Connect with us

Kerala

ഭാരതപ്പുഴ പുനരുജ്ജീവനത്തിന് 77 കോടിയുടെ കേന്ദ്ര പദ്ധതി: സര്‍വേ 2016 മാര്‍ച്ചില്‍

Published

|

Last Updated

പാലക്കാട്: കൈയേറ്റവും മണലെടുപ്പും ഒഴിവാക്കി ഭാരതപ്പുഴ പുനരുജ്ജീവനത്തിന് 77 കോടി രൂപ ചെലവില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുന്നതിന് മുന്നോടിയായുള്ള സര്‍വേ 2016 മാര്‍ച്ചില്‍ ആരംഭിക്കും.
നാല്‍പത്തിയഞ്ച് വര്‍ഷമായി സര്‍വേയും അതിര്‍ത്തി പുനര്‍ നിര്‍ണയിക്കലും സ്തംഭിച്ചിരുന്ന ഭാരതപ്പുഴയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സര്‍വേ വിഭാഗമാണ് സര്‍വേ നടത്തുക. 1905 ലെ മദ്രാസ് സ്‌റ്റേറ്റ് സര്‍വേ ആധാരമാക്കിയായിരിക്കും അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുക. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് സര്‍വേ. പാലക്കാട് ജില്ലയിലെ അരലക്ഷം ഹെക്ടറോളം വരുന്ന പ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ പുഴയുടെ അതിരുകള്‍ രേഖപ്പെടുത്തികൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. ദേശീയ ഹരിത ട്രൈബ്യൂനലിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പുഴമണലെടുപ്പ് പൂര്‍ണമായി നിയന്ത്രിക്കും. അശാസ്ത്രീയമായി നിര്‍മിച്ച ബണ്ടുകള്‍ നീക്കം ചെയ്യും. ചപ്പാത്തുകള്‍ കൂടുതലായി നിര്‍മിച്ച് പുഴയിലെ ജലവിതാനം ക്രമമായി നിലനിര്‍ത്തും. പ്രമുഖ ജലസംരക്ഷണ പ്രവര്‍ത്തകനും ശാസ്ത്രജ്ഞനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ ഡോ. രാജേന്ദ്ര സിംഗ് ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് കേന്ദ്ര മന്ത്രാലയം ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്.
കൈയേറ്റവും മണ്ണെടുപ്പും മൂലം ശോഷിപ്പിച്ച ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം വിദഗ്ധരുടെ അനുമാനം. 1996 ല്‍ കേരള ജലവിഭവ വകുപ്പ് തയ്യാറാക്കിയ കേരള വാട്ടര്‍ഭൂപടത്തില്‍ 4400 ചതുരശ്ര കിലോമീറ്റര്‍ ആണ് ഭാരതപ്പുഴയുടെ വിസ്തൃതി. ഭാരതപ്പുഴയുടെ 130 ചതുരശ്ര കിലോമീറ്റര്‍ ഭൂമി സ്വകാര്യവ്യക്തികളുടെ കൈയേറ്റത്തില്‍ നഷ്ടപ്പെട്ടുവെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 40 ഓളം വില്ലേജ് ഓഫീസുകള്‍ പുഴ നികത്തിയ 1,00,400 ഏക്കര്‍ പുഴഭൂമി കരഭൂമിയാക്കി കര്‍ഷകര്‍ക്ക് ജന്മാവകാശം നല്‍കിയിട്ടുണ്ട്. 289 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന ഭാരതപ്പുഴക്ക് എട്ടോളം വലിയ പോഷക നദികളുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം താഴുകയാണെന്ന് സെസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. സൈലന്റ്‌വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന പോഷക നദികളില്‍ റെക്കോര്‍ഡ് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തിയത് 90,000 മെട്രിക് ടണ്‍ മണലാണ്. 190 കോടി രൂപയാണ് ഇത്രയും മണലിന് മൂല്യം കണക്കാക്കിയത്. പുഴയില്‍ വെള്ളമിറങ്ങിയതോടെ ഈ മണല്‍സമ്പത്ത് കൊള്ളയടിക്കാന്‍ മണല്‍മാഫിയകളും നിളയുടെ കടവുകളില്‍ സജീവമായി. ഏഴ് പോഷകനദികളില്‍ പ്രതിവര്‍ഷം റെക്കോര്‍ഡ് മണ്ണിടിച്ചിലാണ് രേഖപ്പെടുത്തുന്നത്. ഭവാനിപ്പുഴ, ഗായത്രിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, ചുള്ളിയാര്‍, കോരയാര്‍, വരട്ടാര്‍, പാലാര്‍, ഉപ്പാര്‍ എന്നീ പുഴകളിലാണ് ഇടവപ്പാതിയില്‍ മണ്ണൊലിപ്പും കരയിടിച്ചിലും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഈ പോഷകനദികളെല്ലാം ചേര്‍ന്ന് ഇക്കഴിഞ്ഞ ഇടവപ്പാതിയില്‍ 90,000 മെട്രിക് ടണ്‍ ആറ്റുമണല്‍ ഭാരതപ്പുഴയില്‍ നിക്ഷേപിച്ചതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ലക്കിടി മുതല്‍ പൊന്നാനി വരെയുള്ള പ്രദേശത്തെ കണക്കാണിത്.
ഭാരതപ്പുഴയോരത്തെ 28 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ചേര്‍ന്നാണ് ഇത്രയും ഭാഗത്ത് ഭാരതപ്പുഴയിലെ മണലെടുപ്പ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം 28 പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ഭാരതപ്പുഴയിലെ മണല്‍ പാസ് അനുവദിച്ചതിലൂടെ ആകെ നേടിയ വരുമാനം 29 കോടി രൂപ മാത്രമാണ്. ഓരോ കാലവര്‍ഷത്തിലും പുഴയിലടിയുന്ന പൊന്നുംവിലയുള്ള ഭാരതപ്പുഴ മണലിന്റെ 80 ശതമാനവും അനധികൃതമായി കടത്തുകയാണെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്. ഒക്ടോബര്‍ മാസം പകുതി മുതല്‍ മെയ് വരെ തുടരുന്ന മണല്‍ക്കടത്ത് സീസണില്‍ പ്രതിവര്‍ഷം 220 കോടി രൂപയുടെ മണല്‍ കേരളത്തിലെമ്പാടും വില്‍ക്കുന്നുവെന്നാണ് ജി എസ് ഐയുടെ കണക്ക്.
ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിളാതീരത്തെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് വിശദപഠനം നടത്തി ജനപ്രതിനിധികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പട്ടാമ്പി എം എല്‍ എ സി പി മുഹമ്മദ്, തൃത്താല എം എല്‍ എ വി ടി ബല്‍റാം എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭ, ലോക്‌സഭ”മണ്ഡലങ്ങളിലെ പ്രതിനിധികളും പഞ്ചായത്ത് അധികൃതരും യോജിച്ച് 2013 ല്‍ വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. ഇത്തരമൊരു സഹാചര്യത്തിലാണ് ഭാരതപ്പുഴയെ സംരക്ഷിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുനരുജ്ജീവന പദ്ധതിയുമായി രംഗത്ത് വന്നത്.

---- facebook comment plugin here -----

Latest