Connect with us

Articles

രാമായണത്തിന്റെ അവകാശികള്‍

Published

|

Last Updated

ഡോ. എം എം ബഷീര്‍ “മാതൃഭൂമി” ദിനപത്രത്തിലെഴുതിയ “രാമായണം ജീവിത സാരാമൃതം” എന്ന ലേഖന പരമ്പരക്കെതിരെ ചിഞ്ചു എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആ പത്രത്തിന്റെ എഡിഷന്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ കേട്ടത് “റൈറ്റേഴ്‌സ് ഹൗസ്” എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നാണ്. അതിനു മുമ്പ് മാതൃഭൂമി ഓഫീസ് പരിസരത്ത് ഹനുമാന്‍ സേനയുടെ ഭീഷണി പോസ്റ്ററുകള്‍ കണ്ടിരുന്നെങ്കിലും അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തമായിരുന്നില്ല.
വാല്‍മീകി അവതരിപ്പിക്കുന്ന മര്യാദാ പുരുഷോത്തമനും ഭരണാധികാരിയുമായ ശ്രീരാമനെപ്പറ്റിയാണ് എം എം ബഷീര്‍ എഴുതിയത്. ഇതാകട്ടെ അനേകം തവണ “മാതൃഭൂമി” പത്രത്തില്‍ തന്നെ കര്‍ക്കിടക മാസത്തില്‍ പരമ്പരയായി വന്നിട്ടുള്ള കാര്യമാണ്. വാല്‍മീകി രാമായണത്തെ പഠനവിധേയമാക്കിയിട്ടുള്ള നിരവധി ഗ്രന്ഥങ്ങളില്‍ ആവര്‍ത്തിച്ച യാഥാര്‍ഥ്യമാണ്. കുട്ടികൃഷ്ണ മാരാരുടെയും ജി എന്‍ പിള്ളയുടെയും ഈ വിഷയത്തിലുള്ള പഠനങ്ങള്‍ നമ്മുടെ കലാലയങ്ങളില്‍ പോലും ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ്.
ഹിന്ദുത്വ തീവ്രവാദികളുടെ രാമായണ സംബന്ധിയായ അജ്ഞത എത്രമേല്‍ ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഭീഷണി ഫോണ്‍വിളിയിലെ വാദങ്ങള്‍. രാമായണം ഹൈന്ദവമാണ്; അതിനെക്കുറിച്ച് എഴുതാനും പറയാനും ഹിന്ദുവിന് മാത്രമേ അധികാരമുള്ളൂ എന്ന സങ്കുചിത വാദമാണ് അവര്‍ മുന്നോട്ട് വെക്കുന്നതില്‍ പ്രധാനം. ഇന്ത്യയില്‍ സവര്‍ണ, ബ്രാഹ്മണിക്കല്‍ രാമായണ പാഠത്തോടൊപ്പം ജൈന, ബുദ്ധ, മുസ്‌ലിം, ദളിത്, ആദിവാസി, സ്ത്രീപക്ഷ പാഠങ്ങളും നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം തമസ്‌കരിക്കാനുള്ള താത്പര്യം ഇതിനു പിന്നിലുണ്ട്. ദീര്‍ഘകാലം എഴുത്തച്ഛന്റെ ആധ്യാത്മ രാമായണം അടക്കമുള്ള കൃതികള്‍ പഠിപ്പിക്കുകയും സംസ്‌കൃതം സബ് ആയി പഠിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ. എം എം ബഷീറിന് സംസ്‌കൃതവും രാമായണവും അറിയില്ല എന്ന ഹനുമാന്‍ സേനക്കാരുടെ വാദം കൗതുകകരമാണ്. സംസ്‌കൃതം പഠിച്ചാലേ രാമായണം മനസ്സിലാകൂ എന്ന വികല വരേണ്യ വാദവും ഭീഷണിഫോണ്‍ വിളിയിലുണ്ട്.
ഇന്ത്യയില്‍ ഒരൊറ്റ രാമായണം മാത്രമല്ലയുള്ളതെന്നും അനേകം രാമായണങ്ങള്‍ ഉണ്ടെന്നും അവയെല്ലാം എഴുതപ്പെട്ടത് സംസ്‌കൃതത്തില്‍ മാത്രമല്ലെന്നും സംഘ്പരിവാര്‍ ശക്തികള്‍ മനസ്സിലാക്കേണ്ടതുണ്ട്. വാല്‍മീകി രാമായണം സംസ്‌കൃതത്തിലും ബുദ്ധമതസ്ഥരുടെ രാമായണം ബൗദ്ധ ദശരഥ ജാതകം, അനാമകം ജാതകം തുടങ്ങിയവ പാലി ഭാഷയിലും ജൈനമതസ്ഥരുടെ രാമായണമായ വിമലാസുരി രചിച്ച “പഉമ ചരീയം” പ്രാകൃതത്തിലുമാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഒരു കാലത്തും ഒരൊറ്റ പാഠമായിട്ടല്ല രാമായണ കഥ നിലനിന്നിട്ടുള്ളത്. വാല്‍മീകി രാമായണം പോലും ഗൗദ്ധീയം, ദാക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങനെ മൂന്ന് പാഠങ്ങളായിട്ടാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ദാക്ഷിണാത്യപാഠവും ഗൗദ്ധീയ പാഠവും താരതമ്യപ്പെടുത്തുമ്പോള്‍ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്ന് മാത്രമേ ഓരോന്നിലും ഒരേ പാഠത്തില്‍ കാണപ്പെടുന്നുള്ളൂ. മൂന്ന് പാഠങ്ങളിലും ലഭ്യമാകുന്ന ശ്ലോകങ്ങളുടെ രൂപം തന്നെ ഒരുപോലെയല്ല.
ഹിന്ദുക്കളല്ലാത്തവര്‍ രാമായണത്തെപ്പറ്റി പറയരുതെന്ന സങ്കുചിത വാദം അംഗീകരിച്ചാല്‍ രാമായണ സംബന്ധിയായ 70 ശതമാനം പഠനങ്ങളും റദ്ദ് ചെയ്യേണ്ടിവരും. രാമായണത്തെപ്പറ്റി ഏറ്റവും മികച്ച പഠനങ്ങള്‍ നടത്തിയിട്ടുള്ളത് വിദേശീയരാണ്. രാമകഥാ സംബന്ധിയായ എന്‍സൈക്ലോപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന “രാമകഥ: ഉത്ഭവവും വളര്‍ച്ചയും” എന്ന ഗവേഷണ ഗ്രന്ഥം രചിച്ചത് ഫാദര്‍ കാമില്‍ ബുല്‍ക്കെയാണ്. അദ്ദേഹം ബെല്‍ജിയം സ്വദേശിയായ ക്രിസ്തീയ പുരോഹിതനാണ്. 1974ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയുണ്ടായി. ഇന്ന് ജീവിച്ചിരിക്കുന്ന രാമായണ ഗവേഷകരില്‍ ഏറ്റവും പ്രമുഖയാണ് അമേരിക്കക്കാരിയായ പൗളാ റിച്ച്‌മേന്‍. അവരും ക്രിസ്ത്യാനിയാണ്. രാമായണത്തെപ്പറ്റി ആഴമാര്‍ന്ന പഠനം നടത്തിയിട്ടുള്ള എ വെബര്‍, എച്ച് യാക്കോബി, ഗ്ലേഗല്‍, ജി ഗോരേസിയോ, എ ബി കീഥ്, ഗ്രീര്‍സന്‍, ഡേഡിയര്‍, സി ഡബ്ലിയു ഗാര്‍നര്‍, ജോണ്‍ ആര്‍ ഫ്രാന്‍സിസ്‌ക്കോ തുടങ്ങി ഉപനിഷത്തുകളെപ്പറ്റി പഠിക്കുകയും അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത മാക്‌സ്മുള്ളര്‍ വരെയുള്ള അനേകം പണ്ഡിതന്മാരുടെ പഠനഗ്രന്ഥങ്ങളെ എന്ത് ചെയ്യും?
കമ്പരാമായണ പണ്ഡിതന്മാരില്‍ പ്രമുഖരാണ് തമിഴ്‌നാട്ടിലെ ഉമര്‍ പുലവറും എം എം ഇസ്മാഈലും. ഉമര്‍ പുലവറുടെ കമ്പരാമായണ പഠനങ്ങളെപ്പറ്റി നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ മുന്‍സിഫ് ജസ്റ്റിസ് ആയിരുന്ന എം എം ഇസ്മാഈല്‍ കമ്പ, തുളസി, വാത്മീകി രാമായണങ്ങളില്‍ അഗാധ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ “മൂന്ന് ചോദ്യങ്ങള്‍” എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്.
ഇന്ത്യ കഴിഞ്ഞാല്‍ രാമായണത്തിന് ഏറ്റവും പ്രചാരം ഇന്തോനേഷ്യയിലാണ്. അവിടുത്തെ രാമായണ ഗ്രന്ഥമായ “ഹികായത്ത് സെരിരാമ”നില്‍ രാമനും രാവണനും പ്രാര്‍ഥിക്കുന്നത് അല്ലാഹുവിനോടാണ്. ഇന്തോനേഷ്യയിലെ രാമായണ പണ്ഡിതരില്‍ പ്രമുഖനാണ് സൊറഡോണോ എം കുസുമോ. അദ്ദേഹം ഭക്തനായ മുസ്‌ലിമാണ്.
രാമായണത്തിന്റെ പാഠസാധ്യതകളെയും വ്യാഖ്യാന വൈപുല്യത്തെയുമാണ് സങ്കുചിത വാദികള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത് രാമായണ സംസ്‌കാരത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനു വേണ്ടി രാമായണത്തെ ഉപയോഗിക്കുന്നതിനെതിരെ മതേതര വാദികള്‍ ഉണരേണ്ടതുണ്ട്. ഡോ. എം എം ബഷീറിനെതിരെ മുഴക്കിയ ഭീഷണികളും തെറികളും ഒറ്റപ്പെട്ട സംഭവമല്ല. 1993ല്‍ “സഹ്മദ്” ഡല്‍ഹിയില്‍ വ്യത്യസ്ത രാമായണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ വി എച്ച് പിക്കാര്‍ കൈയേറിയതും എ കെ രാമാനുജന്റെ “മുന്നൂറ് രാമായണങ്ങള്‍” എന്ന പ്രൗഢോജ്ജ്വല പഠനം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംഘ്പരിവാര്‍ ആക്രമണം നടത്തിയതും സമീപകാലത്താണ്.
വാല്‍ക്കഷണം: കാഠ്മണ്ഡുവില്‍ നടന്ന എഴുത്തുകാരുടെ ഒരു സംഗമത്തില്‍ പ്രമുഖ പാക്കിസ്ഥാനി നോവലിസ്റ്റ് ഇന്‍തിസാര്‍ ഹുസൈന്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യം റൊമീലാ ഥാപ്പര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത് വരെ എനിക്ക് ഭാവനയില്‍ മാത്രം നിലനിന്നിരുന്ന ഒരു സ്ഥലവും ഒരു ഐതിഹാസിക സാമ്രാജ്യവും അനേകം സ്മരണകളുണര്‍ത്തുന്ന ഒരു ശബ്ദവുമായിരുന്ന അയോധ്യ, ഇപ്പോള്‍ ഇന്ത്യയുടെ ഭൂപടത്തിലെ ഒരു വെറും സ്ഥലമായി ചുരുങ്ങി. രാമജന്മസ്ഥാനത്തെ ഇത്തരേന്ത്യയിലെ ഒരു ചെറുപട്ടണമായി കാണാന്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് എന്റെ ഭൂമിശാസ്ത്രം വീണ്ടും പഠിക്കേണ്ടിവന്നു.
(“വയനാടന്‍ രാമായണം” എന്ന
ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍)