Connect with us

Kerala

നിര്‍ദേശം മറികടന്ന് സ്ഥലം മാറ്റം: തിരഞ്ഞെടുപ്പ് കമീഷന്‍ ഹൈക്കോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഹയര്‍സെക്കന്‍ഡറി സ്ഥലംമാറ്റത്തിലെ സ്വകാര്യ അന്യായത്തിലാണ് കമ്മീഷന്‍ നടപടി.
അധ്യാപകരുടെ സ്ഥലം മാറ്റത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം വരും മുമ്പ് ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. സ്ഥലം മാറ്റം ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്. ഉത്തരവ് മരവിപ്പിക്കാനാകില്ല. ഉത്തരവ് മരവിപ്പിക്കാനുള്ള കമ്മീഷന്‍ നിര്‍ദേശം നിയമവിരുദ്ധമാണെന്നും നടപ്പാക്കാനാകില്ലെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷ് സര്‍ക്കാറിനെ അറിയിച്ചു. സ്ഥലംമാറ്റ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം. സ്ഥലംമാറ്റം ഉടനടി നടപ്പിലാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇതുവരെ വിധിയില്‍ ഇടപെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാ ല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടില്ലെന്നും ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, അധ്യാപകരുടെ സ്ഥലമാറ്റം മരവിപ്പിക്കാനുള്ള നിര്‍ദേശത്തില്‍ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ 20-ാം തീയതി വരെ അധ്യാപകര്‍ എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ തന്നെ തുടരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടി കമ്മീഷന്‍ സെക്രട്ടറി പി ഗീത ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു.
പാതിരാത്രിക്ക് ഇറങ്ങിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈമാസം 20ന് ശേഷം നടത്തിയ എല്ലാ സ്ഥലം മാറ്റവും റദ്ദാക്കണം. കമ്മീഷന്റെ നേരത്തെയുള്ള ഉത്തരവിന്റെ ലംഘനമാണ് സ്ഥലം മാറ്റമെന്നും കത്തില്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കേണ്ടതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് കമ്മീഷന്‍ 21ന് വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് നിലവില്‍ വരുന്നതിന് മുമ്പുള്ള തീയതി വെച്ച് ഉത്തരവിറക്കി കമ്മീഷന്റെ വിലക്ക് മറികടക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ഉത്തരവ് ഇറങ്ങിയത് 22ന് അര്‍ധരാത്രിയാണെങ്കിലും 20 ആണ് തീയതി വെച്ചിരുന്നത്.