ഡിഫ്തീരിയ പ്രതിരോധത്തിന് ത്രിതല കര്‍മ പദ്ധതികള്‍ തയ്യാറായി

Posted on: September 22, 2015 10:28 am | Last updated: September 22, 2015 at 10:28 am

മലപ്പുറം: ഡിഫ്തീരിയയെ നാടുകടത്താന്‍ ജില്ലയില്‍ ത്രിതല കര്‍മ പദ്ധതികള്‍. ഉടന്‍ നടത്തേണ്ടത്, ഇടക്കുള്ളത്, സ്ഥിരം നടത്തേണ്ടത് എന്ന നിലക്കാണ് പദ്ധതികള്‍.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന വിപുലമായ യോഗത്തില്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കും. ഉടന്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങും. ഡിഫ്തീരിയ കണ്ടെത്തിയ അഞ്ച് സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ടി ഡി വാക്‌സിന്‍ നല്‍കുന്നതാണ് ആദ്യഘട്ടം. 16 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. അതോടൊപ്പം കുത്തിവെപ്പെടുക്കാത്ത അഞ്ച് മുതല്‍ 16 വരെ വയസ്സുകാരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ശേഖരിക്കും. ഒക്‌ടോബര്‍ ഒന്ന് മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്നതാണ് രണ്ടാം ഘട്ടം. സ്‌കൂളിലും വീടുകളിലുമെത്തി 16 വയസുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. അനാഥാലയങ്ങളിലും അന്യ സംസ്ഥാനക്കാര്‍ക്കിടയിലും പ്രവര്‍ത്തിക്കാന്‍ 20 മൊബൈല്‍ ടീമുകളും ഉണ്ടാകും. നഗരസഭാ, ബ്ലോക്ക് തലത്തിലാണ് ഇവര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ആറുമാസം നീണ്ടുനില്‍ക്കുന്നതാണ് മൂന്നാം ഘട്ടം. എല്ലാവര്‍ക്കും ടി ഡി വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ ചിലവ് വരും.