മോദി കാണുന്നത് കോട്ടിട്ടവരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി

Posted on: September 19, 2015 7:01 pm | Last updated: September 20, 2015 at 5:25 pm

rahul gandi

രാംനഗര്‍ (ബീഹാര്‍): സംസ്ഥാനത്ത് എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് ഭൂമിയും ജീവിതവും നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പടിഞ്ഞാറന്‍ ചമ്പാരന്‍ മേഖലാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടാന്‍ മഹാത്മാ ഗാന്ധി തന്റെ കോട്ട് ഉപേക്ഷിച്ചപ്പോള്‍ ചായക്കച്ചവടക്കാരനായിരുന്നെന്ന് അവകാശപ്പെടുന്ന മോദി 15 ലക്ഷം രൂപയുടെ കോട്ടാണ് ധരിക്കുന്നതെന്ന് രാഹുല്‍ കുറ്റുപ്പെടുത്തി. ധനികരുടെ കൂട്ടമായി മാറിയിരിക്കുകയാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ എന്നും രാഹുല്‍ ആരോപിച്ചു.
ബൂട്ടും സൂട്ടും ധരിച്ചവരെ മാത്രമാണ് പ്രധാനമന്ത്രിയായ ശേഷം മോദി സന്ദര്‍ശിക്കുന്നത്. താനും സുഹൃത്തുക്കളും ധരിക്കുന്ന സൂട്ടും ബൂട്ടും ഇന്ത്യയെ മാറ്റുമെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരം സൃഷ്ടിക്കും, കര്‍ഷകരുടെ ഉത്പനങ്ങള്‍ക്ക് 100 ശതമാനം താങ്ങുവില ഉറപ്പുനല്‍കും, കള്ളപ്പണം തിരികെയെത്തിച്ച് ഒരോ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍. ഇതില്‍ ഏതെങ്കിലും പ്രാവര്‍ത്തികമായതായി ആര്‍ക്കെങ്കിലും അറിയാമോ എന്ന് രാഹുല്‍ ചോദിച്ചു.
കര്‍ഷകരെയും പാവപ്പെട്ടവരെയും മോദിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന തിരഞ്ഞെടുപ്പിന് ജെ ഡി യുവും ആര്‍ ജെ ഡിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മുന്നണിയുണ്ടാക്കിയത്. മോദിയും കൂട്ടരും അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ക്ക് ഭൂമിയും തൊഴിലും നഷ്ടമാകുമെന്ന് കൂടിനിന്നവരോടായി രാഹുല്‍ പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്യൂട്ടും ബൂട്ടും ധരിക്കുന്ന രണ്ടുമൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്ന് ബീഹാറിലെത്തി കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് മോദി പറയുമ്പോള്‍ തന്നെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ബന്ധപ്പെട്ട ആരോപണങ്ങളും മധ്യപ്രദേശിലെ വ്യാപം അഴിമതിയും രാജസ്ഥാനില്‍ ബി ജെ പി മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യക്കെതിരെയുള്ള ആരോപണങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അടുക്കുമ്പൊഴെല്ലാം സമുദായങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശിലും ബീഹാറിലും അത് കണ്ടതാണ്. അവര്‍ അത് ഇത്തവണയും ആവര്‍ത്തിക്കും. പക്ഷേ, അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്നലെ നടന്ന റാലിയില്‍ ജെ ഡി യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും സംബന്ധിച്ചില്ല. സീറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെ തിരക്കിലായതിനാലാണ് ഇവര്‍ പങ്കെടുക്കാത്തതെന്നാണ് മുന്നണി നേതാക്കള്‍ വ്യക്തമാക്കിയത്. അതേസമയം ലാലുവിന്റെ മകന്‍ തേജസ്വി റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുക്കാന്‍ പാറ്റ്‌നയിലെത്തിയ രാഹുലിനെ നിതീഷ് കുമാര്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ALSO READ  ഇന്ത്യക്കും അമേരിക്കക്കും സഹിഷ്ണുതയുടെ ഡി എൻ എ നഷ്ടമായി: രാഹുൽ ഗാന്ധി