രാഷ്ട്രീയ കക്ഷികള്‍, തൊഴിലാളി സംഘടനകള്‍, മാനേജ്‌മെന്റുകള്‍ തുടങ്ങി എല്ലാവര്‍ക്കും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകട്ടെ മൂന്നാര്‍.