Connect with us

Wayanad

പുനഃസംഘടന: ജില്ലയിലെ ഐ ഗ്രൂപ്പില്‍ തീയും പുകയും

Published

|

Last Updated

കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഘടകത്തിലെ ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസും എം ഐ ഷാനവാസ് എം പിയും ചുക്കാന്‍ പിടിക്കുന്ന ഐ ഗ്രൂപ്പില്‍ തീയും പുകയും. ദീര്‍ഘകാലമായി ഗ്രൂപ്പിനു പിന്നില്‍ ഉറച്ചുനിന്നവരില്‍ പലരും ഡി സി സി പുനഃസംഘടനയില്‍ തഴയപ്പെട്ടതാണ് പ്രശ്‌നം.
പാര്‍ട്ടിയിലും പോഷക സംഘടനകളിലും ഉള്ളവരില്‍ ഭാരവാഹിത്വം പ്രതീക്ഷിച്ച് നിരാശരായവര്‍ ഗ്രൂപ്പില്‍ കലാപത്തിനൊരുങ്ങുകയാണ്. ഗ്രൂപ്പ് മാനേജര്‍മാരായ പൗലോസും ഷാനവാസും ചേര്‍ന്ന് നടത്തിയ വെട്ടിനിരത്തലില്‍ ഉപ ഗ്രൂപ്പുകളും കലിയിലാണ്. കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, ഡി സി സി മുന്‍ പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ എന്നിവരാണ് ജില്ലയില്‍ ഐ ഗ്രൂപ്പിലെ ഉപ ചേരികളുടെ അമരത്ത്. പുതിയ ഭാരവാഹികളില്‍ തങ്ങളുടെ സ്വന്തം ആളെന്ന് ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് ഒരാള്‍ പോലും ഇല്ലാതായി. തങ്ങള്‍ ശിപാര്‍ശ ചെയ്തവരെ തഴയപ്പെട്ടതിനു പുറമേ ഒതുക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഭാരവാഹിത്വം ലഭിച്ചതും ഉപ ഗ്രൂപ്പ് സാരഥികള്‍ക്ക് കല്ലുകടിയായി. ഇതിലുള്ള വിഷമം കെ പി സി സി അധ്യക്ഷനെ അറിയിച്ച പുനഃസംഘടന സമവായ കമ്മിറ്റി അംഗങ്ങളുമായ ബാലചന്ദ്രനും അബ്രഹാമും ഇക്കഴിഞ്ഞ 11ന് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തില്ല.
സമവായ കമ്മിറ്റിയിലെ ഐ ഗ്രൂപ്പുകാരായ കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥന്‍, ഡി സി സി മുന്‍ സെക്രട്ടറി സി അബ്ദുല്‍ അഷ്‌റഫ് എന്നിവരും ചടങ്ങില്‍നിന്നു വിട്ടുനിന്നു. ബത്തേരി എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന്‍ പരിപാടിയില്‍ മുഖം കാണിച്ചു മുങ്ങി. ഐ വിഭാഗത്തിലെ പ്രമുഖര്‍ സ്ഥലത്തുണ്ടായിട്ടും ചടങ്ങില്‍നിന്നു വിട്ടുനിന്നത് ഗ്രൂപ്പിനു പുറത്തും ചര്‍ച്ചയായിട്ടുണ്ട്.
കെ പി സി സി അംഗവും മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വെള്ളമുണ്ട ചന്ദ്രന്‍, ബത്തേരി ബ്ലോക്ക് പ്രസിഡന്റായിരുന്ന പി എം തോമസ്, പനമരം ബ്ലോക്ക് പ്രസിഡന്റായിരുന്ന പി ഐ ജോര്‍ജ്, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റായിരുന്ന എന്‍ ആര്‍ സോമന്‍ മാസ്റ്റര്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റായിരുന്ന എം ആര്‍ മോഹനന്‍, ജി എസ് ടി യു ജില്ലാ പ്രസിഡന്റായിരുന്ന പി കെ രാജന്‍, എന്‍ ജി ഒ യൂനിയന്‍ ജില്ലാ പ്രസിഡന്റായിരുന്ന വി എ അഗസ്റ്റി, ഡി സി സി അംഗങ്ങളായിരുന്ന സി എസ് മാത്തുക്കുട്ടി, എന്‍ കുമാരന്‍ മാസ്റ്റര്‍, ബേബി സുകുമാരന്‍ എന്നിവര്‍ ഗ്രൂപ്പില്‍ തഴയപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ ഗണത്തില്‍പ്പെടും.
പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിച്ചെങ്കിലും നിരാശര്‍ നിരവിധിയാണ്. ഹമീദലി തിരുനെല്ലി, മധു സെബാസ്റ്റ്യന്‍ ബത്തേരി, എ.നിഷാന്ത് മാനന്തവാടി, സലിം കല്ലൂര്‍, ജോമി വടക്കേടം അമ്പലവയല്‍, ബൈജു ചാക്കോ മീനങ്ങാടി, ബിനു ജേക്കബ് കണിയാമ്പറ്റ, നസീര്‍ ആലയ്ക്കല്‍, പ്രേമന്‍ മലവയല്‍… ഇങ്ങനെ നീളുകയാണ് അവരുടെ നിര.
ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പോഷകസംഘടനാ ഭാരവാഹികളില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്, മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ തങ്കമ്മ യേശുദാസ്, ഇതര പാര്‍ട്ടികളില്‍നിന്നു എത്തിയവരില്‍ കെ പി ദാമോദരന്‍ ബത്തേരി, വി ടി തോമസ് മുള്ളന്‍കൊല്ലി, സുരേഷ്ബാബു വാളല്‍ എന്നിവരെയും ഗ്രൂപ്പ് മാനേജര്‍മാര്‍ മൂല്ക്കിരുത്തി.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാരായിരുന്ന മത്തച്ചന്‍(മാനന്തവാടി), ജില്‍സ് തൂപ്പുംകര(എടവക), ജോസ് വെമ്പള്ളി(പനമരം), കുന്നത്ത് അഷ്‌റഫ്(ബത്തേരി), വി എം പൗലോസ്(പുല്‍പള്ളി), എ പി കുര്യാക്കോസ്(അമ്പലവയല്‍), കെ ആര്‍ ഭാസ്‌കരന്‍(മീനങ്ങാടി), മോഹന്‍ദാസ് കോട്ടക്കൊല്ലി(മുട്ടില്‍), ഗരീഷ് കല്‍പറ്റ, ശശി മൂപ്പൈനാട്, യേശുദാസ്(തലപ്പുഴ), ടി കെ മമ്മൂട്ടി(വെള്ളമുണ്ട) എന്നിവരും പുനഃസംഘടനയില്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ ചവിട്ടും കുത്തും ഏല്‍ക്കേണ്ടിവന്നവരുടെ ഗണത്തില്‍പ്പെടും. മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളില്‍ വത്സ ചാക്കോ, സരള ടീച്ചര്‍, മേരി തോമസ്, തങ്കമ്മ ടീച്ചര്‍, സുജയ വേണുഗോപാല്‍ എന്നിവരും ഡി.സി.സി ഭാരവാഹിത്വം സ്വപ്‌നം കണ്ടവരാണ്.
പാര്‍ട്ടിയിലെ പഴക്കവും ഗ്രൂപ്പിനോടുള്ള കൂറും കണക്കിലെടുക്കാതെയും കെ പി സി സി പ്രസിഡന്റിനെ കൈയിലെടുത്തും ഭാരവാഹിത്വത്തില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ചെയ്തതെന്ന പരിഭവം വഴിയാധാരമായവരില്‍ ശക്തമാണ്.സമയം വരുമ്പോള്‍ കണക്കുപറയണമെന്ന നിശ്ചയത്തിലാണ് ഇവരില്‍ പലരും.
വയനാട്ടില്‍ പ്രശ്‌നങ്ങള്‍ക്കിടയില്ലാതെ പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കിയെന്ന മട്ടില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഐ ഗ്രൂപ്പില്‍ ചര്‍ച്ചയായിട്ടുണ്ട്. ഗ്രൂപ്പ് മാനേജര്‍മാരാണ് ഈ വാര്‍ത്തക്ക് പിന്നിലെന്ന് അടക്കം പറയുന്നവര്‍ ഒന്നും രണ്ട് മല്ല.

Latest