Connect with us

Gulf

നിയമത്തെ കുറിച്ചുള്ള അജ്ഞത; യാത്രക്കാര്‍ക്ക് സ്വര്‍ണം നഷ്ടമാകുന്നു

Published

|

Last Updated

അബുദാബി: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം നാട്ടിലെ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിക്കേണ്ടിവരുന്നു. ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി കര്‍ശനമാക്കിയതാണ് കാരണം.
വിദേശ രാജ്യങ്ങളില്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും താമസിച്ചുമടങ്ങുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവാദമുള്ളു. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ അനുമതിയില്ല. നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്ന സ്ത്രീകള്‍ ഇത് മനസിലാക്കാതെ ആഭരണമായും മറ്റും കൊണ്ടുപോകുന്നു. സാധാരണ അണിയുന്ന ആഭരണങ്ങള്‍ പോലും തിരിച്ചുപോകുന്ന സമയത്ത് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസുകളില്‍ അഴിച്ചുവെക്കാന്‍ നിര്‍ബദ്ധിക്കപ്പെടുന്നു. ആഭരണങ്ങളുടെ തൂക്കവും വിധവുമെല്ലാം സ്വന്തം പാസ്‌പോര്‍ട്ടില്‍ പൂര്‍ണമായും രേഖപ്പെടുത്തിയാണ് യാത്രക്കാരെ കസ്റ്റംസില്‍ നിന്നും പറഞ്ഞുവിടുന്നത്. ജീവിതത്തില്‍ ആദ്യമായും പലപ്പോഴും അവസാനമായും ഗള്‍ഫ് കാണാനുള്ള മോഹവുമായി യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ആഭരണങ്ങള്‍ തിരിച്ചുകിട്ടണമെങ്കില്‍ താമസിയാതെ മറ്റൊരു യാത്രകൂടി നിര്‍ബന്ധിതമായി മാറുകയാണ്. ഇവര്‍ ഒരു യാത്രകൂടി ഗള്‍ഫിലേക്ക് നടത്തുമ്പോള്‍ മാത്രമേ കസ്റ്റംസ് പിടിച്ചുവെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കുകയുള്ളു. പിന്നീട് ഈ ആഭരണങ്ങള്‍ ഗള്‍ഫ് നാടുകളിലെ ജ്വല്ലറികളില്‍ പഴയ ആഭരണമായി വില്‍പന നടത്താന്‍ പലരും നിര്‍ബന്ധിതരായിത്തീരുകയാണ്.
ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ക്ക് പരമാവധി രണ്ടുപവന്‍ സ്വര്‍ണം മാത്രമേ കൊണ്ടുപോകുവാന്‍ അനുമതിയുള്ളു. അത്‌കൊണ്ട് തന്നെ, ഭാര്യയും മക്കളുമെല്ലാം അണിഞ്ഞുവന്ന പത്തും അതിലേറെയും പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ കൊടുത്തു പണം വാങ്ങുകയല്ലാതെ മറ്റുനിര്‍വാഹമൊന്നുമില്ല.
ഇങ്ങനെ നല്‍കുന്ന ആഭരണങ്ങള്‍ക്ക് പല ജ്വല്ലറികളും പ്രത്യേക കിഴിവൊന്നും ഇല്ലാതെത്തന്നെ സ്വര്‍ണത്തിന്റെ പവന്‍ തൂക്കത്തിനനുസരിച്ച് പണം നല്‍കാറുണ്ടെന്ന് ഉപഭോക്താക്കള്‍ ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണം.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest