മോദിയുടെ വാക്കും പ്രവൃത്തിയും യോജിക്കുന്നില്ല: സോണിയ

Posted on: September 9, 2015 6:00 am | Last updated: September 9, 2015 at 12:16 am

SoniaGandhiന്യൂഡല്‍ഹി: വാക്കും പ്രവൃത്തിയും യോജിക്കാത്തവിധം പൊള്ളയായ വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയറ്റം പരാജയപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേവലം അശരീരി പോലെ നിരാശാജനകമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയാ ഗാന്ധി. മോദി എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതു പോലും അവ്യക്തമാണ്. സാമ്പത്തിക നില താഴോട്ടുപോകുമ്പോള്‍തന്നെ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. തൊഴിലവസരം വര്‍ധിപ്പിക്കും എന്നത് പോലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചും മേക്ക് ഇന്ത്യ പോലുള്ള മുദ്രാവാക്യങ്ങളെ കുറിച്ചും പറയാതിരിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. പൊതുജന താത്പര്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ തെളിവാണ് ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്നാക്കം പോക്ക്. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 20ന് ഡല്‍ഹിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങളെ നോട്ടീസയച്ചും മറ്റും ബി ജെ പി വിരട്ടുകയാണ്. മോദി സര്‍ക്കാറിനെ ആര്‍ എസ് എസ് നേതൃത്വമാണ് നിയന്ത്രിക്കുന്നത്. അതിന് തെളിവാണ് കഴിഞ്ഞ ആഴ്ച നടന്ന മൂന്ന് ദിവസത്തെ ബി ജെ പി- ആര്‍ എസ് എസ് മീറ്റെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തത്. ബിഹാര്‍ തിരഞ്ഞെടുപ്പ്, കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍, പാര്‍ട്ടി ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അംഗത്വ വിതരണം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍.