Connect with us

Wayanad

തോട്ടം മേഖലയില്‍ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ ഊര്‍ജിതമാക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് വയനാട്ടിലും തോട്ടം തൊഴിലാളി മേഖലയില്‍ അവകാശ പോരാട്ടങ്ങള്‍ കരുത്താര്‍ജിക്കുന്നു. ട്രേഡ് യൂണിയനുകള്‍ ഒറ്റയക്കും കൂട്ടായുമൊക്കെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ ആസൂത്രണം ചെയ്യുകയാണിപ്പോള്‍.
ഈ സമരങ്ങള്‍ക്ക് മുന്‍പില്‍ മാനേജ്‌മെന്റുകള്‍ക്കും അവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറിനും അയവാര്‍ന്ന സമീപനം സ്വീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച. തോട്ടം തൊഴിലാളികളുടെ കൂലി കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഒന്‍പത് മാസമാവുന്നു. 2014 ഡിസംബറില്‍ അവസാനിച്ച കൂലി കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ 2014 ഓഗസ്റ്റ് മുതല്‍ ചര്‍ച്ചക്കായി നോട്ടീസ് കൊടുത്തിരുന്നു. പലതവണ ഇതിനായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നുവെങ്കിലും പ്രതിസന്ധിയുടെ പേരു പറഞ്ഞ് കൂലി പുതുക്കലിന് മാനേജ്‌മെന്റുകള്‍ സന്നദ്ധരായില്ല.
പലപ്പോഴും യോഗങ്ങളില്‍ നിന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നു. റബറിനും തേയില്ക്കും ഏലത്തിനും ഉണ്ടായ വിലയിടിവ് ചൂണ്ടിക്കാട്ടി തോട്ടങ്ങളില്‍ പലതും നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു മാനേജ്‌മെന്റുകള്‍. എച്ച് എം എല്‍ പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ ലാഭമില്ലെന്ന് ബാലന്‍സ്ഷീറ്റില്‍ വരുത്തി തീര്‍ക്കാന്‍ നിര്‍മാണ പ്രവൃത്തികളിലേക്ക് വന്‍തോതില്‍ ഫണ്ട് മാറ്റുകയായിരുന്നു. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് എന്ന ആവശ്യം ചെവിക്കൊള്ളാന്‍ പോലും മാനേജ്‌മെന്റുകളോ സര്‍ക്കാറോ തയ്യാറായില്ല.
റബറിനും ഏലത്തിനും ചായപ്പൊടിക്കും വലിയ വിലയുണ്ടായിരുന്ന കാലത്തും തൊഴിലാളിയുടെ കൂലി വര്‍ധിപ്പിക്കുന്നതിനും അര്‍ഹമായ ബോണസ് അനുവദിക്കുന്നതിനും ഇതുപോലുള്ള മുടന്തന്‍ ന്യായങ്ങളാണ് പറഞ്ഞിരുന്നത്. സര്‍ക്കാറാവട്ടെ മാനേജ്‌മെന്റുകളുടെ നിലപാടിനെ സഹായിക്കുന്ന സമീപനവും സ്വീകരിച്ചു.
ഇത്തരം നീക്കങ്ങളാണ് മൂന്നാറില്‍ തെരുവിലിറങ്ങി ഒന്‍പത് ദിവസം വരെ നീണ്ടുനിന്ന സമരം ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കൂലി വാങ്ങുന്നവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്ക് ലഭിക്കുന്ന കൂലി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലിയേക്കാള്‍ കുറവാണ്. നിത്യേന 232 രൂപയാണ് ചായത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി,. നാട്ടിന്‍പുറത്ത് കൂലി വേലക്ക് പോവുന്നവര്‍ക്ക് പോലും ഇപ്പോള്‍ നിത്യേന നാനൂറ് രൂപയോളം കൂലി ലഭിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് അറുനൂറ് രൂപവരെ എത്തി. എന്നിട്ടും ചുരുങ്ങിയ വേതനത്തില്‍ തോട്ടത്തില്‍ തന്നെ ജോലി ചെയ്യാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് ആഴ്ചയില്‍ ആറ് ദിവസവും ജോലിയുണ്ടെന്ന ഘടകം മാത്രം.
തോട്ടം മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ പോലും കാലത്തിന് അനുസൃതമായി പുതുക്കുന്നില്ലെന്ന വൈരുധ്യവും നിലനില്‍ക്കുന്നു. ബ്രിട്ടീഷ് വാഴ്ചയില്‍ ഇംഗ്ലീഷ് ആന്റ് സ്‌കോട്ടീഷ് കമ്പനിക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാന്‍ഡിംഗ് ഓര്‍ഡറില്‍ പലതും ഭേദഗതികള്‍ പോലും ചെയ്യാതെ ഇന്നും നിലനില്‍ക്കുന്നുവെന്നത് തികഞ്ഞ വൈരുധ്യമാണ്. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനവും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങളും ജീവിക്കാനാവശ്യമായ സാഹചര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടും തോട്ടം തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഈ മേഖലയില്‍ ആദ്യം ഉയര്‍ന്നിരുന്നത്. കങ്കാണിമാരുടെ ചൂഷണവും ആധിപത്യവും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യൂണിയനുകള്‍ ഐതിഹാസിക പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. താട്ടങ്ങളില്‍ പലന്തിയോളം ജോലി ചെയ്തിട്ടും നേരാംവണ്ണം ഭക്ഷണമോ ധരിക്കാന്‍ വസ്ത്രമോ രോഗങ്ങള്‍ക്ക് ചികിത്സയോ ഇല്ലാതെ ജീവനൊടുക്കിയ തൊഴിലാളികളുടെ എണ്ണം നിരവധിയാണ്. ഇത്തരം നിരവധി വിലാസമില്ലാത്ത മനുഷ്യരുടെ കണ്ണീരിന്റെ സ്മരണകളിരമ്പുന്നതാണ് ഇന്നത്തെ തോട്ടം മേഖല.
ട്രേഡ് യൂണിയനുകള്‍ ശക്തിപ്പെടുകയും അവയുടെ കൊടിക്കീഴില്‍ തൊഴിലാളികള്‍ ഭയലേശമന്യെ അണിനിരക്കുകയും ചെയ്തതോടെയാണ് അവരുടെ നിലനില്‍പ്പിന് ആധാരമായ നിയമങ്ങള്‍ പലതും പ്രാബല്യത്തിലായത്. ഫാക്ടീസ് ആക്ട് 1947, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947, പേമെന്റ് ഓഫ് വേജസ് ആക്ട് 1936, സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ് ആക്ട് 1946, മിനിമം വേജസ് ആക്ട് 1948, പേമെന്റ് ഓഫ് ബോണസ് ആക്ട് 1965, ഇ പി എഫ് ആക്ട് 1951, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ട് 1961, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് 1923 തുടങ്ങിയ നിയമങ്ങള്‍ ഏറെ വൈകി ട്രേഡു യൂണിയനുകളുടെ പ്രക്ഷോഭ ഫലമായി നടപ്പാക്കിയവയാണ്.
എന്നാല്‍ രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഈ നിയമങ്ങളുടെ പരിരക്ഷ പോലും തൊഴിലാളികള്‍ക്ക് എത്രകാലമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു. അര നൂറ്റാണ്ട് മുന്‍പുള്ള തോട്ടങ്ങളിലെ അവസ്ഥയില്‍ നിന്ന് മാറിയിട്ടുണ്ട് എങ്കിലും പുതിയ കാലത്തെ സാമൂഹിക സാഹചര്യത്തിന് അനുസൃതമായി തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥ കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഏവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്.

Latest