ഷീന ബോറ വധം: ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

Posted on: September 9, 2015 5:17 am | Last updated: September 9, 2015 at 12:17 am

മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയും ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്നയെ കോടതി ഈ മാസം 21വരെ റിമാന്‍ഡ് ചെയ്തു. ഇന്ദ്രാണിയെയും അവരുടെ മുന്‍ ഡ്രൈവറായ ശ്യാംവര്‍ റായിയെയും സെപ്തംബര്‍ 21വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ കേസിലെ നിര്‍ണായകമായ ചില തെളിവുകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയ ഖന്നയെ തിങ്കളാഴ്ച രാത്രി മുംബൈയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.
ഷീനയെ കൊലചെയ്ത ശേഷം മൃതശരീരം മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ പെന്‍വനത്തില്‍ കുഴിച്ചിട്ട കേസില്‍ കുറ്റാരോപിതരാക്കിയാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
2012 ഏപ്രില്‍ 24നാണ് ഷീന കൊലചെയ്യപ്പെട്ടത്. ഖന്ന ധരിച്ചിരുന്ന ഷൂ കൊല്‍ക്കത്തയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെന്‍ വനത്തില്‍ ഷീനയുടെ മൃതദേഹം കുഴിച്ചിടാന്‍ പോയവേളയില്‍ പ്രതിയുടെ ഷൂ കൊല്‍ക്കത്തയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടിരുന്നു. പെന്‍വനത്തില്‍ നിന്ന് കണ്ടെടുത്ത അസ്ഥികൂടം ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഷീനയുടെതാണെന്ന് തെളിഞ്ഞിരുന്നു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഡി എന്‍ എ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പോലീസിന് കൈമാറിയിട്ടുണ്ട്. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ അസ്ഥികളും വസ്ത്രങ്ങളും മറ്റും ഇന്ദ്രാണിയുടെയും സീനയുടെ സഹോദരന്‍ മിഖായില്‍ ബോറയുടെതുമായി പൊരുത്തപ്പെടുന്നതാണെന്ന് ലബോറട്ടറി അധികൃതര്‍ പറഞ്ഞു. ശ്യാംവര്‍ റായ് 2012ല്‍ ഇന്ദ്രാണിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തതില്‍, താനും ഇന്ദ്രാണിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് ഷീനയെ കൊലചെയ്തതെന്നും ശരീരം പെന്‍വനത്തില്‍ തീയിട്ട് ചുട്ടതെന്നും മൊഴി നല്‍കിയിരുന്നു.
ഷീനയുടെ സഹോദരന്‍ മിഖായിലിന്റെ രക്തസാമ്പിളുകളുമായി ഇന്ദ്രാണിയുടെ രക്തസാമ്പിളുകള്‍ സാമ്യമുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ദ്രാണിയുടെ ഡി എന്‍ എയുമായി സാമ്യമുള്ളതാണ് വനത്തില്‍ നിന്ന് കണ്ടെടുത്ത ഷീനയുടെ ശരീര ശേഷിപ്പുകളുടെയും ഡി എന്‍ എ അടയാളങ്ങളും. വനത്തില്‍ നിന്ന് കണ്ടെടുത്ത അസ്ഥികളും മറ്റും ഇന്ദ്രാണിയുടെ മകളുടെതാണെന്ന് നൂറ് ശതമാനവും ഉറപ്പാണെന്ന് ലാബ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷീനയുടെ പിതാവെന്ന് അവകാശപ്പെടുന്ന സിദ്ധാര്‍ഥ ദാസിന്റെ കാര്യത്തില്‍ തീര്‍പ്പ് പറയാന്‍ പെറ്റേര്‍ണിറ്റി പരിശോധനയുടെ ഫലം ലഭിക്കണം.
ഷീന അണിഞ്ഞിരുന്ന ആഭരണങ്ങളുടെ വലിയൊരു ഭാഗം പോലീസ് കല്‍ക്കത്തയില്‍ നിന്ന് കണ്ടെടുത്തതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ അറിയിച്ചിട്ടുണ്ട്.